May 26 Sun 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

കുരുമുളക് ഇറക്കുമതിക്ക് സമ്മര്‍ദം ഉയരുന്നു

കുരുമുളക് ഇറക്കുമതിക്ക് സമ്മര്‍ദം ഉയരുന്നു

കൊച്ചി: കുരുമുളക് ഇറക്കുമതിക്കുള്ള നീക്കം സജീവമായി. ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറമാണ് ഇറക്കുമതിക്കായി സമ്മര്‍ദം ഉയര്‍ത്തുന്നത്. ഇതിന് സ്പൈസസ് ബോര്‍ഡിന്‍െറ പിന്തുണ ഉണ്ടെന്നാണ് സൂചന. ഇറക്കുമതി നീക്കം ഫലംകണ്ടാല്‍ കുരുമുളക് കര്‍ഷകര്‍ വന്‍തിരിച്ചടി നേരിടേണ്ടിവരും. കേന്ദ്ര കൃഷി മന്ത്രാലയത്തിലും വാണിജ്യ മന്ത്രാലത്തിലും ഇറക്കുമതിക്കുള്ള സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്്.ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കുരുമുളക് ലഭ്യമാക്കാന്‍ ഇറക്കുമതി അനുവദിക്കണമെന്നാണ് കയറ്റുമതിക്കാരുടെ സംഘടന ആവശ്യപ്പെടുന്നത്. എന്നാല്‍, നികുതി ഇളവോടെ ഇറക്കുമതി നടത്തി ആഭ്യന്തര വിപണിയില്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തി ലാഭം കൊയ്യലാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യാപാര കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് വില കുറച്ച് ചരക്ക് ലഭ്യമാക്കലാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഇറക്കുമതി നടത്തിയാല്‍ മതിയാകും. ഇതിന് ശ്രമിക്കാതെ കയറ്റുമതിക്കാരുടെ സംഘടനയുടെ ആവശ്യം പരിഗണിച്ച് ഇറക്കുമതിക്ക് അനുമതി നല്‍കാനാണ് ശ്രമം.കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്ത് കുരുമുളക് ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം പകുതിയായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉയര്‍ന്ന വില ലഭിക്കുന്നുണ്ടെങ്കിലും ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് വില വര്‍ധനയുടെ ഗുണം ലഭിക്കുന്നില്ല. ഊഹക്കച്ചവടക്കാരുടെ ഇടപെടല്‍ മൂലം വിപണിയില്‍ വലിയ ചാഞ്ചാട്ടവും പ്രകടമാണ്.10,000 ടണ്‍ കുരുമുളക് ഇറക്കുമതിക്ക് അനുമതി നല്‍കണമെന്നാണ് സ്പൈസസ് എക്സ്പോര്‍ട്ടേഴ്സിന്‍െറ ആവശ്യം.കുരുമുളകിന്‍െറ ലഭ്യതക്കുറവ് പരിഗണിച്ച് ഇറക്കുമതിക്ക് അനുമതി നല്‍കാമെന്ന നിലപാടാണ് സ്പൈസസ് ബോര്‍ഡിനുള്ളത്. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി തിരിച്ച് കയറ്റുമതി ചെയ്യുന്നതിന് നടത്തുന്ന ഇറക്കുമതിയുടെ മറവിലും ആഭ്യന്തര വിപണിയില്‍ ചരക്ക് വിറ്റഴിക്കുന്നുണ്ട്. അതേസമയം കര്‍ണാടകയിലെ ചിക്മഗളൂരില്‍ കിലോക്ക് 370 രൂപ നിരക്കില്‍ കുരുമുളക് ലഭ്യമാകുന്നുണ്ട്. ഇന്ത്യയില്‍ എവിടെയും 380 രൂപ നിരക്കില്‍ ചരക്ക് എത്തിച്ച് നല്‍കുന്നുമുണ്ട്. ഗുണമേന്മ കൂടിയ കുടക് മുളകിന് 380 രൂപയാണ് വില. കേരളത്തില്‍ 380- 385 രൂപയാണ് വില. ആവര്‍ത്തന കൃഷിക്കായി കുരുമുളക് വള്ളികള്‍ ഇറക്കുമതി ചെയ്യാനുള്ള സ്പൈസസ് ബോര്‍ഡിന്‍െറ നീക്കത്തിനെതിരെയും കര്‍ഷകരുടെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്ന് സംഭരിക്കുന്ന വള്ളികളാണ് കര്‍ണാടകയില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത്. മികച്ച വിളവ് ലഭിക്കുന്നുമുണ്ട്. എന്നാല്‍, കേരളത്തില്‍ ഈ വള്ളികള്‍ ഉപയോഗിച്ച് നടത്തുന്ന കൃഷി വിജയമാകുന്നില്ലെന്നാണ് സ്പൈസസ് ബോര്‍ഡ് പറയുന്നത്. മണ്ണിന്‍െറ ഗുണമേന്മയില്‍ വന്ന വ്യതിയാനമാണ് ഇതിന് കാരണമെന്നും ഇതിന് പരിഹാരം കാണാതെ കുരുമുളക് വള്ളികള്‍ ഇറക്കുമതി ചെയ്യുന്നത് കൃഷി മെച്ചമാക്കാന്‍ സഹായിക്കില്ലെന്നുമാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com