കൊച്ചി: കുരുമുളക് വിപണിയില്‍ റെക്കോഡ് വര്‍ധന. കേന്ദ്രബജറ്റ് പ്രതികൂലമായതോടെ സ്വര്‍ണ വിപണി വന്‍വര്‍ധനയുടെ സൂചന നല്‍കി. തമിഴ്നാടിന്‍െറ വില്‍പ്പന സമ്മര്‍ദത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ വെളിച്ചെണ്ണ വില ഇടിഞ്ഞു. കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന വിലയുമായി റബര്‍ വിപണി മുന്നോട്ട്. ഉല്‍പ്പാദനക്കുറവുമൂലം വരവ് കുറഞ്ഞതോടെ തേയില വിപണിയില്‍ വിലകൂടി.
റെക്കോഡ് വില രേഖപ്പെടുത്തിയ വാരമാണ് കുരുമുളക് വിപണിയില്‍ കടന്നുപോയത്. വാരാവസാനം വിപണി ക്ളോസ് ചെയ്തപ്പോള്‍ ക്വിന്‍റലിന് 42,400 രൂപ. രണ്ടുദിവസം കൊണ്ട് 2000 രൂപ കൂടിയാണ് ഗാര്‍ബിള്‍ഡിന് ഈ വിലയെത്തിയത്. അണ്‍ഗാര്‍ബിള്‍ഡിന് 40,900 രൂപ. ആഭ്യന്തര ഡിമാന്‍ഡ് നല്ല തോതിലുണ്ട്. എന്നാല്‍, ഉല്‍പ്പാദനക്കുറവ് നിമിത്തം വരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമായത്. ആഗോള വിപണിയിലും വില കൂടി നില്‍ക്കുകയാണ്. ആഭ്യന്തര വിപണിയില്‍ വാരം മൊത്തം റെഡി ഇനങ്ങളില്‍ ക്വിന്‍റലിന് 8400 രൂപയും അവധി ഇനങ്ങളില്‍ 3000 രൂപയും കൂടി.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ഇനത്തിന് 8700 ഡോളറാണ് വില. ഇത് മറ്റിനങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഏകദേശം പുറന്തള്ളപ്പെട്ട അവസ്ഥയിലാണ്.ഇന്തോനേഷ്യന്‍ 8000, ബ്രസീല്‍ 7800, വിയറ്റ്നാം 7500 ഡോളര്‍ എന്നിങ്ങനെയാണ് നിരക്ക്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ക്വിന്‍റലിന് 30,900 രൂപയായിരുന്നു വില.
സ്വര്‍ണാഭരണ വ്യാപാരത്തിന് കേന്ദ്ര എക്സൈസ് തീരുവ ചുമത്തുന്ന ബജറ്റ് നിര്‍ദേശമാണ് പോയവാരം പ്രധാനപ്പെട്ടത്.ബജറ്റ് വിലയിരുത്തുമ്പോള്‍ സ്വര്‍ണത്തിന് വില ഉയരും. വാരാവസാനം ഗ്രാമിന് 2585 രൂപയും പവന് 20,680 രൂപയുമാണ് വില. വെള്ളിയാഴ്ച ഗ്രാമിന് രണ്ടുതവണ വില കൂടി. 2510ല്‍ നിന്ന് ആദ്യം 30 രൂപയും പിന്നീട് 35 രൂപയും ഉയര്‍ന്നു. വാരം മൊത്തം ചെറിയ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. വാരാവസാനം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഔസിന് (31.1 ഗ്രാം) 1660 ഡോളറാണ് വില.
വെളിച്ചെണ്ണ വിപണിയില്‍ പൊതുവെ വിലക്കുറവിന്‍െറ കാലമാണ് കടന്നുപോകുന്നത്. സീസണ്‍ തുടങ്ങി ഉല്‍പ്പാദനം വര്‍ധിച്ചിട്ടും സംഭരണത്തിന് നടപടികളുണ്ടാകാത്തതാണ് വില താഴ്ത്തുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള വില്‍പ്പന സമ്മര്‍ദവും രൂക്ഷമാണ്. വാരാദ്യം ക്വിന്‍റലിന് 6650 രൂപ ആയിരുന്നത് വാരാവസാനം 6400 ലെത്തി.മൊത്തം 150രൂപയുടെ കുറവുണ്ടായി. തുടര്‍ന്നും വില കുറയാനാണ് സാധ്യത. ഉല്‍പ്പാദനം കൂടിയെങ്കിലും വില കുറച്ച്വില്‍ക്കാന്‍ കര്‍ഷകരും തയാറല്ല. ക്വിന്‍റലിന് 4600 രൂപ എന്ന വിലയ്ക്കാണ് കര്‍ഷകര്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നത്. രണ്ടാംതരം എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്നാട് കേരള വിപണി കീഴടക്കിയിരിക്കുന്നു.
റബര്‍ വിപണിയില്‍ കര്‍ഷകര്‍ക്ക് അല്‍പ്പം വില കൂടുതല്‍ ലഭിച്ച വാരമാണ് കടന്നുപോയത്. കിലോക്ക് 190 എന്ന വാരാദ്യവില വാരാവസാനത്തില്‍ 194 ലേക്ക് ഉയര്‍ന്നു. മാര്‍ച്ച് കഴിയുമ്പോഴേക്കും 185- 200 വിലനിരക്ക് രേഖപ്പെടുത്തുമെന്നാണ് സൂചന. അന്താരാഷ്ട്ര വിപണിയില്‍ റബറിന് വലിയ വ്യത്യാസങ്ങളില്ല. എന്നാല്‍, വെട്ടു കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ വില കയറിത്തുടങ്ങി. ഏപ്രില്‍ മൂന്നാം ആഴ്ചയില്‍ വെട്ട് കൂടും.
വരവ് കുറഞ്ഞതോടെ തേയില വിലയില്‍ പോയവാരം വര്‍ധനയുണ്ടായി. ഉല്‍പ്പാദനക്കുറവാണ് തേയില വരവ് കുറയാന്‍ പ്രധാനകാരണം. കയറ്റുമതി ഇനത്തില്‍പ്പെട്ട ഓര്‍ത്തഡോക്സ് ഇലത്തേയിലക്കും സി.ടി.സി ഇലത്തേയിലക്കും കിലോക്ക് രണ്ട് രൂപ വീതവും ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള സി.ടി.സി പൊടിത്തേയിലക്ക് നാലുരൂപയും ഉയര്‍ന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍