Mon, 04/09/2012 - 00:29 ( 1 year 6 weeksago)
വിജേന്ദറിന് ഒളിമ്പിക് യോഗ്യത
(+)(-) Font Size

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രതീക്ഷയായ ബോക്സിങ് താരം വിജേന്ദര്‍ സിങ് ഈ വര്‍ഷം ലണ്ടനില്‍നടക്കുന്ന ഒളിമ്പിക്സ് ഗെയിംസിന് യോഗ്യത നേടി. കസഖ്സ്താനിലെ അസ്താനയില്‍ നടക്കുന്നഏഷ്യന്‍ ഒളിമ്പിക് യോഗ്യതാറൗണ്ടില്‍ സെമി ഫൈനലിലേക്ക് മുന്നേറിയാണ് വിജേന്ദര്‍ തുടര്‍ച്ചയായ മൂന്നാംതവണ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സറെന്ന വിശേഷണത്തിന് ഉടമയായത്. പുരുഷന്മാരുടെ 75 കി.ഗ്രാം വിഭാഗത്തിലായിരിക്കും വിജേന്ദര്‍ മാറ്റുരക്കുക.
2008 ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും വെങ്കലം സ്വന്തമാക്കിയിട്ടുണ്ട്. 2004 ആതന്‍സ് ഒളിമ്പിക്സില്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായിരുന്നു.
അസ്താനയില്‍ മംഗോളിയയുടെ ചുലുന്‍തുമുര്‍ തുമുര്‍ഖുയാഗിനെ 17-27ന് ഇടിച്ചിട്ട വിജേന്ദര്‍ ഒളിമ്പിക്സ് യോഗ്യതക്കൊപ്പം ടൂര്‍ണമെന്‍റില്‍ മെഡല്‍ ഉറപ്പാക്കുകയും ചെയ്തു. ഈ മത്സരം തോറ്റിരുന്നെങ്കില്‍ വിജേന്ദറിന്‍െറ ലണ്ടന്‍ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ക്ക് പര്യവസാനമായേനെ. ‘ഞാന്‍ തിരിച്ചു വന്നിരിക്കുന്നു. എന്‍െറ കാലം കഴിഞ്ഞുവെന്നുപറഞ്ഞ വിമര്‍ശകര്‍ക്കുള്ള മറുപടിയാണിത്. ഇനി ഒളിമ്പിക്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഞാനാണ് കേമനെന്ന് തെളിയിക്കും. യോഗ്യത നേടിയത് അതിരറ്റ ആശ്വാസമാണ് നല്‍കുന്നത്. തുടരെ മൂന്ന് ഒളിമ്പിക്സിന് യോഗ്യതനേടുന്ന ആദ്യ ബോക്സറെന്നത് ഇരട്ടി സന്തോഷം പകരുന്നു’ - മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ 26കാരന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
വിജേന്ദറിന് പുറമെ ഇന്ത്യന്‍ ബോക്സര്‍മാരായ എല്‍. ദേവേന്ദ്രോസിങ് (49 കി.ഗ്രാം), ജയ് ഭഗ്വാന്‍ (60 കി.ഗ്രാം), മനോജ് കുമാര്‍ (64 കി.ഗ്രാം), വികാസ് കൃഷ്ണന്‍ (69 കി.ഗ്രാം) എന്നിവരും ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus