12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

അലിക്കു ശേഷം പ്രളയം..!

'നാണംകെട്ടും മന്ത്രിപ്പണി നേടിക്കൊണ്ടാല്‍, നാണക്കേടാപ്പണി തീര്‍ത്തുകൊള്ളും' എന്ന് ദോഷൈകദൃക്കുകള്‍ക്ക് പറയാം. മൂന്ന് ഭാര്യമാരെ പോറ്റുന്ന അരോഗദൃഢഗാത്രന്‍ നാലാമതൊരാളെ നിയമാനുസാരം വേള്‍ക്കുമ്പോള്‍ വധുവിനും സപത്നിമാര്‍ക്കും വിരോധമില്ലെങ്കില്‍ നാട്ടിലെ വായാടികള്‍ എന്തിന് കമന്റടിക്കണം എന്ന് നിഷ്പക്ഷമതികള്‍ക്ക് ചോദിക്കാം. മമ്മൂട്ടി രാഷ്ട്രീയത്തില്‍ ഇല്ലാത്ത സ്ഥിതിക്ക് ഒരു സുന്ദരകളേബരന്‍ മന്ത്രിയാവുന്നതില്‍ ചേലൊന്ന് വേറെയല്ലേ എന്ന് സിനിക്കുകള്‍ക്ക് പരിഹസിക്കാം. ഏതായാലും സംഗതി നടന്നു. മഞ്ഞളാംകുഴി അലി മന്ത്രിയായി.

മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുന്നതില്‍ അഭംഗിയല്ലാതെ അനൗചിത്യമില്ലെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. അത് സാധിച്ച വിധമാണ് അഭംഗി ചാര്‍ത്തുന്നത്. ലീഗിനകത്തെ വിഭാഗീയതയും വ്യക്തിവൈരാഗ്യങ്ങളും മറ്റും ഇതില്‍ എത്ര പങ്ക് വഹിച്ചുവെന്ന ചോദ്യത്തിന് ഉത്തരംപറയാന്‍ അറിയുന്നില്ല. എങ്കിലും പാണക്കാട് തങ്ങളെ കോട്ടയത്തിന് കൊണ്ടുപോയത് ഉചിതമായില്ലെന്ന് പറയാതെ വയ്യ. ഇപ്പോഴത്തെ തങ്ങള്‍ കൈകാര്യം ചെയ്ത ആദ്യത്തെ പ്രധാനപ്രശ്നമായിരുന്നു അഞ്ചാംമന്ത്രിയുടെ സത്യപ്രതിജ്ഞ. അദ്ദേഹത്തിന്റെ പ്രായോഗികപരിചയത്തിന്റെ അപര്യാപ്തത ആരോ മുതലെടുത്തു. കളി തുടങ്ങിയപ്പോള്‍തന്നെ തുറുപ്പുഗുലാനെ ഇറക്കിയാല്‍ കളി തോല്‍ക്കാന്‍ പാടില്ല എന്നത് ന്യായം. രാഷ്ട്രീയത്തില്‍ ഇങ്ങനെ ഇടംവലം തിരിയാനാവാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുതെന്ന അതിനേക്കാള്‍ വലിയ ന്യായം വിസ്മരിക്കപ്പെട്ടത് അന്യായം. അതുകൊണ്ടാണ് തങ്ങളുടെ അനുവാദം വാങ്ങി അലി പിന്മാറി നല്ല മാതൃക കാട്ടണം എന്ന് കഴിഞ്ഞയാഴ്ച പറഞ്ഞത്. മന്ത്രിയായ അലിയേക്കാള്‍ എത്രയോ വലിയ മഹാനാകുമായിരുന്നു 'ഈ സാഹചര്യങ്ങളില്‍ സമൂഹത്തിന്റെ വിശാലതാല്‍പര്യങ്ങളെക്കരുതി ഞാന്‍ പിന്മാറുന്നു' എന്ന് പറയുന്ന അലി.
ലീഗിന്റെ ആവശ്യത്തില്‍ നീതികേടൊന്നും ഇല്ല. എന്നാല്‍, അത് കൊടുക്കാനാണെങ്കില്‍ ആദ്യം തന്നെ കൊടുത്താല്‍ മതിയായിരുന്നു എന്ന് മാത്രം. ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും ലീഗ് വിട്ടുകൊടുത്തത് ഒഴികഴിവിന് പഴുതില്ലാത്ത പത്മവ്യൂഹം ചമക്കാനായിരുന്നു എന്ന് മുഖ്യമന്ത്രിയും രമേശും തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ലീഗ് മന്ത്രിമാര്‍ രാജിവെക്കുമെന്ന് പറഞ്ഞപ്പോഴെങ്കിലും കളിക്ക് ബദല്‍ കളിക്കാന്‍ ബോബനും മോളിക്കും കഴിഞ്ഞതുമില്ല; 'വേണ്ട, ഞാന്‍ രാജി വെക്കാം' എന്നുപറയാന്‍ ഉമ്മന്‍ചാണ്ടി ധൈര്യം കാണിക്കണമായിരുന്നു. പകരം ഗതികെട്ടതിനാല്‍ ഇതിനാല്‍ പുല്ല് തിന്നുകൊള്ളുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭ്യുദയകാംക്ഷികളെ നിരാശപ്പെടുത്തി.

ലീഗിന് അഞ്ചാം മന്ത്രി വരുന്നതോടെ ഏത് ആകാശമാണ് ഇടിഞ്ഞുവീഴാന്‍ ഉണ്ടായിരുന്നത്? പഴയ ചരിത്രം നോക്കാം. 1957ലെ മന്ത്രിസഭ. ആകെ അംഗസംഖ്യ പതിനൊന്ന്. തൃശൂരില്‍നിന്ന് നാലുപേര്‍. ആലപ്പുഴയില്‍നിന്ന് മൂന്നുപേര്‍. ശിഷ്ടകേരളത്തില്‍നിന്ന് നാലുപേര്‍. എവിടെയായിരുന്നു പ്രാദേശിക സന്തുലനം? ക്രിസ്ത്യന്‍ പേരുള്ളവര്‍ മൂന്ന് (ടി.വി, കെ.സി. ജോര്‍ജ്, മുണ്ടശ്ശേരി), സവര്‍ണര്‍ നാല്, മുസ്ലിം ഒന്ന് (ടി.എ. മജീദ്), പിന്നാക്കസമുദായം രണ്ട്, പട്ടികജാതി ഒന്ന്. എവിടെയായിരുന്നു സാമുദായിക സന്തുലനം? വിമോചനസമരം കഴിഞ്ഞ് അധികാരമേറ്റ അടുത്ത മന്ത്രിസഭയിലും ഒരു സന്തുലനവും കാണാനില്ല. പട്ടംതാണുപിള്ള എന്ന നായരും കുഞ്ഞ് എന്ന മുസ്ലിമും ചന്ദ്രശേഖരന്‍ എന്ന അമ്പലവാസിയും മന്ത്രിമാരായത് ജാതിക്കണക്കിലല്ല. ആര്‍. ശങ്കറും പി.ടി. ചാക്കോയും പി.പി. ഉമ്മര്‍കോയയും വി.കെ. വേലപ്പനും മന്ത്രിമാരായതും ജാതിക്കണക്കിലല്ല. വി.എസ് നയിച്ച ഇ.ജ.മു. മന്ത്രിസഭയില്‍ പോലും സന്തുലനവും പ്രാതിനിധ്യവും കണക്കനുസരിച്ചായിരുന്നില്ലല്ലോ.
ഇപ്പോഴത്തെ മന്ത്രിസഭയില്‍ തന്നെ കെ.സി. ജോസഫും ആര്യാടന്‍ മുഹമ്മദും ജാതിക്കണക്കില്‍ വന്നവരാണോ? മാണിയും ജോസഫും ബാലകൃഷ്ണപിള്ളയും ഒന്നിച്ചായിരിക്കുകയും ആ കക്ഷിക്ക് രണ്ട് മന്ത്രിമാര്‍ മാത്രം ഉണ്ടായിരിക്കുകയും ആയിരുന്നെങ്കില്‍ മാണിയും പിള്ളയും ആകുമായിരുന്നില്ലേ മന്ത്രിമാര്‍? ആര്‍.എസ്.പിക്കാരനായ ഷിബുവിനെയും ജനതാദള്‍ മന്ത്രി മോഹനനെയും ജേക്കബ് ഗ്രൂപ്പിലെ അനൂപിനെയും ജാതി നോക്കിയാണോ എടുത്തത്? ശ്രേയാംസ്കുമാര്‍ മന്ത്രിയായാല്‍ ജൈനമതത്തിനുള്ള പ്രാതിനിധ്യമാവുമോ?

ആന്റണി മുഖ്യമന്ത്രിയും ബാബുജേക്കബ് ചീഫ് സെക്രട്ടറിയും തരകന്‍ ഡി.ജി.പിയും ഉമ്മന്‍ചാണ്ടി യു.ഡി.എഫ് കണ്‍വീനറും ആയിരുന്നപ്പോള്‍ ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു എല്ലാവരും ക്രിസ്ത്യാനികളായത് അസംതൃപ്തിക്ക് ഇടയാക്കുന്നുവെന്ന്. കരുണാകരന്‍ മുഖ്യമന്ത്രിയും പത്മകുമാര്‍ ചീഫ് സെക്രട്ടറിയും മധുസൂദനന്‍ ഡി.ജി.പിയും ശങ്കരനാരായണന്‍ കണ്‍വീനറും ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന അസംതൃപ്തിയേക്കാള്‍ കൂടുതലോ കുറവോ എന്ന് ചോദിച്ചപ്പോള്‍ 'നല്ല മഴക്കോളുണ്ട്. ഇക്കൊല്ലം ഇടവപ്പാതി നേരത്തേയാവും' എന്നായിരുന്നു മറുപടി. ചര്‍ച്ച പിന്നെ കാലാവസ്ഥയെക്കുറിച്ചായി.

യു.ഡി.എഫ് അധികാരത്തില്‍ വന്നത് ലീഗും ഒപ്പമുണ്ടായിട്ടാണ്. മുന്നണിക്ക് പുറത്തുള്ള ലീഗ് ദുര്‍ബലമാവുമെന്നത് ശരിതന്നെ; മ്മിണി ബല്യ ഒരു 'ബി.ജെ.പി'. മുന്നണിക്ക് പുറത്ത് കേരള കോണ്‍ഗ്രസിന് ഒന്നോ രണ്ടോ സീറ്റ് കിട്ടിയേക്കാം. ലീഗിനേക്കാള്‍ ചെറിയ മറ്റൊരു 'ബി.ജെ.പി'. അങ്ങനെ നോക്കിയാല്‍ ഭാ.ജ.പാ. ഏതെങ്കിലും മുന്നണിയില്‍ കടന്നുകൂടിയാല്‍ അവരാവില്ലേ ആ മുന്നണിയിലെ രണ്ടാംകക്ഷി ഒന്നുരണ്ട് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍? മാത്രമോ പി.ജെ. ജോസഫ് ഇ.ജ.മുവില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇത്തവണ യു.ഡി.എഫിന് അധികാരം കിട്ടുമായിരുന്നില്ലെന്നത് മറക്കാമോ?
ചുരുക്കിപ്പറഞ്ഞാല്‍ വിജയത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട വിനയവും സംയമനവും ലീഗ് പാലിക്കാതിരുന്നതാണ് പ്രശ്നം. കുഞ്ഞാലിക്കുട്ടിയുടെ വകുപ്പിന്റെ ഒരു മൂല ചെത്തി വലിയ ഒരു അലിക്കുട്ടിക്ക് കൊടുത്താല്‍ സമുദായത്തിന് എന്ത് ഗുണം, മലബാറിനും മലപ്പുറത്തിനും എന്ത് ഗുണം, ലീഗിന് മൊത്തത്തില്‍ എന്ത് ഗുണം? കുറേ ശത്രുക്കളെ പുതുതായി സൃഷ്ടിച്ചുവെന്ന് മാത്രം.

മുഖ്യമന്ത്രി വകുപ്പൊഴിഞ്ഞ ഗൗതമരാജകുമാരനാവുന്നതൊക്കെ കൊള്ളാം. കരുണാകരന്‍ രവിയുടെ വകുപ്പ് പിടിച്ചെടുത്തത് പോലെയല്ല ഈ ത്യാഗമെന്ന് സമ്മതിക്കുന്നു. എങ്കിലും മൊത്തത്തില്‍ മുഖ്യമന്ത്രിയുടെ നിസ്സഹായത തെളിയിക്കുന്നതായി സംഭവപരമ്പര. ഇനിയിപ്പോള്‍ ബാലകൃഷ്ണപിള്ള ഗണേശനെ കൂറുമാറ്റത്തില്‍ കുടുക്കാന്‍ കാത്തിരിക്കുകയായിരിക്കും മുഖ്യമന്ത്രി. അതൊന്ന് പറഞ്ഞുതീര്‍ക്കരുതോ വേഗം? പാര്‍ട്ടി ഏതായാലും കീഴൂട്ട് വിലാസമാണ്. പിന്നെ കാരണവര്‍ പറയുന്നത് ഉചിതമായ നേരത്ത് അനുസരിക്കുന്നതല്ലേ ബുദ്ധി? പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചാല്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ അതില്‍ ഇടപെടുന്നത് സൂക്ഷിച്ചുവേണം. ലീഗിന് തങ്ങളെന്നത് പോലെയാണ് ആ പാര്‍ട്ടിക്ക് ബാലകൃഷ്ണപിള്ള. ഗണേശന്‍ പോകുന്ന പക്ഷം പകരം ആ ശിവദാസന്‍നായരെ മന്ത്രിയാക്കണം. പത്തനാപുരത്തിന് പകരം പത്തനംതിട്ട. അല്ല, ശിവദാസന്‍നായര്‍ അനഭിമതനാണെങ്കില്‍ മറ്റൊരു നായരെ വെക്കണം. ഇനി ആ വിഷയവും കുളമാക്കിയിട്ടേ കര കയറൂ എന്നുണ്ടോ?
ഒരു അവസാന വാക്ക് കൂടി. സി.എന്‍. ബാലകൃഷ്ണനെ മന്ത്രിയാക്കിയത് കിളിപ്പാട്ടുകാരനായതുകൊണ്ടല്ല. ഇതുവരെ ഒരു വിശ്വകര്‍മജനോ ഗൗഡസാരസ്വതബ്രാഹ്മണനോ മന്ത്രിയായോ? ശേഷനും സുന്ദരത്തിനും ശേഷം തമിഴ്ബ്രാഹ്മണമന്ത്രിമാരും ഇല്ല. അങ്ങനെയൊക്കെ നോക്കിയാല്‍ ഇവിടെ നാല് പ്രബലസമുദായങ്ങളാണ് എന്നും ഭരിച്ചിട്ടുള്ളത് എന്ന് കാണാം. നായര്‍, ഈഴവന്‍, മുസ്ലിം, സുറിയാനി ക്രിസ്ത്യാനി. ക്രിസ്ത്യാനികളില്‍ എണ്ണത്തില്‍ കൂടിയ ലത്തീന്‍കാരനെ അടുപ്പിക്കുന്നില്ല താനും. ഈ നാല് കൂട്ടരുടെ ഞാനോ നീയോ എന്ന തര്‍ക്കം ആണ് അലി വിഷയത്തിലും തെളിഞ്ഞത്. അത് ഇത്ര വഷളാക്കിയത് അലിയുടെ അഭ്യുദയകാംക്ഷികളാണുതാനും.

ന കശ്ചിദപി ജാനാതി
കിം കസ്യ ശ്വോ ഭവിഷ്യതി
അതഃ ശ്വഃ കരണീയാനി
കുര്യാദ ദൈyവ ബുദ്ധിമാന്‍
എന്ന് പ്രമാണം. നാളെ ചെയ്യേണ്ടവ ഇന്ന് തന്നെ ചെയ്യുന്നവനെയാണ് ബുദ്ധിമാന്‍ എന്ന് വിളിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശും കുളംകലക്കി പരുന്തിന് കൊടുക്കാതിരുന്നാല്‍ നാടിന് കൊള്ളാം. നല്ല ഒരു സര്‍ക്കാറാണ്, അത് കളഞ്ഞുകുളിക്കരുത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com