12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

ഫിസിയോതെറപ്പി ചികിത്സാശാഖയല്ല

ഫിസിയോതെറപ്പി ഒരു ചികില്‍സാ ശാഖയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്്. മെഡിക്കല്‍ രംഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുത്ത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പറയാതെ വയ്യ. ഇതു സംബന്ധിച്ച് ജനങ്ങളുടെ അറിവിലേക്കായി ചില വസ്തുതകള്‍ സൂചിപ്പിക്കട്ടെ.
രോഗചികിത്സക്ക് ഡോക്ടര്‍മാര്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. മരുന്ന്, ശസ്ത്രക്രിയകള്‍, റേഡിയേഷന്‍, ഡീഫിബ്രിലേഷന്‍ അടക്കമുള്ള അടിയന്തര ചികിത്സകള്‍ എന്നീ മാര്‍ഗങ്ങളാണ് പ്രധാനമായും ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്. സ്പീച്ച് തെറപ്പി, ഫിസിയോതെറപ്പി, മസാജിങ്, ഒക്യുപേഷനല്‍ തെറപ്പി, റിക്രിയേഷന്‍ തെറപ്പി, ആര്‍ട്ട് തെറപ്പി, മ്യൂസിക് തെറപ്പി, അക്യൂപംക്ചര്‍ തുടങ്ങിയവയും വിവിധ രോഗികള്‍ക്ക് അസുഖം മെച്ചപ്പെടുന്നതിന് സഹായകമാകാറുണ്ട്. ഒരു ശമനമാര്‍ഗം എന്ന നിലയില്‍ നഴ്സിങ് പരിചരണവും ഫാര്‍മസിസ്റ്റിന്‍െറ സേവനവുംപോലെത്തന്നെ ഈ തെറപ്പികളും ലോകമെമ്പാടും ഡോക്ടര്‍മാര്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍, രോഗശമനത്തിന് ഉപയോഗിക്കുന്ന ഒരു മാര്‍ഗം മാത്രം ചേര്‍ന്നാല്‍ അത് ചികിത്സയാകുന്നില്ലല്ലോ.
ഇന്ത്യയില്‍ ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍, ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡോക്ടര്‍മാര്‍, ഹോമിയോ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ എന്നിവര്‍ക്കു മാത്രമേ രോഗനിര്‍ണയത്തിനും ചികിത്സിക്കുന്നതിനുമുള്ള അധികാരമുള്ളൂ. ദന്തരോഗ വിദഗ്ധര്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‍െറ ഭാഗവും ഇന്ത്യന്‍ ഡെന്‍റല്‍ കൗണ്‍സില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍െറ തുടര്‍ച്ചയുമാണ്. ഇപ്രകാരം രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനും ഇന്ത്യയില്‍ അടിസ്ഥാനപരമായ യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ് എന്നിവയാണ് ഈ അടിസ്ഥാന യോഗ്യതകള്‍. മെഡിക്കല്‍ സ്പെഷാലിറ്റി ഈ അടിസ്ഥാനയോഗ്യത നേടിയവര്‍ അതത് മേഖലകളില്‍ നടത്തുന്ന ഉപരിപഠനമാണ്. ഫിസിയോതെറപ്പി ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും മെഡിക്കല്‍ ബിരുദമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അങ്ങനെ അംഗീകരിക്കാത്തിടത്തോളം ഫിസിയോതെറപ്പിസ്റ്റിന് രോഗനിര്‍ണയത്തിനോ ചികിത്സ നിശ്ചയിക്കാനോ അവകാശമില്ല.
കൂടാതെ, ഫിസിയോതെറപ്പി ഒരു ചികിത്സാശാഖയല്ല. ലോകത്തെ ഒരു രാജ്യവും ഫിസിയോതെറപ്പി പ്രത്യേക ചികിത്സാവിഭാഗമായി അംഗീകരിച്ചിട്ടില്ല. ഇന്ത്യയുള്‍പ്പെടെ എല്ലായിടത്തും ഫിസിയോതെറപ്പി രോഗചികിത്സക്കുപയോഗിക്കുന്ന ഒരു മാര്‍ഗം മാത്രമാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗനിര്‍ണയത്തിനുശേഷം ചികിത്സ വിധിക്കുമ്പോള്‍ ആവശ്യമായ രോഗങ്ങളുടെ ചികിത്സക്കായി ഫിസിയോതെറപ്പി ഉപയോഗിക്കാറുണ്ട്. പക്ഷേ, രോഗനിര്‍ണയത്തിന് യോഗ്യതയുള്ള ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തിയതിനുശേഷം മാത്രമേ ഫിസിയോതെറപ്പി ചികിത്സക്കായി അവലംബിക്കാറുള്ളൂ. ഫിസിയോതെറപ്പി എന്ന മാര്‍ഗം രോഗികളില്‍ മെഡിക്കല്‍ ഉപദേശപ്രകാരം പ്രയോഗിക്കാന്‍ വൈദഗ്ധ്യം നേടിയവരാണ് ഫിസിയോതെറപ്പിസ്റ്റുകള്‍.
വികസിത രാജ്യങ്ങളില്‍ മറ്റെല്ലാ മെഡിക്കല്‍, പാരാമെഡിക്കല്‍ വിഭാഗങ്ങളെയുംപോലെ ഫിസിയോതെറപ്പി മേഖലയും വളര്‍ച്ച നേടിയിരിക്കാം. എന്നാല്‍, ഈ വളര്‍ച്ചയെ രോഗനിര്‍ണയത്തിനും ചികിത്സ വിധിക്കാനുമുള്ള അധികാരമായി ദുര്‍വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശ്യത്തോടുകൂടിയാണ്. ഫിസിയോതെറപ്പിസ്റ്റുകളുടെ എണ്ണം കൂടുതലുള്ള രാഷ്ട്രങ്ങളില്‍, ഇന്ത്യയിലെ നഴ്സിങ് കൗണ്‍സില്‍, ഫാര്‍മസി കൗണ്‍സില്‍ എന്നിവപോലെ പ്രത്യേക കൗണ്‍സിലുകള്‍ നിലവിലുണ്ട്. ഈ ഫിസിയോതെറപ്പി കൗണ്‍സിലുകള്‍ നിയന്ത്രിക്കുന്നത് മുഴുവന്‍ മെഡിക്കല്‍ ഡോക്ടര്‍മാരാണ്. പ്രത്യേക കൗണ്‍സില്‍ എന്നാല്‍ സ്വതന്ത്ര കൗണ്‍സില്‍ എന്ന് അര്‍ഥമില്ല.
കഠിനാധ്വാനത്തിന്‍െറ അഞ്ചര വര്‍ഷം നീളുന്ന മെഡിക്കല്‍ കോഴ്സാണ് ഒരാളെ രോഗനിര്‍ണയത്തിന് പ്രാപ്തനാക്കുന്നത്. ഫിസിയോതെറപ്പിക്ക് ഇന്ത്യയില്‍ ഏകീകൃത പഠനരീതികളോ കോഴ്സുകളോ ഇല്ല. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൊഴില്‍പരിചയമായും മൂന്നുമാസത്തെ ട്രെയ്നിങ്ങായും രണ്ടു വര്‍ഷം മുതല്‍ നാലു വര്‍ഷം വരെ നീളുന്ന കോഴ്സുകളായുമെല്ലാം അത് ഇന്ത്യയില്‍ പഠിപ്പിക്കുന്നു. എന്തിനേറെ, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കറസ്പോണ്ടന്‍സ് കോഴ്സുകളായും ബി.പി.ടിയും എം.പി.ടിയും പഠിപ്പിക്കുന്നുണ്ട്. മറ്റേതൊരു പാരാമെഡിക്കല്‍ വിഭാഗത്തെയും പോലെ അനാട്ടമിയും ഫിസിയോളജിയും അടക്കമുള്ള വിഷയങ്ങള്‍ അവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തദ്വിഷയങ്ങളുടെ അടിസ്ഥാനപഠനം നഴ്സിങ് ഫാര്‍മസി വിദ്യാര്‍ഥികളെപ്പോലെ അവര്‍ക്കും നല്‍കപ്പെടുന്നു. അതത് മേഖലകളില്‍ ചികിത്സകരുടെ സഹായി എന്ന നിലയില്‍ അടിസ്ഥാന മെഡിക്കല്‍ പരിജ്ഞാനം ആര്‍ജിക്കുന്നതിനാണ് ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നത്. മനുഷ്യശരീരം കീറിമുറിച്ചോ ലാബുകളിലും ക്ളിനിക്കുകളിലും ദിനേന മണിക്കൂറുകള്‍ ചെലവഴിച്ചോ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി പഠിക്കുന്നതിന്‍െറ ചെറിയൊരംശം മാത്രമേ ഇവര്‍ പഠിക്കുന്നുള്ളൂ. ഈ വിഷയങ്ങളിലെ വെറും പഠനം ചികിത്സക്കുള്ള അധികാരമല്ല എന്നത് സുപ്രീംകോടതി (Poonanvarma Vs Ashwin Patel and others 1996 -for SCC 32) വ്യക്തമാക്കിയതാണ്.
ഫിസിയോതെറപ്പിസ്റ്റുകള്‍ മരുന്നില്ലാതെ ചികിത്സിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് അര്‍ഥശൂന്യമാണ്. മരുന്ന് ചികിത്സയുടെ ഒരു ഘടകം മാത്രമാണ്. ഉദാഹരണത്തിന്, ഒരു സര്‍ജന്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഒരു മരുന്നും ഉപയോഗിക്കുന്നില്ല. ശസ്ത്രക്രിയക്കുശേഷം മുറിവ് ഉണങ്ങുന്നതിനു മാത്രമേ അദ്ദേഹം മരുന്ന് ഉപയോഗിക്കുന്നുള്ളൂ. ആയുര്‍വേദ ചികിത്സയിലും എല്ലാ രോഗത്തിനും മരുന്നുപയോഗിച്ചുള്ള ചികിത്സയല്ല . ഈ വിഷയം സുപ്രീംകോടതി, Dr. Mukhtiar Chand and Others Vs State of Punjab and Others എന്ന കേസിലെ വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ) അന്തര്‍ദേശീയതലത്തില്‍ വികസിതരാഷ്ട്രങ്ങളിലെ നിലവാരം വെച്ച് നഴ്സിങ്ങിനെയും ഫാര്‍മസിയെയും ഫിസിയോതെറപ്പിയെയും പ്രത്യേക കാറ്റഗറിയായി തരംതിരിച്ചിട്ടുണ്ട്. അതിന്‍െറ അര്‍ഥം ഫിസിയോതെറപ്പിയും നഴ്സിങ്ങും ഫാര്‍മസിയും പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ അല്ല എന്നല്ല. ഇന്ത്യയില്‍ നിലവില്‍ നഴ്സിങ്ങും ഫാര്‍മസിയും പ്രത്യേകവിഭാഗങ്ങളാണ്. അതിനര്‍ഥം അവ ചികിത്സാശാഖകളാണ് എന്നുമല്ല.
ഫിസിയോതെറപ്പി ഒന്നും രണ്ടും ലോകയുദ്ധകാലത്താണ് വളര്‍ച്ചപ്രാപിച്ചത്. യുദ്ധത്തില്‍ മുറിവേറ്റ സൈനികരുടെ ചികിത്സക്ക് ഉപോദ്ബലകമാകത്തക്കവണ്ണം വ്യായാമങ്ങള്‍ ചെയ്യിക്കുക, ചൂട് വെക്കുക, തണുപ്പ് വെക്കുക, മസാജ് ചെയ്യുക തുടങ്ങിയവക്ക് വേണ്ടി പട്ടാളത്തിലെ നഴ്സുമാരുടെ ശിക്ഷണത്തില്‍ പഠിപ്പിക്കപ്പെട്ട സിവിലിയന്‍സ് ആണ് ആദ്യകാല ഫിസിയോതെറപ്പിസ്റ്റുകള്‍. ഫിസിയോതെറപ്പി പാരാമെഡിക്കല്‍ വിഭാഗമാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാണല്ലോ. ഇന്നും വികസിത രാഷ്ട്രങ്ങളില്‍ മെഡിക്കല്‍ ടീമില്‍ നഴ്സിനും ഫാര്‍മസിസ്റ്റിനും താഴെയായാണ് ഫിസിയോതെറപ്പിസ്റ്റിന്‍െറ സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പാരാമെഡിക്കല്‍ എന്നത് ഒരു അധിക്ഷേപ വാക്കായല്ല കാണുന്നത്. ചികിത്സയില്‍ ഡോക്ടര്‍മാരോടൊപ്പമോ അതിലധികമോ രോഗികളോടിടപഴകുന്നവരും ഡോക്ടര്‍ നിര്‍ദേശിക്കുന്ന ചികിത്സാവിധികള്‍ കൃത്യമായി നടപ്പാക്കി രോഗികളെ സേവിക്കുന്നവരുമാണവര്‍.
ഫിസിയോതെറപ്പിസ്റ്റ് ഇന്ത്യയില്‍ സ്വതന്ത്ര കൗണ്‍സില്‍ ആവശ്യപ്പെടുന്നത് ആധുനിക വൈദ്യശാസ്ത്രമേഖലയിലേക്ക് അടിസ്ഥാനയോഗ്യതയില്ലാതെ നുഴഞ്ഞുകയറാന്‍ വേണ്ടിയാണ്. സ്വതന്ത്ര ഫിസിയോതെറപ്പി കൗണ്‍സില്‍ എന്ന രൂപത്തില്‍ അവര്‍ ആവശ്യപ്പെടുന്നത് ഒരു സമാന്തര മെഡിക്കല്‍ കൗണ്‍സില്‍ ആണ്. ഇന്ത്യയില്‍ അംഗീകൃത മെഡിക്കല്‍ ശാഖകള്‍ക്കല്ലാതെ മറ്റാര്‍ക്കും സ്വതന്ത്ര കൗണ്‍സില്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ല. സ്വതന്ത്ര മെഡിക്കല്‍ കൗണ്‍സില്‍ എന്ന ആവശ്യം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെത്തന്നെ തുരങ്കം വെക്കുന്ന ഒന്നാണ്. കേരളത്തില്‍ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ മാത്രമാണ് ഫിസിയോതെറപ്പി കോഴ്സുകള്‍ നിലവിലുള്ളത്. ഈ കോഴ്സുകളുടെയും കോളജുകളുടെയും അംഗീകാരം നിശ്ചയിക്കുന്നത് ഒരു നിയമസാധുതയും ഇല്ലാത്ത ഫിസിയോതെറപ്പിസ്റ്റുകളുടെ അസോസിയേഷനാണ്. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ‘പ്രാക്ടിസിങ് സര്‍ട്ടിഫിക്കറ്റ്’ നല്‍കുന്നതുപോലും ഈ സംഘടനയാണ്. ഡോക്ടര്‍മാര്‍ക്ക് ഫിസിയോതെറപ്പിയോട് ഒരു എതിര്‍പ്പുമില്ല. ഡോക്ടര്‍മാര്‍ പറയുന്നത്, ഫിസിയോതെറപ്പിസ്റ്റുകള്‍ തങ്ങളുടെ മേഖലയുടെ വികാസം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ വിദേശരാജ്യങ്ങളിലുള്ളതുപോലെ വിവിധ തെറപ്പികള്‍ കൊടുക്കുന്ന രീതിശാസ്ത്രം പഠിക്കാനും വികസിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത് എന്നാണ്. അല്ലാതെ മെഡിക്കല്‍ ഡോക്ടര്‍മാരായി ചമയാനും പിന്‍വാതിലിലൂടെ മെഡിക്കല്‍ വിദ്യാഭ്യാസം നേടി എന്ന് പ്രഖ്യാപിക്കാനുമല്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com