ഒമാനില്‍ ‘വോയ്പ്’ നിയന്ത്രണം അയഞ്ഞു; ‘ഗൂഗിള്‍ ടോക്’ സംസാരിച്ചു തുടങ്ങി

മസ്കത്ത്: ഇന്‍റര്‍നെറ്റ് വഴി സംസാരിക്കാന്‍ അവസരമൊരുക്കുന്ന വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് (വോയ്പ്) സേവനങ്ങള്‍ക്ക് ഒമാനില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്നതായി സൂചന. ഇതിന്‍െറ ഭാഗമായി നേരത്തേ തടഞ്ഞുവെച്ചിരുന്ന ‘ഗൂഗിള്‍ ടോകി’ന്‍െറ ശബ്ദസേവനം കഴിഞ്ഞദിവസം മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. പോക്കറ്റ് കാലിയാവാതെ നാട്ടിലെ പ്രിയപ്പെട്ടവരുമായി ഗൂഗിള്‍ ടോക്കിലൂടെ ഇഷ്ടമുള്ളത്ര സമയം സംസാരിക്കാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ ഈ നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട ബിസിനസ് സംരംഭകരുടെ ആവശ്യം മാനിച്ച് ചില വോയ്പ് സേവനങ്ങള്‍ക്ക് വിലക്ക് നീക്കിയെന്ന് കഴിഞ്ഞദിവസം ഇംഗ്ളീഷ് ദിനപത്രമായ ‘മസ്കത്ത് ഡെയ്ലി’യാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇതുസംബന്ധിച്ച് ഒമാനിലെ ടെലികോം സേവനദാതാതക്കളായ ഒമാന്‍ ടെല്ലോ, നവ്റാസോ ഇതുവരെ ഔദ്യാഗികമായി പ്രതികരിച്ചിട്ടില്ല. മലയാളികള്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ഗൂഗിള്‍ ടോക്കി’ന് കഴിഞ്ഞ ബുധനാഴ്ച മുതല്‍ ‘സംസാരശേഷി’ ലഭിച്ചിട്ടുണ്ടെന്ന് ഇത് ഉപയോഗിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, സുവ്യക്തമായ ശബ്ദവും വീഡിയോ ദൃശ്യങ്ങളും ലഭ്യമാക്കുന്ന ‘സ്കൈപിന്’ ഇപ്പോഴും വിലക്കുണ്ട്. ഓണ്‍ലൈന്‍ വഴി പഠനം നടത്തുന്നവരും വിദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒമാനിലിരുന്ന ക്ളാസ് നല്‍കുന്നവരും ‘സ്കൈപ്’ വിലക്കുന്നതില്‍ ദു:ഖിതരാണ്. വൈബര്‍, ഫേസ്ടൈം, എം.എസ്.എം. മെസഞ്ചര്‍ എന്നിവയിലെ ശബ്ദസംവിധാനമാണ് ഇപ്പോള്‍ തുറന്നുകൊടുത്തിരിക്കുന്നത്. യാഹൂ മെസഞ്ചറിലെ ശബ്ദവും ഇതുവരെ കിട്ടി തുടങ്ങിയിട്ടില്ല. നേരത്തേ ഫയര്‍വാള്‍ മറികടന്നും, ഏറെ നേരം കണക്ട് ചെയ്ത് കാത്തിരുന്നുമാണ് ഗൂഗിള്‍ ടോക്ക് ഉപയോഗിച്ചിരുന്നത്. വോയ്പ് സേവനങ്ങളുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ടെലികോം റെഗുലേറ്ററി അതോറിറ്റി ശില്‍പാശാല സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി കൂടുതല്‍ വോയ്പ് സൗകര്യങ്ങളില്‍ ഒമാനില്‍ തുറന്നുവെച്ചേക്കുമെന്നാണ് പ്രതീക്ഷ. അയല്‍രാജ്യമായ യു.എ.ഇ ഉള്‍പ്പെടെ പല ഗള്‍ഫ് രാജ്യങ്ങളിലും ‘സ്കൈപ്’ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus