കൊച്ചി: കുരുമുളകുവില ഇടിക്കാന്‍ കയറ്റുമതിക്കാരും ഊഹക്കച്ചവടക്കാരും രംഗത്ത്. വെളിച്ചെണ്ണക്ക് നേരിയ തോതില്‍ വില ഉയര്‍ന്നു. സ്വര്‍ണവില കയറിയിറങ്ങി. പോയവാരം തേയില ലേലം നടന്നില്ല.
കുരുമുളകുവിലയില്‍ നേരിയ കുറവുണ്ടായി. വിറ്റുവെച്ച കയറ്റുമതിക്കാരും ഊഹക്കച്ചവടക്കാരും വില കുറക്കാനായി രംഗത്തിറങ്ങിയതാണ് ഉല്‍പ്പാദനം കുറഞ്ഞുനിന്നിട്ടും മുളകുവിലയില്‍ നേരിയ കുറവുണ്ടാക്കിയത്. ഉല്‍പ്പാദനം ഗണ്യമായി കുറയുമെന്ന കണക്കുകളാണ് പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ വില ഇടിക്കല്‍ തന്ത്രം വന്‍തോതില്‍ വിപണിയെ ബാധിക്കില്ലെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
40,000 ടണ്ണിലധികം കുരുമുളക് ഉണ്ടാകുമെന്നായിരുന്നു വിളവെടുപ്പിന് മുമ്പുള്ള കണക്കുകൂട്ടല്‍. എന്നാല്‍, വിളവെടുപ്പ് പുരോഗമിക്കുമ്പോള്‍ ഉല്‍പ്പാദനം 30,000 ടണ്ണില്‍ കൂടില്ലെന്നായി. കര്‍ണാടകയിലും ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്നാണ് കര്‍ഷകര്‍ നല്‍കുന്ന സൂചന. ആഭ്യന്തര ഉപയോഗത്തെ ആശ്രയിച്ച് മാത്രം മുന്നോട്ടുപോകാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വിദേശ വിപണിയെ കാര്യമായി ആശ്രയിക്കേണ്ടിവരില്ല. കയറ്റുമതിക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും ഇടപെടല്‍ വന്‍തോതില്‍ വിലയെ ബാധിക്കില്ലെന്ന നിഗമനത്തിന് അടിസ്ഥാനവും ഇതുതന്നെയാണ്. പോയവാരം കാര്യമായ വില്‍പ്പന കൊച്ചി മാര്‍ക്കറ്റില്‍ നടന്നില്ല. കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് 36300 രൂപ, ഗാര്‍ബിള്‍ഡ് 37800 രൂപ എന്നിങ്ങനെയായിരുന്നു വാരാന്ത്യ നിരക്ക്. വിയറ്റ്നാമില്‍നിന്നുള്ള കുരുമുളക് ഇറക്കുമതിയായി എത്തുന്നുണ്ട്.
വെളിച്ചെണ്ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. 6400 രൂപയായിരുന്ന വില വാരാന്ത്യം 6500 രൂപയായാണ് ഉയര്‍ന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡാണ് വില അല്‍പ്പമെങ്കിലും മെച്ചപ്പെടാന്‍ സഹായിച്ചത്. മറ്റ് ഭക്ഷ്യ എണ്ണകളെ അപേക്ഷിച്ച് വെളിച്ചെണ്ണ വില കുറഞ്ഞിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് വില്‍പ്പന സമ്മര്‍ദമുണ്ട്. സര്‍ക്കാര്‍ സംഭരണം പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ മുന്നോട്ടുപോയിട്ടില്ല. കൊപ്രക്ക് 5100 രൂപയാണ് സംഭരണ വില. നിലവില്‍ 4350- 4450 രൂപ നിരക്കിലാണ് പൊതുവിപണിയില്‍ കൊപ്ര വ്യാപാരം നടക്കുന്നത്. സംഭരണം പൂര്‍ണ തോതില്‍ ആരംഭിച്ചാല്‍ മാത്രമെ വെളിച്ചെണ്ണ വില കാര്യമായി മെച്ചപ്പെടാന്‍ ഇടയുള്ളൂ. വിളവെടുപ്പുകാലം കഴിഞ്ഞ് സംഭരണം തുടങ്ങുന്നത് കര്‍ഷകര്‍ക്ക് ഗുണകരമാകില്ല. വിഷു പ്രമാണിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നുണ്ട്. വില വീണ്ടും മെച്ചപ്പെടാന്‍ ഇത് സഹായിച്ചേക്കാമെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
റബര്‍ വിലയില്‍ നേരിയ കുറവ് ഉണ്ടായി. ക്വിന്‍റലിന് 20,100 രൂപയായിരുന്ന നാലാം ഗ്രേഡിന്‍െറ വില വാരാന്ത്യം 19950 രൂപയിലേക്കാണ് താഴ്ന്നത്. അന്താരാഷ്ട്ര വിലയും ആഭ്യന്തര വിലയും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. വിപണിയിലേക്കുള്ള ചരക്കുവരവ് കുറഞ്ഞുനില്‍ക്കുകയാണ്. അവധി ദിനങ്ങളായിരുന്നതിനാല്‍ പോയവാരം കാര്യമായ വ്യാപാരം നടന്നില്ല. ടയര്‍ കമ്പനികളും കുറഞ്ഞ തോതില്‍ മാത്രമാണ് ചരക്ക് വാങ്ങിയത്. വേനല്‍ മഴ വ്യാപകമായി ലഭിച്ചതിനാല്‍ ഈ മാസം പകുതിയോടെ ഉല്‍പ്പാദനം നല്ല തോതില്‍ നടക്കുമെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍ അവസാനത്തോടെ മാത്രമാണ് ടാപ്പിങ് പുനരാരംഭിച്ചിരുന്നത്. വിലയില്‍ വലിയ വ്യതിയാനങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. റബര്‍ ലോട്ട് 19200- 19400, ആര്‍.എസ്്.എസ് അഞ്ച് 19700 രൂപ എന്നിങ്ങനെയായിരുന്നു വാരാന്ത്യ നിരക്ക്.
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഗ്രാമിന്‍െറ വില 2615 രൂപയായി ഓപണ്‍ ചെയ്ത വിപണി 2575 വരെ താഴ്ന്ന ശേഷം 2600 രൂപയില്‍ ക്ളോസ് ചെയ്തു. അവധി ദിനങ്ങളായതിനാല്‍ പോയവാരം കാര്യമായ വ്യാപാരം നടന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്‍െറ തിളക്കം കുറയുന്നുവെന്ന സൂചനയാണ് നിലനില്‍ക്കുന്നത്. വില (ഒരു ഔസിന്) 1600 ഡോളറിലേക്ക് താഴാനുള്ള സാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യത്തിലെ വ്യതിയാനം സ്വര്‍ണ വിലയെ സ്വാധീനിക്കും.
കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക എക്സൈസ് തീരുവ പിന്‍വലിക്കുമെന്ന് ധാരണയായിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യയില്‍ ജ്വല്ലറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമര കാലയളവില്‍ വിറ്റുവരവില്‍ 20,000 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. തീരുവ പിന്‍വലിക്കുന്നപക്ഷം വിപണി വീണ്ടും പഴയ സജീവതയിലേക്ക് തിരിച്ചെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍