Fri, 03/30/2012 - 23:29 ( 1 year 11 weeksago)
മിയാമി ഓപണ്‍ പേസ് സഖ്യം ഫൈനലില്‍
(+)(-) Font Size
മിയാമി ഓപണ്‍ പേസ് സഖ്യം ഫൈനലില്‍

മിയാമി: ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക് റിപ്പബ്ളിക്കിന്‍െറ റഡാക് സ്റ്റെപാനക് സഖ്യം മിയാമി ഓപണ്‍ ടെന്നിസിന്‍െറ ഡബ്ള്‍സ് ഫൈനലില്‍. സെമിയില്‍ ടോപ് സീഡ് അമേരിക്കയുടെ മൈക് ബ്രയാന്‍-ബോബ് ബ്രയാന്‍ സഹോദരങ്ങളെ തോല്‍പിച്ചാണ് ഇന്തോ-ചെക് സഖ്യം കലാശപോരാട്ടത്തിന് ഇടം നേടിയത്. സ്കോര്‍: 6-4, 6-4. അതേസമയം, മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യം തോറ്റ് പുറത്തായതോടെ ഇന്ത്യന്‍ ഫൈനലെന്ന സ്വപ്നം പാതിവഴിയില്‍ വീണുടഞ്ഞു. സെമിയില്‍ രണ്ടാം സീഡ് ബെലറൂസിന്‍െറ മാക്സ് മിര്‍നി-കാനഡയുടെ ഡാനിയല്‍ നെസ്റ്റര്‍ സഖ്യമാണ് ഭൂപതി-ബൊപ്പണ്ണ കൂട്ടുകെട്ടിനെ കീഴടക്കിയത്. സ്കോര്‍: 2-6, 4-6.ആസ്ട്രേലിയന്‍ ഓപണിലും അമേരിക്കന്‍ ഇരട്ടകളെ കീഴടക്കി പേസ്-സ്റ്റെപാനക് സഖ്യം കരുത്ത് തെളിയിച്ചിരുന്നു. മികച്ച ഫോമിലുള്ള ഇന്തോ-ചെക് സഖ്യം ഒരു സെറ്റ് പോലും കീഴടങ്ങാതെയാണ് ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍ വരെയെത്തിയത്. ഫൈനലില്‍ മിര്‍നി-നെസ്റ്റ സഖ്യത്തെ നേരിടും.
വനിതാ വിഭാഗം സിംഗ്ള്‍സ് ഫൈനലില്‍ റഷ്യയുടെ മരിയ ഷറപോവയും പോളണ്ടിന്‍െറ അഗ്നസ്ക റുഡ്വാന്‍സ്കയും തമ്മില്‍ ഏറ്റുമുട്ടും. സെമിയില്‍ നാലാം സീഡ് കരോലിന്‍ വോസ്നിയാകിയെ തോല്‍പിച്ചാണ് ഷറപോവ ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 4-6, 6-2, 6-4. രണ്ടാം സെമിയില്‍ ഇറ്റലിയുടെ മരിയന്‍ ബര്‍തോളിയെ 6-4, 6-2 എന്ന സ്കോറിന് തോല്‍പിച്ചാണ് റുഡ്വാന്‍സ്ക ഫൈനലില്‍ ഇടം നേടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus