‘ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പാടുന്നുണ്ടെങ്കിലും ഇതില്‍ ഏറ്റവും കടുപ്പമുള്ളതായി തോന്നിയത് മലയാളമാണ്. ചില അക്ഷരങ്ങള്‍ ഉച്ചരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതേസമയം, മലയാളം മനോഹരമാണ്; കേരളം പോലെ’-ഹിറ്റ് ഗാനങ്ങളിലൂടെ ജനപ്രിയ ഗായികയായ ശ്രേയ ഘോഷാല്‍ പറഞ്ഞു.
പിന്നെങ്ങനെ ഇത്ര നന്നായി പാടി കേരളത്തിലെ ജനങ്ങളുടെ ‘ഖല്‍ബിലെത്തി’യെന്ന ചോദ്യത്തിന് മറുപടി പൊട്ടിച്ചിരിയായിരുന്നു. ഇത് ദൈവത്തിന്‍െറ അനുഗ്രഹമാണെന്ന് പറഞ്ഞ ശ്രേയ, ഏറെ ജനപ്രിയമായ അന്‍വര്‍ എന്ന ചിത്രത്തിലെ ‘കിഴക്കുപൂക്കും...’ എന്ന ഗാനത്തിന്‍െറ ആദ്യ ഭാഗം പാടുകയും ചെയ്തു. അബൂദബി നാഷനല്‍ തിയറ്ററില്‍ കഴിഞ്ഞ ദിവസം നടന്ന മേളയില്‍ പങ്കെടുത്ത ശ്രേയ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
ഹിന്ദി, കന്നട, തമിഴ്, മറാത്തി, തെലുങ്ക്, ഒഡിയ, ഗുജറാത്തി, ബംഗാളി, ആസാമിസ് ഭാഷകളിലും ഇംഗ്ളീഷിലും പാടാന്‍ സാധിച്ചു. ഹിന്ദിയെയും മറ്റും അപേക്ഷിച്ച് മലയാളത്തില്‍ കുറച്ച് മാത്രമേ പാടിയുള്ളൂവെങ്കിലും കേരളത്തിലെ ജനങ്ങള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചതില്‍ ഏറെ സന്തോഷമുണ്ട്. പല സന്ദര്‍ഭങ്ങളിലും ഇത് മനസ്സിലായി. വളരെ ചുരുങ്ങിയ സമയത്തിനകം ഏറ്റവും കൂടുതല്‍ അംഗീകാരവും സംതൃപ്തിയും ലഭിച്ചത് മലയാളത്തിലാണ്. കഠിനാധ്വാനം ചെയ്താണ് മലയാളത്തില്‍ പാടുന്നത്. ആദ്യം ഹിന്ദിയില്‍ എഴുതി പഠിക്കും. ഏറ്റവും വഴങ്ങുന്ന ഭാഷയാണ് ഹിന്ദി.
ഇങ്ങനെ പല തവണ പാടി പരിശീലിക്കുന്നതിനിടെയുണ്ടാകുന്ന തെറ്റുകള്‍ സംഗീത സംവിധായകര്‍ ചൂണ്ടിക്കാട്ടും. അവരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പാലിച്ച് പരിശ്രമം അവസാന ഘട്ടത്തിലെത്തുമ്പോഴാണ് മലയാള ഗാനങ്ങളുണ്ടാകുന്നത്. വാക്കുകളുടെ അര്‍ഥം ചോദിച്ച് മനസ്സിലാക്കിയാണ് പാടുന്നത്. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍െറ സഹായം ഒരിക്കലും വിസ്മരിക്കാനാവില്ല. തന്‍െറ കുടുംബം സംഗീത രംഗത്തുള്ളവരല്ല. ദൈവാനുഗ്രഹം കൊണ്ടാണ് ഈ നേട്ടങ്ങള്‍’-ശ്രേയ ഘോഷാല്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍