കൊച്ചി: കേന്ദ്ര ബജറ്റിന് പുറമെ സംസ്ഥാന ബജറ്റിലും നികുതി വര്‍ധനയുണ്ടായത് സംസ്ഥാനത്തെ കാര്‍ വിപണിക്ക് തിരിച്ചടിയാകും. ഇനിമുതല്‍ വാഹന വിലയുടെ അടിസ്ഥാനത്തില്‍ റോഡ് നികുതി ഈടാക്കാനാണ് സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവഴി അഞ്ചുലക്ഷം വരെ വിലയുള്ള കാറിന് ആറ് ശതമാനം, 10 ലക്ഷം വരെ എട്ട് ശതമാനം, 10നു മുകളില്‍ 10 ശതമാനം, 15 ലക്ഷത്തിനു മുകളില്‍ 15 ശതമാനം എന്നിങ്ങനെ നികുതി നല്‍കേണ്ടിവരും. നിലവില്‍ 1500 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള കാറുകള്‍ക്ക് വിലയുടെ ആറ് ശതമാനവും അതിന് മുകളിലുള്ളവക്ക് എട്ട് ശതമാനവുമായിരുന്നു റോഡ് നികുതി. കേന്ദ്ര ബജറ്റിലെ എക്സൈസ് നികുതി വര്‍ധനകൂടി വരുന്നതോടെ ചെറുകിട ഇടത്തരം കാറുകള്‍ വാങ്ങാന്‍ മലയാളികള്‍ക്ക് 6000 മുതല്‍ 18000 രൂപവരെ അധികം ചെലവാക്കേണ്ടി വരും.
ചെറുകാറുകള്‍ക്ക് നികുതി 10 ല്‍ നിന്ന് 12 ശതമാനമായാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. വലിയ കാറുകളുടെ നികുതി 22 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി. പൂര്‍ണമായി ഇറക്കുമതി ചെയ്യുന്ന കാറുകളുടെ നികുതി 60ല്‍ നിന്ന് 75 ശതമാനമായും ഉയര്‍ത്തുകയും ചെയ്തിരുന്നു. നിര്‍മാണച്ചെലവ് കൂടിയതിനാല്‍ മിക്കവാറും കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുടെ വില ജനുവരിയില്‍ രണ്ട്- മൂന്ന് ശതമാനം കൂട്ടിയിരുന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ മൂലമുള്ള വിലവര്‍ധന ഡീലര്‍മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.
മാരുതി സുസുക്കി ആള്‍ട്ടോ, സ്വിഫ്റ്റ്, ഹ്യുണ്ടായ് സാന്‍ട്രോ, ഐ10, ടാറ്റ ഇന്‍ഡിക എന്നീ കാറുകളുടെ വിവിധ വേരിയന്‍റുകള്‍ക്ക് 4000 മുതല്‍ 20,000 വരെ വിലവര്‍ധന ഉണ്ടായിട്ടുണ്ട്. മഹീന്ദ്രയുടെ എല്ലാ മോഡലുകള്‍ക്കും മൂന്നുമുതല്‍ നാല് ശതമാനം വരെ വില വര്‍ധന പ്രതീക്ഷിക്കാമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഹോണ്ട സിറ്റി, ടൊയോട്ട കാംറി തുടങ്ങിയവക്കും ബി.എം. ഡബ്ള്യു എക്സ് വണ്‍, ഓഡി ക്യൂ5 തുടങ്ങിയ എസ് യു വികള്‍ക്കും 35000 മുതല്‍ രണ്ട് ലക്ഷം വരെയും അത്യാഡംബര കാറുകളായ ബി.എം.ഡബ്ള്യു 7 സീരീസ്, ബെന്‍സ് എസ് ക്ളാസ് എന്നിവക്ക് നാലുലക്ഷം വരെയും വര്‍ധനയുണ്ടാകും.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഫെരാരി, പോര്‍ഷെ, ജാഗ്വര്‍, കാറുകളുടെ ഇറക്കുമതി 15 ശതമാനം കൂടി ചെലവേറിയതാകും. ഹൈബ്രിഡ് കാറുകളിലെ ലീഥിയം അയണ്‍ ബാറ്ററിയുടെ നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചതാണ് വാഹനവിപണിക്കുണ്ടായ ഏക നേട്ടം. ഇത്തരം കാറുകളുടെ വില നിര്‍ണയിക്കുന്ന ഘടകമെന്ന നിലക്ക് ഈ കുറവ് നിര്‍ണായകവുമാണ്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, വളരെ കുറച്ചു മാത്രം ഹൈബ്രിഡ് കാറുകളുള്ള ഇന്ത്യന്‍ വിപണിക്ക് ഇതിന്‍െറ പ്രയോജനം കിട്ടില്ല്ള്ള. മാത്രമല്ല ഘടകഭാഗങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന വിവിധ നികുതികളും മറ്റും ഇലക്ട്രിക് വാഹനങ്ങളുടെ വില ഒരു ശതമാനം മുതല്‍ 1.5 ശതമാനം വരെ കൂട്ടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മാന്ദ്യത്തിനുശേഷം വളര്‍ച്ച കൈവരിച്ചുതുടങ്ങിയ വാഹന വിപണിക്ക് വന്‍ തിരിച്ചടിയാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഡീലര്‍മാരുടെ കണക്കുകൂട്ടല്‍. ഉയര്‍ന്ന മോഡലുകള്‍ വാങ്ങാനൊരുങ്ങിയവര്‍പോലും താഴ്ന്ന മോഡലുകളിലേക്ക് അന്വേഷണം ചുരുക്കിത്തുടങ്ങിയിട്ടുണ്ട്. പുത്തന്‍ കാറുകള്‍ക്കുണ്ടാകുന്ന വിലവര്‍ധന സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിക്കാണ് പ്രയോജനം ചെയ്യുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍