ആള്‍മാറാട്ടവും പ്രച്ഛന്നവേഷമല്‍സരവും തുടരട്ടെ!

ആള്‍മാറാട്ടവും പ്രച്ഛന്നവേഷമല്‍സരവും തുടരട്ടെ!

മലയാള സിനിമയിലെ അപാര ധിഷണാശാലികളാണ് ഉദയകൃഷ്ണയും സിബി കെ. തോമസും. നമ്മുടെ ചലച്ചിത്ര നിരൂപകരോ ചിന്തകരോ വര്‍ഷാവര്‍ഷം സിനിമക്ക് അവാര്‍ഡുകൊടുക്കുന്ന സര്‍ക്കാറോ അവരുടെ ബുദ്ധിസാമര്‍ഥ്യത്തെ വേണ്ടവിധം കണ്ടറിഞ്ഞ് അംഗീകരിച്ചിട്ടില്ല. അത് ചരിത്രപരമായ അനീതിയാണെന്ന് പറയാതെ വയ്യ. കാരണം, 1997 മുതല്‍ പതിനഞ്ചുവര്‍ഷത്തോളമായി അവര്‍ സജീവമായ സാന്നിധ്യമറിയിക്കുന്നു. മാട്ടുപ്പെട്ടി മച്ചാന്‍, അമ്മ അമ്മായിയമ്മ,മൈഡിയര്‍ കരടി,മലയാളിമാമനു വണക്കം, തുറുപ്പുഗുലാന്‍,കൊച്ചിരാജാവ് തുടങ്ങി പേരുകൊണ്ടു തന്നെ നിലവാരം വെളിപ്പെടുത്തുന്ന നിരവധി സിനിമകള്‍ക്ക് അവര്‍ തിരക്കഥയൊരുക്കിയിട്ടുണ്ട്. ഈ സിനിമകള്‍ കണ്ടാല്‍ അവര്‍ ബുദ്ധിശാലികളാണെന്ന് ആരും തെറ്റിദ്ധരിക്കില്ലെന്നത് നേരു തന്നെ. പക്ഷേ സിനിമയിലല്ല അവരുടെ ബുദ്ധിയുടെ കിടപ്പ്. പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന ബുദ്ധിമാന്മാരാണ് ഇരുവരും. തങ്ങള്‍ മണ്ടന്മാരാണെന്ന തികഞ്ഞ ബോധ്യത്തോടെയാണ് പ്രേക്ഷകര്‍ അവരുടെ സിനിമകള്‍ കാണാന്‍ പോവുന്നത്. രണ്ടു രണ്ടര മണിക്കൂര്‍ മണ്ടന്മാരായി കണ്ടുനിന്നതിലുള്ള ചാരിതാര്‍ഥ്യത്തോടെയാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുക.


സാമാന്യബുദ്ധി, യുക്തിബോധം, കാര്യകാരണവിവേചനശേഷി എന്നിവ വീട്ടില്‍ വെച്ചിട്ട് തങ്ങളുടെ സിനിമ കാണാന്‍ പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കുന്നിടത്താണ് ഇവരുടെ മിടുക്ക് പ്രകടമാവുന്നത്. തറട്ടിക്കറ്റ് സിനിമകള്‍ എന്ന് ഇവരുടെ രചനകളെ ഓണ്‍ലൈന്‍ ബുജികള്‍ അധിക്ഷേപിക്കുന്നത് കാര്യമാക്കേണ്ടതില്ല. ബാല്‍ക്കണിയിലെ ഉന്നതമധ്യവര്‍ഗപ്രേക്ഷകരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച രചനകള്‍ നടത്താന്‍ ഇവര്‍ക്ക് കഴിയാഞ്ഞിട്ടല്ല. ബുദ്ധിവികാസത്തിനായി സന്തോഷ് ബ്രഹ്മി വാങ്ങാന്‍ ക്രയശേഷിയില്ലാത്ത കീഴാളവര്‍ഗത്തോടുള്ള അനുതാപംകൊണ്ടാണ് ഇരുവരും ഇത്തരം സിനിമകള്‍ ചെയ്യുന്നത്. അടിസ്ഥാനവര്‍ഗത്തോടുള്ള ഈ ആഭിമുഖ്യത്തിന്റെ പേരില്‍ ഇടതുപക്ഷപൊതുബോധം പങ്കുവെക്കുന്ന കേരളം ഇവരോട് കടപ്പെട്ടിരിക്കണം. പ്രേക്ഷകരെ ആവോളം വിനോദിപ്പിക്കുന്നതുകൊണ്ട് ഇവരുടെ ചിത്രങ്ങള്‍ക്ക് വിനോദനികുതി അധികമായി ഈടാക്കണമെന്ന് സര്‍ക്കാറിന് തോന്നാത്തത് കീഴാളപ്രേക്ഷകരുടെ ഭാഗ്യം. കീഴാളര്‍ എന്ന് ഇവിടെ വിവക്ഷിക്കുന്നത് തിയറ്ററില്‍ കീഴില്‍ ഇരിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ്. സാധാരണപ്രേക്ഷകര്‍ എന്ന സംവര്‍ഗത്തില്‍ സിബി ഉദയന്‍ ടീമുള്‍പ്പെടെയുള്ള സിനിമക്കാര്‍ കാണുന്നത് ബാല്‍ക്കണിക്കു കീഴിലുള്ള പ്രേക്ഷകരെയാണ്.സി ക്ളാസ് തിയറ്റര്‍ വരെ നീളുന്ന ഒരു പ്രേക്ഷകനിരയെ അവരില്‍ ഇവര്‍ കാണുന്നു. ഈ പ്രേക്ഷകരെ മണ്ടന്മാരാക്കുക എളുപ്പമാണ് എന്ന് ഇരുവരും കരുതുന്നു. ഇവര്‍ വിളമ്പുന്ന മണ്ടത്തരങ്ങള്‍ കണ്ടുകൊടുക്കുക എന്ന ദൗത്യം പ്രേക്ഷകരും നിറവേറ്റുന്നു. വിചിത്രമായ ഒരു വിഡ്ഢിത്തവിനിമയം. അഭിരുചികളുടെ അപചയകാലത്ത് തരംഗമായി മാറിയ നവതലമുറസിനിമകള്‍ക്കിടയിലും ഈ അസംബന്ധക്കാഴ്ചകള്‍ക്ക് പ്രേക്ഷകര്‍ ഉണ്ടെന്ന ദുഃഖസത്യം വെളിവാക്കുന്നു 'മായാമോഹിനി'യെ കാണാനുള്ള ആള്‍ത്തിരക്ക്്.


തൊണ്ണൂറുകളില്‍ മലയാള സിനിമയെ ഗ്രസിച്ച മിമിക്രിതരംഗത്തിന്റെ അവശേഷിക്കുന്ന തുടര്‍ച്ചയാണ് സിബി -ഉദയന്‍ ചിത്രങ്ങള്‍. ആവര്‍ത്തനവിരസത കൊണ്ട് കാലഹരണപ്പെട്ട ആ ചലച്ചിത്രജനുസ്സിന്റെ ശേഷിച്ച ഉപഭോക്താക്കളെയാണ് ഇരുവരും ലക്ഷ്യമിടുന്നത്. 1997ല്‍ 'ഹിറ്റ്ലര്‍ ബ്രദേഴ്സ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും അരങ്ങേറ്റം. അതേ വര്‍ഷം തന്നെ തിരക്കഥ എഴുതിയ ജോസ് തോമസിന്റെ മീനാക്ഷികല്യാണം പ്രദര്‍ശന വിജയം നേടി. ആള്‍മാറാട്ടം, കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക, കള്ളക്കേസ് എന്നിവയാണ് ഇവരുടെ ചിത്രങ്ങളുടെ പൊതുപ്രമേയം. ഏതാണ്ട് എല്ലാ സിനിമകളിലെയും നായകന്മാര്‍ ന്യായമായ ഒരു കാരണത്തിനുവേണ്ടി ആള്‍മാറാട്ടം നടത്തുന്നതു കാണാം. നായകന്‍ ഒഴികെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെല്ലാം ബുദ്ധിവളര്‍ച്ചയില്ലാത്തവരായതിനാല്‍ അവര്‍ക്കത് മനസ്സിലാവില്ല. അത്തരമൊരു ആള്‍മാറാട്ടത്തിന്റെ മൂര്‍ച്ഛിച്ച രൂപമാണ് 'മായാമോഹിനി' എന്ന പുതിയ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. മുന്‍കാലചിത്രങ്ങളിലെ നായകന്‍ ആണായി ആള്‍മാറാട്ടം നടത്തുമ്പോള്‍ ഇതില്‍ പെണ്ണായി ഒരു പ്രച്ഛന്നവേഷം. ഹിജഡയെ ഓര്‍മിപ്പിക്കുന്ന സ്ത്രീവേഷവുമായാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അഭിനേതാക്കളുടെ ഫാന്‍സിഡ്രസ് മല്‍സരത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന കമല്‍ഹാസന്റെ 'അവ്വൈ ഷണ്മുഖി'യുടെ ദുര്‍ബലമായ ഒരു പകര്‍പ്പ്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അത് ലജ്ജാകരമായ അനുകരണമാവുന്നു.

പ്രച്ഛന്നവേഷം അണിയുന്ന ചിത്രങ്ങളിലെല്ലാം ദിലീപ് തന്റെ സുന്ദരമുഖം കൂടി വെളിവാക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. അത് അദ്ദേഹത്തിനു നിര്‍ബന്ധമാണ് എന്നു തോന്നുന്നു. കുഞ്ഞിക്കൂനന്‍, പച്ചക്കുതിര, തിളക്കം തുടങ്ങിയ ചിത്രങ്ങളിലെല്ലാം കണ്ട ആ സുന്ദരനെ മായാമോഹിനിയിലും കാണാം. മന്ദബുദ്ധിയായി അഭിനയിക്കുമ്പോള്‍ താന്‍ വാസ്തവത്തില്‍ അതല്ല സ്ഥിരബുദ്ധിയുള്ള ആളാണെന്നും കൂനനായി അഭിനയിക്കുമ്പോള്‍ താന്‍ യഥാര്‍ഥത്തില്‍ നിവര്‍ന്നുനില്‍ക്കുന്ന ആണൊരുത്തനാണെന്നും പെണ്ണായി വേഷമിടുമ്പോള്‍ പൗരുഷമുള്ള ആണാണെന്നും തെളിയിക്കാനുള്ള വ്യഗ്രത ദിലീപില്‍ പ്രകടമാണ്. അതിന് മായാമോഹിനിയിലും മാറ്റമില്ല. അശ്ലീലചേഷ്ടകളുമായി പെണ്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ദിലീപ് വീരപൗരുഷമുള്ള ഒരു മാച്ചോ ഇമേജിലേക്ക് ചിത്രാന്ത്യത്തില്‍ ചുവടുമാറുന്നതു കാണാം.


'ചാന്തുപൊട്ടി'ലെ പെണ്മ കൂടിയ ആണ്‍രൂപത്തിന്റെ ഭാവഹാവാദികളിലും ശരീരഭാഷയിലും അമിതാഭിനയത്തിന്റെ ലാഞ്ചനകളുണ്ടായിരുന്നെങ്കിലും അരോചകമായ പ്രച്ഛന്നവേഷമായിരുന്നില്ല അത്. 'തിളക്ക'ത്തിനുശേഷം വന്ന ദിലീപിന്റെ മികച്ച പകര്‍ന്നാട്ടങ്ങളിലൊന്നായിരുന്നു അത്. എന്നാല്‍ 'മായാമോഹിനി'യിലെത്തുമ്പോള്‍ ദിലീപിന്റെ വേഷപ്പകര്‍ച്ച സാമാന്യപ്രേക്ഷകന്റെ യുക്തിബോധത്തെ അപഹസിക്കുകയാണ്. ഹിജഡയുടെ രൂപഭാവങ്ങളുള്ള മായാമോഹിനിയെ ഒരു സംശയം പോലുമില്ലാതെ കണ്ടുമോഹിക്കുന്ന മണ്ടന്മാരായ ആണുങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ അണിയറശില്‍പികളുടെയും ചിത്രം കാണാന്‍ ചെന്ന ഈയുള്ളവനുള്‍പ്പെടുന്ന കാണികളുടെയും അതേ ബുദ്ധിനിലവാരമുള്ളവര്‍. മ്യൂസിയത്തില്‍ കാമുകിക്കൊപ്പം നില്‍ക്കുന്ന തന്നെ പിടിക്കാന്‍ പൊലീസ് വരുമ്പോള്‍ നായകന്‍ പുരാവസ്തുശേഖരം ചവിട്ടിപ്പൊളിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തോക്ക് എടുത്ത് പൊലീസിനെ നേരിടാന്‍ ഒരുങ്ങുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. അതില്‍ ഉണ്ടയില്ലെന്ന് പൊലീസ് പറയുമ്പോഴാണ് നായകന് കാര്യം മനസ്സിലാവുന്നത്. നായകന്റെ ആ ബുദ്ധിവൈഭവം ഒക്കെയേ ചിത്രത്തില്‍നിന്നും പ്രതീക്ഷിക്കാനാവൂ. ചിത്രത്തിന്റെ തുടക്കത്തില്‍ 1986ലെ ഒരു സംഭവം കാണിക്കുന്നുണ്ട്. വന്ദ്യവയോധികനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുടിയിഴകള്‍ കറുപ്പിച്ച് അദ്ദേഹത്തെ ചെറുപ്പമാക്കാന്‍ ഒരു വ്യര്‍ഥശ്രമം നടത്തിയിരിക്കുന്നു. കാലം വരച്ചുവെച്ച ചുളിഞ്ഞ രേഖകള്‍ അദ്ദേഹത്തിന്റെ ക്ഷീണിച്ച ശരീരത്തിന്റെ ചര്‍മത്തില്‍ കാണാം. അന്ന് അദ്ദേഹത്തിന് ഇരുപത്തിയഞ്ച് വയസ്സ് പ്രായം കുറവാണ് എന്ന് നമ്മള്‍ വിശ്വസിക്കണം. ഹാസ്യരസപ്രധാനമായ അത്തരം കാഴ്ചകളാണല്ലോ സിബി-ഉദയന്‍ സിനിമകള്‍.


സിബിക്കും ഉദയനും നര്‍മം എന്നു പറഞ്ഞാല്‍ ദ്വയാര്‍ഥപ്രയോഗങ്ങളാണ്. അത്തരം നര്‍മങ്ങള്‍ മാത്രമാണ് 'മായാമോഹിനി'യില്‍. സ്വാഭാവികമായ സംഭാഷണങ്ങളില്‍നിന്ന് നര്‍മരസം ജനിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. ചിത്രത്തിന്റെ ആദ്യപകുതിയില്‍ ബിജുമേനോനും ബാബുരാജും ചില നര്‍മരംഗങ്ങള്‍ ഒരുക്കുന്നുണ്ട്. മാറിയ ഇമേജിനനുസരിച്ച് രണ്ടുപേരെയും ഉപയോഗിക്കുകയാണ് സംവിധായകന്‍. 'ഓര്‍ഡിനറി'യിലെ പാലക്കാടന്‍ പ്രാദേശികഭാഷാഭേദം ഈ ചിത്രത്തിലെ ചില രംഗങ്ങളില്‍ ബിജുമേനോനെ ഒഴിയാബാധപോലെ പിന്തുടരുന്നു. പരുക്കന്‍വേഷങ്ങളില്‍നിന്ന് നടന്മാരെ മാറ്റിനോക്കുന്ന സമീപകാല പ്രവണത ചിത്രത്തില്‍ കാര്യമായി പരീക്ഷിച്ചിട്ടുണ്ട്. സ്ഫടികം ജോര്‍ജ്, സാദിഖ് എന്നീ നടന്മാരെക്കൊണ്ട് കോമഡി ചെയ്യിക്കാനുള്ള ശ്രമം. ചിരിപ്പിക്കാനുള്ള അവരുടെ ശ്രമം നമ്മെ കരയിക്കുന്നു എന്നു മാത്രം. സ്റ്റീരിയോടൈപ്പ് കാസ്റ്റിങ്ങിനെ മറികടക്കാനുള്ള സ്വാഗതാര്‍ഹമായ ശ്രമത്തിന് ഒരു മറുവശമുണ്ട്. ലേശം പിശക് സ്വഭാവമുള്ള വശ്യമോഹിനി മായയെ അവതരിപ്പിക്കാന്‍ വാംപ്വേഷങ്ങള്‍ പതിവായി ചെയ്യുന്ന ലക്ഷ്മി റായിയെ തന്നെ തെരഞ്ഞെടുത്തിരിക്കുന്നു സംവിധായകന്‍.

വിക്കിപീഡിയ പറയുന്നത് നാലരക്കോടിക്ക് നിര്‍മിച്ച ഈ സിനിമ ആദ്യദിനം തന്നെ രണ്ടുകോടി പതിനൊന്ന് ലക്ഷം നേടിയെന്നാണ്. സാറ്റലൈറ്റ് അവകാശം വിറ്റയിനത്തില്‍ മൂന്നുകോടി വേറെ. നാലു ദിവസത്തെ ഗ്രോസ് കലക്ഷന്‍ 6.12 കോടി. ചിത്രം ഹിറ്റ് ആവുമെന്ന് തിയറ്ററിലെ തിരക്ക് സൂചിപ്പിക്കുന്നു. നവതലമുറ സിനിമകള്‍ക്കിടയില്‍ പഴകിപ്പുളിച്ച ആള്‍മാറാട്ടകഥകള്‍ക്കും അശ്ലീലച്ചുവയുള്ള നര്‍മത്തിനും സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല എന്ന വിപല്‍സന്ദേശം തരുന്നു 'മായാമോഹിനി'യുടെ വിജയം. കാസനോവയുടെയും കിങ് ആന്റ് കമ്മീഷണറുടെയും ബോക്സ് ഓഫീസ് തകര്‍ച്ച കണ്ടും പുതുനിരച്ചിത്രങ്ങളുടെ നവ്യാനുഭവത്തില്‍ ആഹ്ലാദിച്ചും മലയാള സിനിമ മാറി എന്നു വ്യാമോഹിച്ചവരെ വേദനിപ്പിക്കാന്‍ ഉതകും മായാമോഹിനി. മലയാളിപ്രേക്ഷകന്‍ ഇതേ അര്‍ഹിക്കുന്നുള്ളൂ എന്നു കൂടി കൂട്ടിച്ചേര്‍ക്കാം.

ചിത്രത്തില്‍ ഒട്ടും പുതുമയില്ല എന്നു പറയുന്നത് അപരാധമാവും. അണിയറശില്‍പികളുടെയെല്ലാം മുഖങ്ങള്‍ ടൈറ്റില്‍ കാര്‍ഡില്‍ കാണിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് സ്വന്തം മുഖം കാട്ടി അഭിമാനിക്കാനുള്ളതൊന്നും സിനിമയില്‍ ഇല്ല എന്നതാണ് സത്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus