ചെറുതോണി: മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 40 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ നടപടിയായി. മേയ് ആദ്യവാരം ഇടുക്കിയിലെത്തുന്ന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സ്ഥലം ഏറ്റെടുക്കും.
ഇടുക്കിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനുള്ള ഉത്തരവ് മാര്‍ച്ച് 24 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍അതോറിറ്റി, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുദ്യോഗസ്ഥരുമായി അധികൃതര്‍ ചര്‍ച്ച നടത്തി.
അടിസ്ഥാന സൗകര്യത്തിന് റോഡ് വികസനം, ജല ലഭ്യത, വൈദ്യുതി എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒരുമാസത്തിനകം വേണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ പ്രതിദിനം ഏഴുലക്ഷം ലിറ്റര്‍ വെള്ളം വേണ്ടിവരുമെന്നാണ് കണക്ക്. ജലലഭ്യത സംബന്ധിച്ച സര്‍വേ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതി വകുപ്പിനെ ചുമതലപ്പെടുത്തി. വൈദ്യുതി ലഭ്യമാക്കാന്‍ നിര്‍ദിഷ്ട സ്ഥലത്ത് സബ്സ്റ്റേഷന്‍ പണിയുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
നിര്‍മാണത്തിനാവശ്യമായ പാറ, മണ്ണ് എന്നിവ നിര്‍ദിഷ്ട സ്ഥലത്ത് നിന്ന് തന്നെ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ പദ്ധതിയില്‍തന്നെ ഉള്‍പ്പെടുത്തി റോഡ് വികസനം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ ചുമതലപ്പെടുത്തി. കൊച്ചി,പരിയാരം മെഡിക്കല്‍ കോളജുകളുടെ പ്രോജക്ട് ഓഫിസറായിരുന്ന പി.ജി.ആര്‍. പിള്ളയെ ഇടുക്കി മെഡിക്കല്‍ കോളജിന്‍െറ സ്പെഷല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹം പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന് ശേഷമാണ് അനുമതി ഉത്തരവിറങ്ങിയത്.പ്രോജക്ട് ഡിസൈന്‍ ചെയ്യാനുള്ള ചുമതല കിഡ്കോക്കാണ് നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളജ് ആരംഭിക്കണമെങ്കില്‍ 300 ബെഡുള്ള ആശുപത്രി വേണം. ഇപ്പോള്‍ 190 ബെഡ് നിലവിലുണ്ട്. 150 കിടക്കയോട് കൂടിയ കെട്ടിടം അടിയന്തരമായി നിര്‍മിക്കും.
ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നതിനും 1200 കെ.വിയുടെ മൂന്ന് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കും. മെഡിക്കല്‍ കോളജാക്കാനുള്ള മാസ്റ്റര്‍ പ്ളാന്‍ പി.ജി.ആര്‍. പിള്ള ഒരുമാസത്തിനകം തയാറാക്കും. ജില്ലാ ആശുപത്രിയോടനുബന്ധിച്ച് രണ്ടുകോടി ചെലവില്‍ ഓപറേഷന്‍ കോംപ്ളക്സ് നിര്‍മിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന്‍െറ ഭാഗമായായിരിക്കും ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിക്കുക.
ആശുപത്രിയുടെ വേസ്റ്റ് പ്ളാന്‍റ് നിര്‍മിക്കുന്നതിന് 22 ലക്ഷം രൂപയും മലിന ജലം ചെറുതോണി ടൗണിലേക്ക് ഒഴുകാതിരിക്കാനുള്ള സ്വീപ്പേജ് പ്ളാന്‍റിന് ആറുലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടം മോടിപിടിപ്പിക്കുന്നതിന് എച്ച്.എം.സി ഫണ്ടില്‍ നിന്ന് എട്ടുലക്ഷം രൂപയും അനുവദിച്ചു. പുതുതായി ചില്‍ഡ്രന്‍സ് വാര്‍ഡ് നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2013 ജൂണ്‍ മുതല്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ളാസുകളാരംഭിക്കും. മേയ് ആദ്യവാരത്തില്‍ മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ പി.ജി.ആര്‍. പിള്ളയുടെ നേതൃത്വത്തില്‍ ഇതുവരെ എടുത്ത തീരുമാനങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗം നടക്കും. കലക്ടര്‍, ഡി.എം.ഒ, ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടര്‍, ആര്‍.ഡി.ഒ, എച്ച്.എന്‍.എല്‍ ലൈഫ് കെയര്‍ പ്രിന്‍സിപ്പല്‍, ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍