|
ഐ ലീഗില്‍ നിര്‍ണായക പോരാട്ടങ്ങള്‍
![]() കൊല്‍ക്കത്ത/മഡ്ഗാവ്: ഐ ലീഗ് ഫുട്ബാളില്‍ അടുത്ത രണ്ടു ദിവസങ്ങള്‍ നിര്‍ണായക പോരാട്ടങ്ങള്‍ക്ക് വേദിയാവും. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളില്‍ 14 ടീമുകളും മാറ്റുരക്കുമ്പോള്‍ മുന്‍നിര സ്ഥാനങ്ങള്‍ മാറിമറിയാന്‍ സാധ്യത ഏറെയാണ്. 23 കളികളില്‍ 50 പോയന്റുമായി ഡെംപോ സ്പോര്‍ട്സ് ക്ളബാണ് നിലവില്‍ ഒന്നാമത്. രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുമെന്ന് ഉറപ്പായ എച്ച്.എ.എല്‍ ബാംഗ്ളൂരും 11ാം സ്ഥാനത്തുള്ള മുംബൈ എഫ്.സിയും തമ്മില്‍ ഇന്ന് മാറ്റുരക്കും. 23 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാംഗ്ളൂര്‍ ടീം എട്ട് പോയന്റുമായി ഏറ്റവും പിറകിലാണ്. മുംബൈക്ക് 24 കളികളില്‍ 21 പോയന്റാണുള്ളത്. ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള പൈലന്‍ ആരോസ് ഇന്ന് എയര്‍ ഇന്ത്യയെ നേരിടും. ഫെഡറേഷന്റെ ടീമായതിനാല്‍ ഒമ്പത് പോയന്റുമായി 13ാം സ്ഥാനത്തുള്ള ആരോസിന് രണ്ടാം ഡിവിഷനിലേക്ക് മാറേണ്ടിവരില്ല. 24 കളികളില്‍ 29 പോയന്റുമായി ഒമ്പതാമതാണ് എയര്‍ ഇന്ത്യ. കരുത്തരായ സാല്‍ഗോക്കറും മോഹന്‍ബഗാനും തമ്മിലാണ് ഇന്നത്തെ മൂന്നാം മത്സരം. പരിക്കിന്റെ പിടിയിലമര്‍ന്ന സാല്‍ഗോക്കറിന് ഇക്കുറി കിരീടം നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. 22 കളികളില്‍ 39 പോയന്റുമായി ഇപ്പോള്‍ ആറാമതുള്ള ടീം ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാല്‍ ആദ്യ മൂന്നില്‍ കയറാമെന്ന പ്രതീക്ഷയിലാണ്. 24 കളികളില്‍ 43 പോയന്റുമായി ബഗാന്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. കൊല്‍ക്കത്തയില്‍ കേരള ടീമായ ചിരാഗ് യുനൈറ്റഡ് ക്ളബ് നാളെ ശക്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. 22 കളികളില്‍ 17 പോയന്റുമായി 12ാമതുള്ള ചിരാഗ് തരംതാഴ്ത്തല്‍ ഉറപ്പിച്ചിരിക്കുകയാണ്. ജയത്തോടെ ആദ്യ മൂന്നില്‍ ഇടംപിടിക്കാനാണ് നിലവില്‍ 22 മത്സരങ്ങളില്‍ 41 പോയന്റുമായി നാലാംസ്ഥാനത്ത് നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിന്റെ ശ്രമം. നാളത്തെ മറ്റു മത്സരങ്ങളില്‍ ഷില്ലോങ് ലജോങ് എഫ്.സി, പ്രയാഗ് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ക്ളബ് ഗോവ, ഡെംപോ സ്പോര്‍ട്സ് ക്ളബിനെയും പുണെ എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്സിനെയും നേരിടും. ഇന്ന് നാളെ
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍