വരാനിരിക്കുന്ന ജല സ്വകാര്യവത്കരണത്തിന്റെ ദുരന്തങ്ങളെ അനാവരണം ചെയ്യുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. 'ദ ലാസ്റ്റ് ബ്ലൂ ഡ്രോപ്പ് ' എന്ന് പേരിട്ട ചിത്രം അവസാന മിനുക്ക് പണിയിലാണ്. നഗരത്തിലെ ഒരു ചേരിയിലെ ദുരിത ജീവിതങ്ങളില്‍കൂടിയാണ് കഥ വികസിക്കുന്നത്. ചേരിയിലെ പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം കിട്ടുന്നത് ഏകപൊതുടാപ്പില്‍ കൂടിയാണ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ടാപ്പില്‍കൂടിയുള്ള കുടിവെള്ള വിതരണം നിലക്കുന്നു. ചേരിയിലെ ജീവിതങ്ങള്‍ ഇതോടെ ദുസ്സഹമായ അവസ്ഥയിലാകുന്നു. ഇവിടെയുള്ള ചിത്രകാരനായ ഒരുബാലന്റെ ചിത്രംവരയെപ്പോലും കുടിവെള്ള ക്ഷാമം വിഷമിപ്പിക്കുന്നു. ഊണിന് പകരം ബ്രഡും കുടിക്കാനും പ്രാഥമിക സൗകര്യങ്ങള്‍ക്കും മിനറല്‍വാട്ടറും വരുന്നതോടെ വെള്ളം ഏറ്റവും വിലപിടിച്ച വസ്തുവായി മാറുകയാണ്. മാതാപിതാക്കള്‍ നല്‍കിയ കുപ്പിവെള്ളത്തില്‍ നിന്ന് അവന്‍ ആരുമറിയാതെ ശേഖരിക്കുന്ന ഒരിറ്റ് വെള്ളം ചിത്രംവരക്കാനുള്ള നിറക്കൂട്ടൊരുക്കാനാണ്. എന്നാല്‍ ചേരിയിലെ ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളില്‍ ദാഹം അകറ്റാനായി അവന്‍ നല്‍കുകയാണ ് ആ വെള്ളത്തുള്ളികള്‍.
നിലവിലെ കുടിവെള്ളത്തിന്വേണ്ടിയുള്ള മുറവിളികളെയും പോര്‍വിളികളെയും വിദഗ്ധമായി വരച്ചുകാട്ടുന്ന ഈ ചിത്രം ഹൈമാരാമം ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീലാല്‍ ഹൈമാരാമം നിര്‍മാണവും റിയാസ് കെ. എം സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. രചന എം. ഷാഹുല്‍ഹമീദ്. കാമറ സുനില്‍ കൈമനം. എഡിറ്റിങ് അയൂബ്ഖാന്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍