അടൂര്‍: അടൂര്‍ നഗരസഭാ കാര്യാലയം പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. അടൂര്‍ പഞ്ചായത്തായിരുന്നപ്പോള്‍ 1968ല്‍ ഉദ്ഘാടനം ചെയ്ത മന്ദിരമാണ് ഇപ്പോഴുള്ളത്. ഭിത്തി തകര്‍ന്ന് ഇടിഞ്ഞുവീഴാറായ കാര്യാലയത്തില്‍നിന്ന് മൂന്ന് വിഭാഗങ്ങള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമുണ്ടായെങ്കിലും നടപ്പായില്ല. 2011 ജൂണിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. എന്‍ജിനീയറിങ്, ആരോഗ്യം, എസ്റ്റാബ്ളിഷ്മെന്‍റ്് വിഭാഗങ്ങളാണ് 200 മീറ്റര്‍ അകലെയുള്ള ശ്രീമൂലം ചന്ത ഷോപ്പിങ് കോപ്ളക്സിലെ രണ്ടാം നിലയിലേക്ക് മാറ്റാന്‍ നിശ്ചയിച്ചത്. ജീര്‍ണിച്ച കെട്ടിടത്തില്‍നിന്ന് ഈ വിഭാഗങ്ങള്‍ മാറ്റണമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം നഗരസഭാ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടൂര്‍ പഞ്ചായത്തോഫിസ് പ്രവര്‍ത്തിച്ചിരുന്ന രണ്ട് നിലയുള്ള പഴയ കെട്ടിടത്തിലാണ് നഗരസഭാ കാര്യാലയം പ്രവര്‍ത്തിക്കുന്നത്. 1965ല്‍ ഒന്നാം നിലയും നഗരസഭ ആയതിനു ശേഷം രണ്ടാം നില പണിയുകയായിരുന്നു. നാലുവശത്തെയും ഭിത്തികള്‍ വിണ്ടുകീറി ആല്‍ വളര്‍ന്ന് കെട്ടിടം അപകടഭീഷണിയിലാണ്. എന്‍ജിനീയറിങ് വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് ഭിത്തി കൂടുതല്‍ തകര്‍ന്നത്. താഴത്തെ നിലയിലാണ് ജനസേവനകേന്ദ്രം, ജനറല്‍ വിഭാഗം, ആരോഗ്യവിഭാഗം, ജനന-മരണ രജിസ്ട്രേഷന്‍, കാഷ്യര്‍, റവന്യൂ ഇന്‍സ്പെക്ടര്‍, സ്റ്റോര്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്. ഹാളില്‍ രണ്ട് സൂപ്രണ്ടുമാരും അര ഡസനിലേറെ ക്ളര്‍ക്കുമാരും തിങ്ങിഞെരുങ്ങിയിരിക്കുന്നു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇരിക്കുന്നിടത്തുതന്നെയാണ് ബ്ളീച്ചിങ് പൗഡറും മറ്റും സൂക്ഷിക്കുന്ന സ്റ്റോര്‍. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരുടെ മുറികളും കൗണ്‍സില്‍ ഹാളും മുകളിലത്തെ നിലയിലാണ്.
കേരള വികസന പദ്ധതി വിഭാഗം, എന്‍ജിനീയറിങ്, ടൗണ്‍ പ്ളാനിങ് വിഭാഗങ്ങള്‍ എന്നിവയും മുകള്‍ നിലയിലാണ്. വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് നില്‍ക്കാനും ഇരിക്കാനും വേണ്ടത്ര ഇടമില്ല. അലമാരകള്‍ വേണ്ടത്രയില്ല. ഉള്ളവ വെക്കാന്‍ സ്ഥലവുമില്ല.
വൈദ്യുതി ഇല്ലാതായാല്‍ മുറികളില്‍ പകലും ഇരുട്ടാകും. സമീപത്തെ പാതയിലൂടെ വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കെട്ടിടം കുലുങ്ങും.
വെള്ളം മുറികളില്‍ കയറുമെന്നതിനാല്‍ മഴക്കാലമാകുമ്പോള്‍ ഇരിപ്പിടങ്ങള്‍ മാറ്റും. കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ഇവിടെ ഇടമില്ല.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും വളപ്പില്‍ സ്ഥലമില്ല. 2007ല്‍ നഗരസഭാ കാര്യാലയം മോടിപിടിപ്പിച്ചിരുന്നു. തറയില്‍ ടൈല്‍ ഒട്ടിച്ച് ചുമരില്‍ ചായം പൂശുകയാണ് ചെയ്തത്.
റവന്യൂ വകുപ്പിന്‍െറ അധീനതയിലെ ശ്രീചിത്തിര ടൗണ്‍ ഹാളും പണി തീരാത്ത ഇ.വി. സ്മാരക സ്ഥലവും ഏറ്റെടുത്ത് നഗരസഭാ കാര്യാലയവും ഷോപ്പിങ് കോംപ്ളക്സും നിര്‍മിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.വാര്‍ഷിക ബജറ്റുകളില്‍ കാര്യാലയ നിര്‍മാണത്തിന് തുക വിലയിരുത്താറുണ്ടെങ്കിലും ഒന്നും നടപ്പാക്കാറില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍