Tue, 04/10/2012 - 00:05 ( 1 year 10 weeksago)
സ്പാനിഷ് ലീഗ് : റയലിന് സമനിലക്കെണി
(+)(-) Font Size

മഡ്രിഡ്: ഈ സീസണിലെ ഉറപ്പിച്ച സ്പാനിഷ് ലീഗ് കിരീടമെന്ന സ്വപ്നം നഷ്ടമായാല്‍ റയല്‍ മഡ്രിഡിന് ഇക്കഴിഞ്ഞ രാത്രിയെ ഏറെ പഴിക്കാനുണ്ടാവും. കിരീടപോരാട്ടത്തില്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തി പിന്തുടരുന്ന നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ഞായറാഴ്ച പുലര്‍ച്ചെ റയല്‍ സരഗോസക്കെതിരെ ഉജ്ജ്വല ജയം സ്വന്തമാക്കി പോയന്‍റ് പട്ടികയിലെ വ്യത്യാസം മൂന്നാക്കി കുറച്ചപ്പോള്‍ ആരാധകരുടെ കാത്തിരിപ്പത്രയും സാന്‍റിയാഗോ ബെര്‍ണബ്യൂവിലെ റയല്‍ മഡ്രിഡ്-വലന്‍സിയ മത്സരവേദിയിലേക്കായിരുന്നു. കിരീടം ഉറപ്പിക്കാന്‍ ലീഡുയര്‍ത്താനുള്ള അവസരം വലന്‍സിയ നിഷേധിച്ചപ്പോള്‍ റയല്‍ മഡ്രിഡിനും കോച്ച് ജോസ് മൗറീന്യോക്കും ഏറെ തിരിച്ചടിയായി ഗോള്‍രഹിത സമനില. ഇതോടെ കിരീടപോരാട്ടത്തിന് ഇഞ്ചോടിഞ്ച് വീറും വാശിയും നല്‍കി റയലും ബാഴ്സയും തമ്മിലെ പോയന്‍റ് വ്യത്യാസം നാലായി മാറി. ഇരു ടീമുകളും 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ റയലിന് 79ഉം ബാഴ്സക്ക് 75ഉം പോയന്‍റുകളാണുള്ളത്.
ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ വേട്ടയുടെ മികവില്‍ റയല്‍ സരഗോസക്കെതിരെ ബാഴ്സലോണ 4-1ന് ജയം നേടിയപ്പോള്‍തന്നെ റയലിന്‍െറ വലന്‍സിയ പരീക്ഷ കടുത്തതാവുവെന്ന് ഉറപ്പിച്ചിരുന്നു.
സ്വന്തം തട്ടകത്തില്‍ സര്‍വസന്നാഹങ്ങളുമായാണ് മൗറീന്യോ ടീമിനെ ഇറക്കിയത്. ഗോണ്‍സാലോ ഹിഗ്വെ്ന്‍, കരീം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സഖ്യത്തെ മുന്നില്‍തന്നെ നിര്‍ത്തി വലന്‍സിയക്കെതിരെ കളിതന്ത്രമൊരുക്കിയപ്പോള്‍ ജയം അനിവാര്യമെന്ന സൂചന കോച്ച് കളിക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, സ്പാനിഷ് ലീഗില്‍ ചാമ്പ്യന്‍ ടീമുകളുടെ പടയോട്ടത്തില്‍പെട്ട് ഞെരുങ്ങിപ്പോയ വലന്‍സിയക്ക് കരുത്ത് തെളിയിക്കാനുള്ള അവസരമായിരുന്നു ഇത്. 31 കളിയില്‍ 49 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള വലന്‍സിയ റയലിനെ അക്ഷരാര്‍ഥത്തില്‍ വരിഞ്ഞുകെട്ടി. ഗോള്‍കീപ്പര്‍ വിസെന്‍റ് ഗ്വയ്റ്റയുടെ വണ്‍മാന്‍ഷോ ആയി സാന്‍റിയാഗോ ബെര്‍ണബ്യൂ മാറിയപ്പോള്‍ ക്രിസ്റ്റ്യാനോയും ബെന്‍സേമയുമടങ്ങിയ റയല്‍ മുന്‍നിര ആയുധംവെച്ച് കീഴടങ്ങി. കളിയുടെ ആദ്യ മിനിറ്റുകളില്‍തന്നെ ക്രിസ്റ്റ്യാനോയിലൂടെ റയല്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വലന്‍സിയ തടയിട്ടു. നാലാം മിനിറ്റില്‍തന്നെ പോര്‍ചുഗല്‍ താരത്തെ പൂട്ടിയിട്ടാണ് വലന്‍സിയയുടെ ടിനോ കോസ്റ്റയും റികാര്‍ഡോ കോസ്റ്റയും കളിയുടെ ഗതിസൂചന നല്‍കിയത്. ആദ്യ പകുതിയില്‍ ഇരു വിങ്ങുകളിലൂടെയും സമിഖെദിരെ, മെസുത് ഓസില്‍ എന്നിവരിലൂടെ റയലിന്‍െറ മുന്‍നിര ആക്രമണത്തിന് കോപ്പുകൂട്ടുമ്പോഴെല്ലാം വലന്‍സിയന്‍ ഗോള്‍മുഖത്ത് ഗോള്‍കീപ്പര്‍ വിസന്‍െറ ഗ്വെ്റ്റ കരുത്തുറ്റ വന്‍മതില്‍ തീര്‍ത്തു. ബെന്‍സേമയുടെ അപ്രതീക്ഷിത നീക്കങ്ങളും ക്രിസ്റ്റ്യാനോയുടെ വീറുറ്റ ഹെഡറും കിക്കുകളുമെല്ലാം ഈ സ്പാനിഷ് താരത്തിന്‍െറ അപാരമായ ഫോമിനു മുന്നില്‍ വഴിമാറി.
രണ്ടാം പകുതിയിലും റയലിന്‍െറ മുന്നേറ്റങ്ങളെ സമര്‍ഥമായി കീഴടക്കിയാണ് വലന്‍സിയ പ്രതിരോധവും ഗോള്‍കീപ്പറും ചേര്‍ന്ന് വിജയത്തിന്‍െറ ഇരട്ടി മധുരം നല്‍കുന്ന ഗോള്‍ രഹിത സമനില പിടിച്ചുവാങ്ങിയത്. ഇതിനിടെ, റയല്‍ മഡ്രിഡ് പ്രതിരോധത്തെ വെല്ലുവിളിച്ച് വലന്‍സിയന്‍ മുന്‍നിര ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിനെയും പരീക്ഷിക്കുന്നുണ്ടായിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ 42 മത്സരങ്ങള്‍ക്കുശേഷമാണ് റയല്‍ മഡ്രിഡ് ഗോള്‍രഹിത സമനില വഴങ്ങുന്നത്.
ചൊവ്വാഴ്ച ബാഴ്സലോണ ഗെറ്റഫക്കെതിരെ ഇറങ്ങുമ്പോള്‍ ബുധനാഴ്സ അത്ലറ്റികോ മഡ്രിഡിന്‍െറ വെല്ലുവിളിയാണ് റയലിനെ കാത്തിരിക്കുന്നത്.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ലെവന്‍റ 2-0ന് അത്ലറ്റികോ മഡ്രിഡിനെയും അത്ലറ്റിക് ബില്‍ബാവോ 1-0ന് സെവിയ്യയെയും തോല്‍പിച്ചു. മയ്യോര്‍ക്ക-ഗ്രനഡ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus