കുവൈത്ത് സിറ്റി: ജഹ്റയിലെ ഉപയോഗംകഴിഞ്ഞ ടയറുകളുടെ വന്‍ കൂമ്പാരത്തില്‍ ആളിപ്പടര്‍ന്ന തീ അണച്ചു. തീ പൂര്‍ണമായും കെടുത്തിയതായി കുവൈത്ത് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റ് (കെ.എഫ്.എസ്.ഡി) അധികൃതരാണ് അറിയിച്ചത്.
വിവിധ വിഭാഗങ്ങള്‍ ഏകോപിച്ചുകൊണ്ടുള്ള ഭഗീരഥ യത്നത്തിലൂടെ ബുധനാഴ്ച രാത്രിയോടെ തീ പൂര്‍ണമായും അണച്ചതായി കെ.എഫ്.എസ്.ഡി പബ്ളിക് റിലേഷന്‍ ആന്‍റ് മീഡിയ ഡയറക്ടര്‍ കേണല്‍ ഖലീല്‍ അല്‍ ആമിര്‍ ആണ് വ്യക്തമാക്കിയത്. കത്താത്ത ടയറുകള്‍ വേര്‍തിരിച്ച് മാറ്റിയും മണ്ണില്‍ മൂടിയും തീ പടരാതെ സൂക്ഷിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത പുക മൂലം ശ്വാസതടസ്സം അനുഭവപ്പെട്ട പത്ത് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് (ഇ.എം.എസ്) ഡയറക്ടര്‍ ജനറല്‍ ഡോ. ഫൈസല്‍ അല്‍ ഗാനിം പറഞ്ഞു.
അതിനിടെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനിച്ചു. കത്താതെ ബാക്കിയായ ടയറുകള്‍ ശേഖരിക്കാന്‍ സാല്‍മി ഏരിയയില്‍ ആറു കേന്ദ്രങ്ങള്‍ തുറക്കാനാണ് മുനിസിപ്പല്‍ കൗണ്‍സില്‍ സാങ്കേതിക സമിതി തീരുമാനിച്ചിരിക്കുന്നത്.
ജഹ്റ സിറ്റി, സഅദ്് അബ്ദുല്ല എന്നിവിടങ്ങളില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി റഹിയ ഏരിയയില്‍ പരന്നുകിടക്കുന്ന പഴയ ടയറുകളുടെ വന്‍മലക്ക് ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് തീപ്പിടിച്ചത്. ടയറുകളായതിനാല്‍ അതിവേഗത്തില്‍ തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം പ്രദേശം കനത്ത പുകയില്‍ മുങ്ങിയിരുന്നു. നിരവധി ഫയര്‍ സ്റ്റേഷനുകളിലെ ഫയര്‍ എഞ്ചിനുകളും നാഷണല്‍ ഗാര്‍ഡ്, സൈന്യം, കുവൈത്ത് ഓയില്‍ കമ്പനി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനസേനയും നടത്തിയ കഠിന പരിശ്രമത്തിന് ശേഷം അര്‍ധരാത്രിയോടെയാണ് തീ അണക്കാനായത്.
ജഹ്റയിലെ ടയര്‍മലയെ കുറിച്ചും അത് പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്നതിനെ കുറിച്ചും രണ്ടാഴ്ച മുമ്പ് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 50 ലക്ഷം ടയറുകള്‍ ജഹ്റയിലെ ശേഖരത്തില്‍ ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ എത്രയെണ്ണം തീപ്പിടിത്തില്‍ ചാമ്പലായി എന്ന് വ്യക്തമല്ല. കാലങ്ങളായി രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം ഓടിച്ചുവന്ന വാഹനങ്ങളുടെ ടയറുകള്‍ ഗാരേജുകളില്‍നിന്നും വര്‍ക്ക്ഷോപ്പുകളില്‍നിന്നും ബലദിയ ബോക്സുകളിലേക്കും തുടര്‍ന്ന് ഇവിടേക്കുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. വാഹനങ്ങളുടെ മറ്റ് പാര്‍ട്സുകള്‍ അങ്കാറയിലെ സ്ക്രാപ്യാഡിലേക്കാണ് പോകുന്നതെങ്കില്‍ ആര്‍ക്കും വേണ്ടാത്തതായിമാറുന്ന ടയറുകള്‍ ഭൂമിക്ക് ഭാരമായി റഹിയയിലേക്കാണ് ഒഴുകുന്നത്. മാസത്തില്‍ ശരാശരി 80, 000 ടയറുകള്‍ ഇവിടെയെത്തുന്നു എന്നാണ് കരുതപ്പെടുന്നത്.
പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തി ടയര്‍മലക്ക് തീപ്പിടിച്ചതോടെ കുവൈത്ത് മുനിസിപ്പാലിറ്റിക്കെതിരെയാണ് ചൂണ്ടുവിരലുകള്‍ നീളുന്നത്. മുനിസിപ്പാലിറ്റിയുടെ ഔദ്യാഗിക ടയര്‍ ശേഖരണ സ്ഥലമാണ് റഹിയയിലേതെങ്കിലും അവ യഥാസമയം നശിപ്പിക്കാനോ മറ്റു ഉല്‍പന്നങ്ങളാക്കി മാറ്റാനോ ഉള്ള ഒരു സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. കൂടാതെ ദിനംപ്രതി കൂടുന്ന ടയര്‍ കൂമ്പാരം കുറക്കാന്‍ വേണ്ടി മറ്റിടങ്ങളില്‍ സംവിധാനം കാണണമെന്ന ആവശ്യവും പലഭാഗത്തുനിന്നുമയര്‍ന്നിരുന്നുവെങ്കിലും ബന്ധപ്പെട്ടവര്‍ ചെവികൊണ്ടിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍