ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജ് ആയുസ്സിലൊരിക്കല്‍ മാത്രമാക്കി പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് നയത്തില്‍ സമൂലമായ മാറ്റംവരുത്തി. പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ പോകുന്ന ഹജ്ജ് പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിച്ചുരുക്കുമെന്നും അഡ്വ. ഹാരിസ് ബീരാന്‍ മുഖേന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സുതാര്യമായ ഹജ്ജ് നയത്തിന് കേന്ദ്ര സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കി ഹജ്ജ് നയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ നല്‍കിയ കേസ് പൊതുതാല്‍പര്യ ഹരജിയാക്കി മാറ്റിയ സുപ്രീംകോടതി പുതിയ നയം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞമാസം നിര്‍ദേശം നല്‍കുകയായിരുന്നു. ഒരു തവണ ഹജ്ജ് ചെയ്തയാള്‍ക്കും അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് അപേക്ഷിക്കാമെന്ന വ്യവസ്ഥ മാറ്റിയാണ് ജീവിതത്തില്‍ ഒരു തവണ മാത്രം സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് പോകാന്‍ അനുവദിക്കൂ എന്ന നിലപാട് കേന്ദ്രം സ്വീകരിച്ചത്. ഇത് കൂടാതെ നാലാമത്തെ പ്രാവശ്യം അപേക്ഷിക്കുന്നവര്‍ക്ക് നറുക്കെടുപ്പില്ലാതെ സീറ്റ് അനുവദിക്കും. അതേസമയം, സബ്സിഡിയുടെ കാര്യത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നയവും പുതുതായി കൊണ്ടുവരാനുദ്ദേശിക്കുന്ന നയവും വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിലപാട് മാറ്റത്തെക്കുറിച്ച് സത്യവാങ്മൂലത്തില്‍ സൂചനയില്ല. 2010ല്‍ ഒരു ഹാജിക്ക് 47,675 രൂപ ടിക്കറ്റിന് ചെലവ് വന്നപ്പോള്‍ 2011ല്‍ ഇത് 54,800 രൂപയായിരുന്നുവെന്ന് സത്യവാങ്മൂലത്തിലുണ്ട്. ഹാജിമാരുമായി പോകുന്ന വിമാനം കാലിയായി തിരിച്ചുവരണമെന്ന് സൗദി അധികൃതര്‍ വ്യവസ്ഥ വെച്ചതുകൊണ്ടാണ് വിമാനനിരക്കില്‍ ഇത്രയും വര്‍ധനയുള്ളതെന്നും അല്ലെങ്കില്‍ 25,000 രൂപ മാത്രമേ അങ്ങോട്ടുമിങ്ങോട്ടും ഒരു ഹാജിക്ക് വരുമായിരുന്നുള്ളൂവെന്നും കേന്ദ്രം പറയുന്നു. അതിനാല്‍ ഹാജിയില്‍നിന്ന് അധികം വാങ്ങുന്നത് സര്‍ക്കാര്‍ നല്‍കുന്ന രീതിയാണ് സബ്സിഡിയില്‍ അവലംബിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
1967 മുതല്‍ ഇന്ത്യയില്‍നിന്ന് ഹജ്ജ് സൗഹൃദ സംഘം പോകുന്നുണ്ടെന്നും ഹാജിമാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവ സൗദി അറേബ്യന്‍ അധികൃതരുടെ ശ്രദ്ധയില്‍കൊണ്ടുവരാനുമാണ് ഇത്തരമൊരു സംഘത്തെ അയക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ വര്‍ഷങ്ങളില്‍ ഹാജിമാര്‍ക്കുള്ള സേവനം മെച്ചപ്പെടുത്താനുതകുന്ന തരത്തില്‍ ഓരോ വര്‍ഷവും ഈ സൗഹൃദസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു. ഹജ്ജ് സൗഹൃദസംഘത്തിലെ അംഗങ്ങളുടെ എണ്ണം പത്തിരട്ടിയായി വര്‍ധിച്ചുവെന്ന് കേന്ദ്രം സമര്‍പ്പിച്ച കണക്കുകള്‍ കാണിക്കുന്നു. 1967ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മൂന്ന് പേരായിരുന്നു സൗഹൃദസംഘത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ഹജ്ജിന് പോയിരുന്നതെങ്കില്‍ ഇപ്പോള്‍ 30നടുത്ത ആളുകള്‍ പോകുന്നുണ്ട്. ഇവരുടെ എണ്ണം മേലില്‍ സംഘത്തലവന്‍ അടക്കം പത്തായി ചുരുക്കാമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. കോടതി ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ 10 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപോയ ഹജ്ജ് സൗഹൃദ സംഘത്തിലെ മുഴുവന്‍ ആളുകളുടെയും പേരുവിവരങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സത്യവാങ്മൂലത്തോടൊപ്പമുള്ള അനുബന്ധപട്ടികയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.
11,000 സീറ്റുകളാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ വെക്കുക. ഇതില്‍ 3,061 സീറ്റുകള്‍ കേന്ദ്ര സര്‍ക്കാറും 500 സീറ്റുകള്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റിയും സ്വന്തം നിയന്ത്രണത്തില്‍ വെക്കും. ഇത് കൂടാതെ തീര്‍ഥാടകരെ പരിചരിക്കാനുള്ള ഹജ്ജ് വളന്റിയര്‍മാര്‍ക്ക് 300ഉം സൗദി നിയമപ്രകാരം സ്ത്രീകള്‍ സുരക്ഷിതത്വത്തിനായി കൊണ്ടുപോകുന്ന പുരുഷന്മാര്‍ക്ക് 400ഉം ബൊഹ്റ സമുദായത്തിന് 2500ഉം പ്രത്യേക പരിഗണന നല്‍കി ജമ്മു-കശ്മീരിലുള്ളവര്‍ക്ക് നല്‍കുന്ന 1500ഉം ലക്ഷദ്വീപുകാര്‍ക്ക് നല്‍കുന്ന 239ഉം കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതലായി നല്‍കുന്നതിന് 2500ഉം സീറ്റുകള്‍ മാറ്റിവെക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍