മമ്താ മിസോറം... മമ്താ...

മമ്താ   മിസോറം...  മമ്താ...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെപ്പറ്റി പഠിക്കുന്നതിന് സംഘടിപ്പിച്ച ‘ഇന്‍റര്‍ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് ആന്‍ഡ് ഹോംസ്റ്റേ’ പ്രോഗ്രാമില്‍ പങ്കെടുക്കാനായാണ് ഞങ്ങള്‍ മിസോറമിലെത്തിയത്. ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ യൂനിവേഴ്സിറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്.
കൊല്‍ക്കത്ത, ഗുവാഹതി വഴിയായിരുന്നു യാത്ര. ഗുവാഹതിയില്‍നിന്ന് മിസോറമിലേക്കുള്ള യാത്ര കൊടുംകാടിന് നടുവിലെ ഇടുങ്ങിയ റോഡിലൂടെയാണ്. ഇവിടെ വിഘടനവാദികള്‍ സ്ഥിരമായി കുഴിബോംബ് വെക്കാറുണ്ടെന്നും യാത്രക്കാരെ ബന്ദികളാക്കാറുണ്ടെന്നും അറിഞ്ഞപ്പോള്‍ മനോഹരമായ ആ കാട്ടുപാതയില്‍ പെട്ടെന്ന് ഇരുള്‍മൂടിയപോലെ... കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്കുമാത്രം പോവാന്‍ കഴിയുന്ന, പൊടിപാറുന്ന റോഡ്്.
17 മണിക്കൂര്‍ യാത്രക്കുശേഷം ബസ് മിസോറമില്‍ പ്രവേശിച്ചു. റോഡിനിരുവശവും കൊടുംകാട്. എട്ട് ജില്ലകളോടുകൂടിയ, 10,91,014 മാത്രം ജനസംഖ്യയുള്ള മിസോറം എന്ന കൊച്ചുസംസ്ഥാനത്തിന്‍െറ മിക്ക ഭാഗങ്ങളും കാടുകളാല്‍ ചുറ്റപ്പെട്ടതാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും തെക്കേ അറ്റത്താണ് മിസോറം. ത്രിപുര, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളുമായും ബംഗ്ളാദേശ്, മ്യാന്മര്‍ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു എന്നതിനാല്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശംകൂടിയാണിത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസം, അരുണാചല്‍, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, ത്രിപുര, മിസോറം എന്നീ ഏഴ് സഹോദരിമാരില്‍ (Seven Sister States) മിസോറം തികച്ചും വ്യത്യസ്തയാണ്. കേരളം കഴിഞ്ഞാല്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം എന്നതുതന്നെയാണ് അവരെ വ്യത്യസ്തരാക്കുന്നത്. സുരക്ഷിതത്വമാണ് മിസോറമിന്‍െറ പ്രത്യേകത. മാവോവാദികളോ ഉള്‍ഫകളോ വിഘടനവാദികളോ ഇല്ല എന്നതിനാല്‍തന്നെ Land of Peace (സമാധാന ദേശം) എന്നാണ് മിസോറം അറിയപ്പെടുന്നത്. മിസോകള്‍ക്ക് പാശ്ചാത്യന്‍ ഉച്ചാരണശൈലിയില്‍ ഇംഗ്ളീഷ് പച്ചവെള്ളംപോലെ കൈകാര്യം ചെയ്യാനാവും.
അതിര്‍ത്തിയില്‍നിന്ന് എട്ടു മണിക്കൂര്‍കൂടി യാത്രചെയ്തപ്പോള്‍ തലസ്ഥാനവും ഞങ്ങളുടെ ക്യാമ്പ് സ്ഥലവുമായ ഐസോളി (AIZAWL)ല്‍ എത്തി. ഗ്രൗണ്ട്പ്ളയിന്‍ എന്നാണ് പ്രാദേശിക ഭാഷയില്‍ ഐസോളിന്‍െറ അര്‍ഥം. 1890ല്‍ ബ്രിട്ടീഷുകാര്‍ ഈ നഗരം നില്‍ക്കുന്ന സ്ഥാനത്ത് അസം റൈഫിള്‍സിന്‍െറ ഒരു പോസ്റ്റ് സ്ഥാപിക്കുമ്പോള്‍ ഇവിടെ ജനവാസം തീരെ ഉണ്ടായിരുന്നില്ല. പിന്നീട് പട്ടാളം വെട്ടിത്തെളിച്ച വഴിയും വാസയോഗ്യമാക്കിയ സ്ഥലവുമുപയേഗിച്ച് നഗരജീവിതം തുടങ്ങിയ ആദിവാസികളാണ് ഐസോള്‍ നഗരത്തിന്‍െറ പിതാക്കള്‍. അസം റൈഫിള്‍സിലെ ഡി.ഐ.ജി എസ്.കെ. വര്‍മയാണ് ഇക്കാര്യം പറഞ്ഞുതന്നത്.
മിസോറം ഭവനങ്ങളില്‍ അതിഥികളായി കഴിയാന്‍ ഞങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. മിസോറം സംസ്കാരത്തെ തൊട്ടറിയുക എന്നതായിരുന്നു ലക്ഷ്യം.
ചോവുന്‍ പുയി വെങ് (Chawn Pui Veng) സ്ട്രീറ്റില്‍, ഷിയത എന്ന പ്ളസ്ടു വിദ്യാര്‍ഥിയുടെ വീട്ടിലായിരുന്നു എന്‍െറ താമസം. വീട്ടില്‍ ഷിയതയുടെ അച്ഛനമ്മമാരും രണ്ട് അനിയന്മാരുമുണ്ട്. അച്ഛന്‍ ഗവ. ഹോസ്പിറ്റലിലെ നഴ്സാണ്. ചെന്നുകയറിയപ്പോള്‍തന്നെ ഹൃദ്യമായി സ്വീകരിച്ച വീട്ടുകാര്‍ പക്ഷേ, കുടിക്കാന്‍ വെള്ളമോ ചായയോ തന്നില്ല. കാരണം, വെല്‍കം ഡ്രിങ്ക് എന്ന സര്‍ബത്ത് സംസ്കാരം അവര്‍ക്ക് കേട്ടുകേള്‍വിപോലുമില്ലാത്തതാണ്.
വീട്ടില്‍ എല്ലാവരും ചെരിപ്പിട്ടാണ് കയറുന്നത്. ചെരിപ്പൂരാന്‍ തുനിഞ്ഞ എന്നെ അതിടുവാന്‍ അവര്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചു. എല്ലാ മിസോ ഭവനങ്ങളിലെയുംപോലെ ഷിയതയുടെ വീട്ടിലും കയറിച്ചെല്ലുന്ന മുറി അടുക്കളയും സിറ്റിങ് റൂമും ഡൈനിങ് റൂമും അടങ്ങിയ വലിയ ഹാളായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. അടുക്കളയും സിറ്റിങ് റൂമും കര്‍ട്ടനിട്ട് വേര്‍തിരിച്ചിരിക്കുന്നു. എങ്കിലും പൂമുഖ വാതിലില്‍ നിന്നാല്‍ അടുക്കള ദൃശ്യമാകും. ബെഡ്റൂം മാത്രമേ ചുവരിട്ട് വേര്‍തിരിച്ചിട്ടുളളൂ. മറ്റ് ആര്‍ഭാടങ്ങള്‍ ഒന്നുംതന്നെയില്ല. ജീവിതകാലം മുഴുവന്‍ വിദേശത്ത് കഷ്ടപ്പെട്ട് സമ്പാദ്യം മുഴുവന്‍ വീടുണ്ടാക്കിത്തീര്‍ക്കുന്ന നമ്മുടെ നാട്ടുകാരുടെ രീതി ഷിയതയോട് പറഞ്ഞെങ്കിലും അവന്‍ വിശ്വസിച്ചു എന്നെനിക്ക് തോന്നിയില്ല.
വൈകുന്നേരം 5.30 ആയപ്പോഴേക്കും അവര്‍ ഭക്ഷണം ഒരുക്കി. എല്ലാവരുടെയും പ്ളേറ്റില്‍ ഓരോ വലിയ സ്പൂണ്‍ വെച്ചിട്ടുണ്ട്. അതുപയോഗിച്ച് വേണ്ട കറിയും കൂട്ടാനും നമ്മുടെ പാത്രത്തിലേക്കിടാം. അതുപോലെത്തന്നെ, ആരും നമ്മുടെ പാത്രത്തിലേക്ക് ഇട്ടുതരില്ല. നമുക്ക് വേണ്ടത് എടുത്ത് കഴിക്കാം.
ദിവസത്തില്‍ രണ്ടുതവണ മാത്രമാണ് മിസോകള്‍ ഭക്ഷണം കഴിക്കുന്നത്. ഇനി രാവിലെ എട്ടു മണിക്കാണ് അടുത്ത ഭക്ഷണം എന്നതിനാല്‍ കിട്ടിയത് മുഴുവന്‍ വെട്ടിവിഴുങ്ങി. നെയ്ച്ചോറരിപോലത്തെ മിനുസമുള്ള അരികൊണ്ടുള്ള ചോറും ദാല്‍കറിയും ഉരുളക്കിഴങ്ങ് പൊരിച്ചതും പിന്നെ ഇലക്കറികൊണ്ടുള്ള, ‘ചിന്‍ങ്ങിത്’ (Chingit) എന്ന പ്രാദേശിക നാമമുള്ള ഒരുതരം സൂപ്പും കൂടാതെ കാട്ടുചെടികള്‍കൊണ്ടുണ്ടാക്കിയ ബെഹ്ലാള്‍ (Behlawl) എന്ന കൂട്ടുകറിയും കടുത്ത എരിവുള്ള അച്ചാറും ചേര്‍ന്നതായിരുന്നു മെനു. അടുത്ത ദിവസത്തെ പ്രഭാതഭക്ഷണത്തിനും ഇതേ മെനുവായിരുന്നെങ്കിലും പന്നിയിറച്ചിയും മീനും അധികമായി ഉണ്ടായിരുന്നു. ഞാന്‍ പന്നിയിറച്ചി കഴിക്കില്ല എന്നറിഞ്ഞതിനാലാവണം മീനുംകൂടി കരുതിയത്.
ഭക്ഷണത്തിനുമുമ്പ് ഷിയത പ്രാര്‍ഥിച്ചു. മിസോകളില്‍ 91 ശതമാനം പേരും ക്രിസ്ത്യന്‍ വിഭാഗക്കാരാണ്. ബ്രിട്ടീഷ് അധിനിവേശത്തോടൊപ്പം ഇവിടെയെത്തിയ മിഷനറിമാരാണ് ക്രിസ്തുമതവ്യാപനത്തിനിടയാക്കിയത്. ഹിന്ദു, ബുദ്ധ, സിഖ്, ജൈന മതസ്ഥരും അപൂര്‍വമായി മുസ്ലിംകളുമുണ്ട്.
പിറ്റേന്ന് ഐസോള്‍ നഗരം ചുറ്റാനിറങ്ങി. നഗരത്തിന്‍െറ മുകളിലെത്താന്‍ ഒന്നുകില്‍ പടികള്‍ കയറണം, അല്ലെങ്കില്‍ ടാക്സി വിളിക്കണം. ടാക്സിയില്‍ മുകളിലെത്തണമെങ്കില്‍ ഒരാള്‍ക്ക് 15 രൂപ കൊടുക്കണം. മാരുതി കാറുകളാണ് ടാക്സിയായി ഓടുന്നത്. കയറ്റങ്ങള്‍ ആയതിനാലാവണം ഒറ്റ ഓട്ടോറിക്ഷപോലും ആ നാട്ടില്‍ കണ്ടില്ല. മിക്കവാറും ടാക്സികള്‍ ഓടിക്കുന്നത് പാര്‍ട്ട്ടൈം ആയി ജോലിചെയ്യുന്ന വിദ്യാര്‍ഥികളാണ്. നഗരത്തിലെ തിരക്ക് കുറക്കാനായി ടാക്സികളെ എ, ബി, സി എന്നീ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. ഒരു ദിവസം എ, ബി എന്നീ ടാക്സികള്‍ ഓടും. സി വിശ്രമിക്കും. അടുത്ത ദിവസം എക്ക് വിശ്രമം. ബിയും സിയും ഓടും. സമ്പന്നര്‍പോലും സ്വന്തം കാര്‍ എന്നത് ഒരു ആര്‍ഭാടമായാണ് കാണുന്നത്. ഹോസ്പിറ്റലിലെ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു വണ്ടി വാങ്ങുകയും അതില്‍ ഒരുമിച്ച് ഹോസ്പിറ്റലിലേക്കും തിരിച്ചും പോകുമെന്നും ഷിയത പറഞ്ഞു.
റോഡിനിരുവശത്തും ബാനറോ പോസ്റ്ററോ ചുവരെഴുത്തോ കാണാനായില്ല. വഴിയില്‍ ആരും മദ്യപിച്ച് ബഹളം വെക്കുകയോ വഴിയാത്രക്കാരെ ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. അല്‍പം മാറി ഒരു മിഷനറി മൈക്കിലൂടെ പ്രസംഗിച്ച് നില്‍ക്കുന്നത് കണ്ടു. പക്ഷേ, അദ്ദേഹത്തിനു മുന്നിലെ കസേരകള്‍ ശൂന്യമായിരുന്നു. അലയുന്ന കന്നുകാലികളോ തെരുവുനായ്ക്കളോ തീരെ ഇല്ല. യാചകരില്ലാത്ത സംസ്ഥാനം എന്ന് ഷിയത പറഞ്ഞപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചുവെങ്കിലും ആരെയും കാണാതായപ്പോള്‍ വിശ്വസിക്കേണ്ടിവന്നു.
ഉച്ചസമയം, നല്ല വിശപ്പ്. കുറെയേറെ നടക്കേണ്ടിവന്നു ഒരു റസ്റ്റാറന്‍റ് കണ്ടെത്താന്‍. മിസോകള്‍ രണ്ടു നേരം മാത്രം കഴിക്കുന്നതിനാലാവണം തിരക്ക് തുലോം കുറവായിരുന്നു.
ലിച്ചിയും മുന്തിരിയും വാറ്റിയുണ്ടാക്കിയ സോള്‍ ഐഡി (Zawl aldi) എന്ന ബിയര്‍ മിസോകളുടെ ഇഷ്ട ലഹരിയാണ്. ഇതും അച്ഛനമ്മമാരുടെ അറിവോടെ ഇളംപ്രായക്കാര്‍ അകത്താക്കുന്നു. വലിക്കാനും കുടിക്കാനുമുള്ള ഷിയതയുടെ നിര്‍ബന്ധം നിരസിക്കാന്‍ എനിക്ക് ഏറെ പാടുപെടേണ്ടിവന്നു.
യാത്രക്കിടെ ഷിയതയുടെ കൂട്ടുകാരി ജസീക്കയെ പരിചയപ്പെട്ടു. മിസോയിലെ പെണ്‍ജീവിതത്തെക്കുറിച്ച് ജസീക്ക ഏറെ സംസാരിച്ചു. ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മിസോ സ്ത്രീ പരിപൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കുന്നവളാണ്. എല്ലാ സ്ത്രീകളും പഠിക്കാനോ ജോലിക്കോ വേണ്ടി ദിവസവും വീടിന് പുറത്തിറങ്ങുന്നു. സ്ത്രീകള്‍ മാത്രം നടത്തുന്ന തുണിക്കട മുതല്‍ ഇറച്ചിക്കടവരെ അവിടെ എനിക്ക് കാണാന്‍ സാധിച്ചു. രാത്രി ഏറെ വൈകിയും സ്ത്രീകള്‍ നഗരത്തിലൂടെ നടന്നുനീങ്ങുന്നു.
ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീരപ്രകൃതിയായതിനാലാണോ എന്നറിയില്ല, എല്ലാ സ്ത്രീകളും ഹീലുള്ള ചെരിപ്പും ഇടുങ്ങിയ വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. ടീഷര്‍ട്ടും ജീന്‍സുമാണ് വേഷം. ആരും ആഭരണങ്ങള്‍, വിശിഷ്യ സ്വര്‍ണാഭരണം അണിഞ്ഞുകണ്ടില്ല. ഒരു ദിവസം മുഴുവന്‍ നടന്നിട്ടും ഒറ്റ ജ്വല്ലറിയും ഐസോളിലെ തെരുവില്‍ ഞാന്‍ കണ്ടതുമില്ല.
സ്ത്രീധനം എന്ന സമ്പ്രദായം മിസോറമിലില്ല. പകരം, കല്യാണവേളയില്‍ ചെറുക്കന്‍ ചര്‍ച്ചില്‍വെച്ച് അവളുടെ പിതാവിന് 420 രൂപ പെണ്ണിന്‍െറ വിലയായി നല്‍കും. എന്താണ് ഈ 420 രൂപയുടെ കണക്ക് എന്നുചോദിച്ചപ്പോള്‍ അത് കാലങ്ങളായി ചര്‍ച്ച് തിട്ടപ്പെടുത്തിയ സംഖ്യയാണ് എന്നായിരുന്നു മറുപടി. ‘മിസോറമില്‍ വിവാഹമോചനം തീരെ കുറവാണ്. ഒരുമിച്ച് ജീവിച്ച് ഇഷ്ടപ്പെട്ടാല്‍ മാത്രമേ വിവാഹം എന്ന കടമ്പക്ക് ഞങ്ങള്‍ മുതിരൂ എന്നതിനാലാണത്!’ -ഷിയത അഭിമാനത്തോടെ പറഞ്ഞു.
അടുത്ത ദിവസം ദു:ഖവെള്ളിയായിരുന്നു. രാവിലെത്തന്നെ ഒരു അതിഥി വീട്ടില്‍ വന്നു, മിസോറം മുന്‍ വിദ്യാഭ്യാസമന്ത്രി ഡോ. ലാല്‍ തഗ്ളിയാന (Dr. Lal Thagliana). പള്ളിയില്‍ ദു:ഖവെള്ളിയോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക കുര്‍ബാനയിലേക്ക് വീട്ടുകാരെ ക്ഷണിക്കാന്‍ വന്നതാണദ്ദേഹം. കേരളത്തില്‍ വന്നിട്ടുണ്ടെന്നും അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ അറിയാമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഉടനെ പറഞ്ഞു, സൂപ്പിക്ക എന്‍െറ നാട്ടുകാരനാണെന്ന്.
ഇവിടെ മതം രാഷ്ട്രീയത്തില്‍ കാതലായ സ്വാധീനം വഹിക്കുന്നുണ്ട്. ചര്‍ച്ചുമായി അടുത്ത ബന്ധമുള്ളവരായിരിക്കും മിക്ക സ്ഥാനാര്‍ഥികളും. മുഖ്യമന്ത്രിയുള്‍പ്പെടെ സര്‍വനേതാക്കളും ഞായറാഴ്ചകളില്‍ ഉറപ്പായും പള്ളിയില്‍ എത്തും. മിഷനറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി മിസോറമില്‍ കഴിയുന്ന മലയാളികളുണ്ട്. പക്ഷേ, ആരെയും നേരിട്ട് കാണാനായില്ല. അവസാന രണ്ടു ദിവസം അസമിലെ ഗുവാഹതിയിലായിരുന്നു ക്യാമ്പ്. മിസോറമില്‍നിന്ന് ഗുവാഹതിയിലേക്കുള്ള മീറ്റര്‍ ഗേജ് വണ്ടിയില്‍ കയറുമ്പോള്‍ മനസ്സു പറഞ്ഞു: ‘മംമ്ത... മിസോറം... മംമ്ത...’ (വിട... മിസോറം... വിട...).


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus