Tue, 04/10/2012 - 00:11 ( 1 year 5 weeksago)
സ്വപ്നം തകര്‍ന്ന സിറ്റി
(+)(-) Font Size

ലണ്ടന്‍: എണ്ണപ്പണത്തിന്‍െറ പളപളപ്പില്‍ സൂപ്പര്‍ താരങ്ങളെയെല്ലം അണിനിരത്തി ഇംഗ്ളീഷ് ക്ളബ് ഫുട്ബാളിലെ കിരീടവും ചെങ്കോലും കൊതിച്ച് പന്തുതട്ടിയ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നും സ്വപ്ന നേട്ടം അകലുന്നു. പ്രീമിയര്‍ ലീഗില്‍ ഇനി കിരീടത്തില്‍ മുത്തമിടണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. ഞായറാഴ്ച അര്‍ധരാത്രിയിലെ മത്സരത്തില്‍ കരുത്തരായ ആഴ്സനലിനു മുന്നില്‍ ഒരു ഗോളിന് തോല്‍വി വഴങ്ങിയതോടെ 44 വര്‍ഷത്തെ ഇടവേളക്കു ശേഷം ലീഗ് കിരീടമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വപ്നം കൂടിയാണ് പ്രതിസന്ധിയിലായത്. കിരീട പോരാട്ടത്തിലെ ശക്തരായ എതിരാളി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സിനെതിരെ 2-0ന് ജയം നേടുകയും സിറ്റി തോല്‍ക്കുകയും ചെയ്തതോടെയാണ് ചിത്രം ഏറെ വ്യക്തമായത്. സീസണില്‍ ഇരു ടീമുകളും 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. യുനൈറ്റഡിന് 79ഉം സിറ്റിക്ക് 71ഉം പോയന്‍റുകള്‍. പോരാട്ടത്തിന് ചൂട് പിടിച്ചതോടെ കിരീടത്തിനും ചാമ്പ്യന്മാര്‍ക്കുമിടയില്‍ ശേഷിക്കുന്നത് ആറ് മത്സരങ്ങള്‍മാത്രം.
ശേഷിച്ച മത്സരങ്ങളില്‍ ആസ്റ്റന്‍ വില്ല, എവര്‍ടന്‍, സ്വാന്‍സിയ സിറ്റി എന്നിവരെ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ നേരിടുമ്പോള്‍ വിഗാന്‍ അത്ലറ്റിക്, സണ്ടര്‍ലന്‍ഡ്, സാക്ഷാല്‍ മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്കെതിരെ എവേ മത്സരവും ബാക്കി.
സിറ്റിയാവട്ടെ യുനൈറ്റഡിനു പുറമെ ഹോം മാച്ചില്‍ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോന്‍, ക്വീന്‍സ് പാര്‍ക് റേഞ്ചേഴ്സ് എന്നിവരെയും, എവേ മത്സരങ്ങളില്‍ നൗറിച് സിറ്റി, വോള്‍വര്‍ ഹാംപ്റ്റന്‍, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവരെയും നേരിടും. ഇരുവരുടെയും എതിരാളികള്‍ കരുത്തര്‍തന്നെ. യുനൈറ്റഡിന് ഇതേ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തുടര്‍ച്ചയായ രണ്ടാമത്തെയും ടീമിന്‍െറ 20ാമത്തെയും പ്രീമിയര്‍ ലീഗ് കിരീടമായിരിക്കും.
ലോകത്തെ സൂപ്പര്‍താരങ്ങളുമായി സീസണിന്‍െറ തുടക്കം മുതല്‍ സ്വപ്നക്കുതിപ്പ് നടത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രം കുറിച്ച് ഇക്കുറി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് കിരീടം ഇത്തിഹാദ് സ്റ്റേഡിയത്തിലെ ഷെല്‍ഫിലെത്തിക്കുമെന്ന് കരുതി. ഒട്ടേറെ അട്ടിമറികളും അവര്‍ നടത്തി. ഗോളുകള്‍ അടിച്ചുകൂട്ടി തോല്‍വിയറിയാതെ മുന്നേറിയ സിറ്റി ഇതിനിടയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 6-1 ന് തോല്‍പിച്ച് വന്‍അട്ടിമറി വാര്‍ത്തയായിരുന്നു ഫുട്ബാള്‍ ലോകത്ത് സൃഷ്ടിച്ചത്. ആദ്യ 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് സമനിലയും 12 ജയവുമായി കുതിച്ച സിറ്റി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. എന്നാല്‍, 15ാം മത്സരത്തില്‍ ചെല്‍സി കടിഞ്ഞാണിട്ടതോടെ (2-1) കുതിപ്പിന്‍െറ വേഗം കുറഞ്ഞു. പിന്നെ തോറ്റും ജയിച്ചും സമനിലയുമായാണ് മാന്‍സീനിയുടെ കുട്ടികള്‍ കുതിച്ചത്. ഇതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച് അലക്സ് ഫെര്‍ഗൂസനും തിരിച്ചടിച്ചു. സ്വതസ്സിദ്ധമായ ശൈലിയില്‍ അവസാന ലാപ്പില്‍ ലീഡ് പിടിച്ചാണ് യുനൈറ്റഡ് കിരീടത്തിലേക്ക് മുന്നേറിയത്.

ആഴ്സനല്‍ @ 3
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ 87ാം മിനിറ്റില്‍ മൈകല്‍ ആര്‍തെറ്റിയുടെ ഗോളിലൂടെയാണ് സിറ്റിയെ കെട്ടുകെട്ടിച്ച് ആഴ്സനല്‍ വിജയം നേടുന്നത്. കളിയുടെ 90ാം മിനിറ്റില്‍ സ്ട്രൈക്കര്‍ മരിയോ ബലോടെല്ലി ചുവപ്പു കാര്‍ഡുമായി പുറത്തായതോടെ പത്തുപേരുമായാണ് സിറ്റി കളി അവസാനിപ്പിച്ചത്. അതേസമയം, ജയത്തോടെ ആഴ്സനല്‍ നിര്‍ണായക പോയന്‍റും സ്വന്തമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറി. 32 കളിയില്‍ 61 പോയന്‍റ് നേടിയ ആഴ്സനല്‍ 59 പോയന്‍റുള്ള ടോട്ടന്‍ഹാം ഹോട്സ്പറിനെയാണ് പിന്തള്ളിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus