Mon, 04/02/2012 - 23:44 ( 1 year 10 weeksago)
ബാഴ്സയും മിലാനും മരണമുഖത്ത്
(+)(-) Font Size
ബാഴ്സയും മിലാനും  മരണമുഖത്ത്

ബാഴ്സലോണ: ഡെമോക്ളസിന്‍െറ വാളിനു താഴെ തലവെച്ച് ബാഴ്സലോണക്കും കോച്ച് പെപ് ഗ്വാര്‍ഡിയോളക്കും ഇന്ന് ജീവന്മരണ പോരാട്ടം. കൈപ്പിടിയില്‍നിന്ന് ഏതാണ്ട് അകന്നുമാറിയ സ്പാനിഷ് ലീഗ് കിരീടത്തിന്‍െറ ക്ഷീണം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തോടെ തീര്‍ക്കാമെന്ന നിലവിലെ ചാമ്പ്യന്മാരുടെ സ്വപ്നങ്ങള്‍ക്കിടയില്‍ എ.സി മിലാനൊരുക്കുന്ന വെല്ലുവിളി കടക്കാന്‍ ജീവന്മരണ പോരാട്ടം അനിവാര്യം. യൂറോപ്യന്‍ ക്ളബ് ഫുട്ബാള്‍ പോര്‍ക്കളത്തില്‍ ബാഴ്സ-എ.സി മിലാന്‍ രണ്ടാം പാദം കിരീടപോരിനു മുമ്പത്തെ യഥാര്‍ഥ ഫൈനലാവും. വിധി പുറത്തേക്കുള്ള വഴിയൊരുക്കിയത് ബാഴ്സലോണക്കോ, ഇറ്റാലിയന്‍ കരുത്തര്‍ എ.സി മിലാനോ? രണ്ടായാലും ഇന്ന് പാതിരാത്രിയില്‍ കാംപ് നൂവിലെ അങ്കത്തിലൂടെ ലോകമറിയും.
ആദ്യ പാദത്തില്‍ സ്വന്തം തട്ടകമായ ഇറ്റലിയിലെ സാന്‍സിറോയില്‍ ബാഴ്സലോണയെ പൂട്ടിയിട്ട് നേടിയ സമനിലയുടെ ആവേശത്തിലാണ് എ.സി മിലാന്‍. മത്സരം ഗോള്‍ രഹിത സമനിലയിലായതോടെ രണ്ടാം പാദ മത്സരം ഇരുവര്‍ക്കും നിര്‍ണായകം. ആദ്യമത്സരഫലം നല്‍കുന്ന ആത്മവിശ്വാസം മിലാന്‍ ടീമിനുതന്നെ ഊര്‍ജം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ബാഴ്സലോണ ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുന്നത്. മിലാനെതിരെ പഠിച്ച അടവുകള്‍ എല്ലാം പയറ്റിയിട്ടും ഒരുഗോള്‍ പോലും നേടാനാവാതെ പോയ ബാഴ്സ സ്പാനിഷ് പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തില്‍ അത്ലറ്റികോ ബില്‍ബാവോക്കെതിരെ വിജയം നേടിയാണ് താളം കണ്ടെത്തിയത്.
കഴിഞ്ഞ മത്സരത്തില്‍ കളിച്ചത് മുഴുവന്‍ ബാഴ്സയായിരുന്നെങ്കിലും നിര്‍ഭാഗ്യമായിരുന്നു പ്രശ്നമായത്. നിര്‍ണായക ഘട്ടത്തില്‍ ഗോളടിക്കാന്‍ പലതവണ അവസരം ലഭിച്ചെങ്കിലും അതിശക്തമായ പ്രതിരോധക്കോട്ടയൊരുക്കി മിലാന്‍ നേരിട്ടു. രണ്ടാം പാദത്തില്‍ വിജയമാണ് ബാഴ്സയുടെ ലക്ഷ്യം. ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞാല്‍ സ്വപ്നം തകരും. എന്നാല്‍, കാംപ് നൂവിലെത്തുന്ന ഒരു ലക്ഷം ആരാധകരെ നിരാശപ്പെടുത്തിയ ചരിത്രം ബാഴ്സലോണക്കില്ല. എതിരാളികളുടെ ശക്തിയോ അവരുടെ തന്ത്രങ്ങളോ കാംപ് നൂവിലെ ബാഴ്സയെ തോല്‍പിക്കാന്‍ മാത്രം വലിപ്പമുള്ളതല്ല. 2009 ഒക്ടോബറില്‍ റുബിന്‍ കസാനു മുന്നില്‍ അബദ്ധത്തിലൊരു തോല്‍വി വഴങ്ങിയതാണ് ബാഴ്സക്ക് സ്വന്തം ഗ്രൗണ്ടിലേറ്റ അവസാന തിരിച്ചടി.
പ്രതിരോധം ശക്തമാക്കാന്‍ ക്യാപ്റ്റന്‍ കാര്‍ലോസ് പുയോള്‍ ഇന്ന് തിരിച്ചെത്തുന്നതാണ് ടീമിന് കരുത്താവുന്നത്. ബില്‍ബാവോക്കെതിരായ മത്സരത്തില്‍ ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കിയായിരുന്നു ബാഴ്സ കളിക്കാനിറങ്ങിയത്. ഡിഫന്‍സില്‍ പുയോളും പിക്വെും തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തില്‍ കളത്തിലിറങ്ങിയ അഡ്രിയാനോയും ഇവര്‍ക്കൊപ്പമുണ്ടാവും. എന്നാല്‍, പേശി വേദനയെ തുടര്‍ന്ന് പിന്‍മാറിയ സാവി തിരിച്ചെത്താന്‍ സാധ്യത കുറവാണ്. തിയാഗോ സാവിയുടെ ജോലി ഏറ്റെടുത്ത് മധ്യനിരയില്‍ ഇനിയസ്റ്റക്കും ബുസ്ക്വറ്റ്സിനുമൊപ്പം തന്ത്രം മെനയും. മുന്‍നിരയില്‍ ലയണല്‍ മെസ്സിക്കൊപ്പം അലക്സി സാഞ്ചസും തിരിച്ചെത്തിയ സെസ്ക് ഫാബ്രഗസും, താളം കണ്ടെത്തിയാല്‍ ഇറ്റാലിയന്‍ പ്രതിരോധത്തിന് കനത്ത വെല്ലുവിളിയാവും.
മിലാന്‍ നിരയില്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക് വാന്‍ബൊമ്മല്‍ തിരിച്ചെത്തിയെങ്കിലും 23 അംഗ ടീമില്‍ ഇടംകണ്ടെത്തിയില്ലെന്നതിനാല്‍ മാസിമോ അംബ്രോസിനിയെതന്നെ കോച്ച് മസിമിലിയാനോ കളത്തിലിറക്കും. ഡിഫന്‍സില്‍ കഴിഞ്ഞ മത്സരത്തില്‍ മെസ്സിയെ പൂട്ടിയിട്ട അന്‍േറാണിയോണിയും അലസാന്ദ്രോ നെസ്റ്റയും തന്നെയാവും ഏറ്റവും വലിയ ശക്തി. മുന്‍നിരയില്‍ ഇബ്രഹിമോവിച്ച് പഴയ തട്ടകത്തില്‍ മിലാന്‍െറ മുന്നേറ്റത്തിന് ചുക്കാന്‍പിടിക്കുമ്പോള്‍ വിങ്ങില്‍ റൊബീന്യോയും മധ്യനിരയില്‍ ബോട്ടെങ്ങും ചേര്‍ന്ന് ഇറ്റാലിയന്‍ ക്ളബിന്‍െറ കളി തന്ത്രം മെനയും.
ചാമ്പ്യന്‍സ് ലീഗിന്‍െറ രണ്ടാം മത്സരത്തില്‍ ഉറപ്പിച്ച സെമി ബര്‍ത്ത് ടിക്കറ്റ് ഏറ്റുവാങ്ങാനാണ് ജര്‍മന്‍ ക്ളബായ ബയേണ്‍ മ്യൂണിക് മാഴ്സെക്കെതിരെ ഇറങ്ങുന്നത്. മാഴ്സെയുടെ ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ 2-0ത്തിന് ജയിച്ച ബയേണ്‍ എവേ ജയത്തിന്‍െറ വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്. സസ്പെന്‍ഷനിലായ വൈസ് ക്യാപ്റ്റന്‍ ബാസ്റ്റ്യന്‍ ഷ്വീന്‍സ്റ്റൈഗറില്ലാതെയാവും കളിക്കാനിറങ്ങുക. അതേസമയം, ടോണി ക്രൂസ്, ജെറോം ബോട്ടെങ്ങ്, ലൂയിസ് ഗുസ്തോവ്, തോമസ് മുള്ളര്‍ എന്നിവര്‍ക്ക് ഇന്നും ഒരു മഞ്ഞകാര്‍ഡ് പിണഞ്ഞാല്‍ അടുത്ത മത്സരം വിലക്കപ്പെടുമെന്ന ഭീഷണിയിലാണ്. കാര്യമായ പരിക്കില്ലാതെ ജയിച്ചു കയറാനാവും ബയേണിന്‍െറ ശ്രമം. എന്നാല്‍, ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിച്ചാവും ഫ്രഞ്ച് ക്ളബിന്‍െറ കീഴൊതുങ്ങല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus