12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ആനപ്പുറത്തിരുന്ന് വേലി പൊളിക്കരുത്

ആരാണെങ്കിലും അവകാശപ്പെട്ടത് ചോദിക്കുകതന്നെ വേണം. ആദ്യമൊക്കെ എതിര്‍പ്പുണ്ടാകും. അത് സ്വാഭാവികം. തികച്ചും അര്‍ഹതപ്പെട്ടതാണെങ്കിലോ? എതിര്‍ക്കുന്നവര്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അങ്ങനെവരുമ്പോള്‍ അവകാശം വകവെച്ചുകൊടുക്കാന്‍ എതിര്‍ ഭാഗക്കാര്‍ തയാറാവും. എന്നാല്‍, അര്‍ഹതപ്പെട്ടത് ലഭിച്ചുകഴിയുമ്പോള്‍ പിന്നെ വാലുംപൊക്കി വീമ്പിളക്കി കൊഞ്ഞനംകുത്തുന്ന ഒരുമാതിരി ഏര്‍പ്പാടുണ്ടല്ലോ, അതത്ര ശരിയല്ല. പറഞ്ഞുവന്നത് അഞ്ചാംമന്ത്രിക്കാര്യം തന്നെ. അഞ്ചാംമന്ത്രി അര്‍ഹതപ്പെട്ടതാണ് എന്നത് ശരിയാണ്. ചോദിച്ചുവാങ്ങേണ്ട സമയത്ത് അതിനു മുതിരാതെ പിന്നേക്ക് അടവെച്ചതാണ് ചീമുട്ടയായി നാറാന്‍ വഴിവെച്ചത്.
ഉടുത്തത് മലിനമാക്കുന്നതിന് സമാനം വഷളാകാതിരിക്കാന്‍ ഒടുവില്‍ അഞ്ചാംമന്ത്രി ഒപ്പിച്ചെടുത്ത ശേഷം ആനപ്പുറത്തിരുന്ന് വേലിപൊളിക്കുന്ന ഏര്‍പ്പാടല്ലേ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത്. വാങ്ങിയെടുത്തതിന്‍െറ സന്തോഷംകൊണ്ടുമാത്രമല്ല, അഹങ്കാരം മൂത്തപ്പോള്‍ ഒപ്പം നില്‍ക്കുന്നവര്‍ക്കുനേരെയായി ആട്ടും തുപ്പും അസഭ്യവും.
ഈ പുകിലുപറച്ചില്‍ കേട്ടാല്‍തോന്നും അഞ്ചാം മന്ത്രിയായയാള്‍ ജനനായകനായത് ആഹ്ളാദംകൊണ്ട് അഹങ്കരിക്കുന്നവരുടെ മാത്രം മിടുക്കുകൊണ്ടാണെന്ന്. ഒപ്പംനിന്നവര്‍ തലങ്ങുംവിലങ്ങും കുന്നുംമലയും കയറിയിറങ്ങി വിയര്‍പ്പൊഴുക്കിയിട്ടുകൂടിയാണ് അഞ്ചാം മന്ത്രിക്ക് ജനനായകനാകാന്‍ അവസരമുണ്ടായത് എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല.
രാഷ്ട്രീയത്തില്‍ ചില കൊള്ളക്കൊടുക്കലുകളുണ്ടാവും. നഷ്ടങ്ങളും നേട്ടങ്ങളും എല്ലാവര്‍ക്കും എന്നും ഒരുപോലെയുമാകില്ല എന്ന പാഠം ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കാണുന്നതാണല്ലോ. സന്തോഷം വരുമ്പോള്‍ അത് പ്രകടിപ്പിക്കുകയാവാം. ഇവയില്‍ മിതത്വവും മറ്റുള്ളവരോട് ബഹുമാനവും കാട്ടാനുള്ള സന്മനസ്സുണ്ടാവേണ്ടത് രാഷ്ട്രീയ മര്യാദയാണ്. സ്റ്റഡി ക്ളാസിലും പഠനക്യാമ്പിലും ഉപദേശിക്കാന്‍ മാത്രമുള്ളതല്ല, പ്രവൃത്തിയില്‍ വരുത്താവുന്നതുമാണ് ഇത്തരം മര്യാദകള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com