പഴയ നിദ്രയും പുതിയ ഉണര്‍വുകളും

പഴയ നിദ്രയും പുതിയ ഉണര്‍വുകളും

ഒരു ചലച്ചിത്രകാരന്‍ പഴയ കാലത്തെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനു പിന്നിലെ ചേതോവികാരം എന്തായിരിക്കും? അയാളിലെ ഏത് സര്‍ഗചോദനയെയാവും അത് തൃപ്തിപ്പെടുത്തുക? പൂര്‍ണമായ ഒരു സൃഷ്ടിയെയയാണ് അയാള്‍ പുനരാവിഷ്കരിക്കുന്നത്. തികഞ്ഞ ഒരു മാതൃക മുന്നിലിരിക്കുമ്പോള്‍ അതില്‍നിന്നു വേറിട്ട ഒരു പുതിയ കാഴ്ച, അല്ലെങ്കില്‍ ഒരു പുതിയ വ്യാഖ്യാനം ചമയ്ക്കുമ്പോഴല്ലേ അയാളിലെ കലാകാരന്‍ തൃപ്തനാവുകയുള്ളൂ? അങ്ങനെ നോക്കുമ്പോള്‍ ഭരതന്റെ 'നിദ്ര'യില്‍നിന്നുവേറിട്ട, മൗലികമായ ഒരു വ്യഖ്യാനം പുതിയ 'നിദ്ര'യില്‍ ഇല്ല എന്ന് പറയേണ്ടിവരും. ആ അര്‍ഥത്തില്‍ സിദ്ധാര്‍ഥ് ഭരതന്റെ 'നിദ്ര' നിരാശാജനകമായി തോന്നി. ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്നത് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു പുതിയ സംവിധായകപ്രതിഭയുടെ കരസ്പര്‍ശം പതിഞ്ഞ ചില ഫ്രെയിമുകള്‍ മാത്രം.

'നിദ്ര' പുറത്തുവരുന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സവിശേഷമായ ഒരു ചരിത്രസന്ദര്‍ഭത്തിലാണ്. ഏതാണ്ട് ഒരു ദശകത്തിലധികം നീണ്ട ശീതകാലനിദ്രയിലായിരുന്നു മലയാളസിനിമ. പുറംവെളിച്ചങ്ങള്‍ക്കുനേരെ കണ്ണടച്ച് ഒരു ഉണര്‍വുമില്ലാതെ, ഹിമക്കരടിയെപ്പോലെ ഹൈബര്‍നേഷനില്‍. കഴിഞ്ഞ വര്‍ഷം ആദ്യത്തോടെ മലയാള സിനിമ നിദ്രവിട്ടുണര്‍ന്നത് പുതിയ കാഴ്ചകളിലേക്കായിരുന്നു. അക്കൂട്ടത്തില്‍ പുതിയ രുചിയും അഭിരുചിയും മുന്നോട്ടുവെച്ച 'സോള്‍ട്ട് ആന്റ് പെപ്പറി'ന്റെ നിര്‍മാതാവ് ലുക്സാം സദാനന്ദനാണ് 'നിദ്ര'യും ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഐഡിയാസ്, ന്യൂ വേയ്സ് ഓഫ് തിങ്കിങ് എന്നാണ് ഈ നിര്‍മാണകമ്പനിയുടെ ചലച്ചിത്രസമീപനം എന്ന് 'നിദ്ര'യുടെ ടൈറ്റില്‍ കാര്‍ഡില്‍ കാണാം. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പുതിയ ആശയങ്ങളും പുതിയ ചിന്താവഴികളും പ്രതിഫലിക്കുന്ന ചിത്രമല്ല 'നിദ്ര'. പുതിയ ഉണര്‍വുകളുടെ കാലത്ത് പഴയ നിദ്രയെ മൗലികമായ മാറ്റമോ പുതുവ്യാഖ്യാനമോ ഇല്ലാതെ പുനരാനയിച്ചിരിക്കുകയാണ് ഭരതന്റെ മകന്‍.
ഭരതന്റെ 'നിദ്ര'(1984)യില്‍നിന്നും മകന്റെ നിദ്രയിലേക്ക് ഏറെ അകലമുണ്ട്. അത് കേവലം മുപ്പതുവര്‍ഷങ്ങളുടെ അകലമല്ല. രണ്ടു തലമുറകളുടെ സമീപനത്തിന്റെ അകലം കൂടിയാണ്. എണ്‍പതുകളിലെ മധ്യവര്‍ത്തിസിനിമയുടെ ശക്തനായ പ്രയോക്താവായിരുന്നു ഭരതന്‍. വരച്ചുവെച്ച ചിത്രങ്ങള്‍ പോലുള്ള ദൃശ്യശൃംഖലകളിലൂടെ മനുഷ്യന്റെ പ്രണയവും പ്രതികാരവും രതിയും പകയും കടുംനിറത്തില്‍ ഭരതന്‍ തിരശ്ശീലയിലെഴുതി. വേറിട്ടുനിന്ന ഭരതന്‍ ചിത്രങ്ങളിലൊന്നായിരുന്നു 'നിദ്ര'. വിജയ് മേനോന്‍, ശാന്തികൃഷ്ണ, ലാലു അലക്സ്, കെ.പി.എ.സി ലളിത, പി.കെ. അബ്രഹാം എന്നിവരായിരുന്നു അതിലെ പ്രധാന താരങ്ങള്‍. മുഖ്യകഥാപാത്രമായ രാജുവിനെ വിസ്മയകരമായ പകര്‍ന്നാട്ടത്തിലൂടെ അവതരിപ്പിച്ചത് വിജയ്മേനോന്‍. മനസ്സിന്റെ സഞ്ചാരദിശകള്‍ തെറ്റിപ്പോയ ഒരു യുവാവിന്റെ വിഹ്വലതകള്‍ അയാളുടെ കണ്ണുകളിലും ശരീരഭാഷയിലുടനീളവുമുണ്ടായിരുന്നു. കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ ഒരു മനസ്സിന്റെ പ്രചണ്ഡതാണ്ഡവം, തിരയൊതുങ്ങുമ്പോഴുള്ള ശാന്തത ഒക്കെ അയാളില്‍ ഉണ്ടായിരുന്നു. പ്രണയകാമനകളുടെ തിരതള്ളല്‍ അതിന്റെ തീവ്രതയില്‍തന്നെ ആ നടന്‍ പ്രതിഫലിപ്പിച്ചു. പിന്നീടുള്ള കരിയറില്‍ വിജയ്മേനോന് വിനയായതും ഈ കഥാപാത്രം തന്നെയായിരുന്നു. തുടര്‍ന്നിങ്ങോട്ട് അദ്ദേഹം അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഈ മാതൃകയില്‍ വാര്‍ത്തെടുത്തവയാണ്. 'ദ കിംഗി'ലെ ഡോക്ടര്‍, 'പത്ര'ത്തിലെ ഫോട്ടോഗ്രാഫര്‍ എന്നിവ പെട്ടെന്ന് ഓര്‍മയില്‍ വരുന്നു. പുതിയ നിദ്രയിലുമുണ്ട് വിജയ്മേനോന്‍. (ലേശം നൊസ്സുണ്ടോ എന്ന് ഒരു സംശയം!)
വിജയ്മേനോന്റെ രാജു ഓര്‍മയില്‍ ഉന്മാദിയായി അലയുന്നതുകൊണ്ടാവാം സിദ്ധാര്‍ഥ് രാജുവിനോട് നീതി പുലര്‍ത്തിയില്ലെന്ന് എനിക്കു തോന്നുന്നത്. നോര്‍മല്‍ എന്നു നടിക്കുന്ന ആളുകളില്‍നിന്നു വേറിട്ട ചിന്തകളും പ്രവര്‍ത്തനപഥങ്ങളുമുള്ള രാജുവിന്റെ സങ്കീര്‍ണമായ മനസ്സും അതിന്റെ ആഴമേറിയ വിഹ്വലതകളും പ്രണയലഹരിയും സിദ്ധാര്‍ഥില്‍നിന്ന് അനുഭവിക്കാനായില്ല. ഒരഗ്നിപര്‍വതത്തെ ഉള്ളിലൊതുക്കി നടക്കുന്നുവെന്നുതോന്നുമായിരുന്നു വിജയ്മേനോന്റെ രാജുവിനെ കാണുമ്പോള്‍. ശബ്ദത്തിലോ ശരീരത്തിലോ നിഗൂഢമായ ചിത്തവൃത്തികളുള്ള ഒരു ആള്‍രൂപമായി മാറുന്നില്ല സിദ്ധാര്‍ഥ്.

റീമേക്ക് ജ്വരം മലയാള സിനിമയെ കൈയടക്കുന്നത് കടുത്ത ഭാവനാദാരിദ്യ്രത്തിന്റെ കാലത്താണ്. എം.ടിയുടെ 'നീലത്താമര', ഭരതന്‍-പത്മരാജന്‍ ടീമിന്റെ 'രതിനിര്‍വേദം' തുടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനവിജയത്തിന്റെ തുടര്‍ച്ചയായാണ് 'നിദ്ര'യും തിയറ്ററില്‍ എത്തുന്നത്. എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹമായിരിക്കും ലാല്‍ജോസിനെക്കൊണ്ട് 'നീലത്താമര' ചെയ്യിച്ചത്. ഭരതന്‍-പത്മരാജന്‍ ടീമിന്റെ ഏറ്റവും മോശം ചിത്രമായ 'രതിനിര്‍വേദ'ത്തിന്റെ റീമേക്കിനു പിന്നില്‍ അത്ര നിഷ്കളങ്കമായ ഉദ്ദേശ്യമൊന്നുമായിരുന്നില്ല. പുതിയ കാലത്തോട് ഒന്നും പറയാനുള്ള സിനിമകളായിരുന്നില്ല ഇവ രണ്ടും. സാമൂഹികപരിവര്‍ത്തനത്തിന്റെ ഉപരിപ്ലവമായ ചില സൂചനകള്‍ പുതിയ 'നീലത്താമര'യില്‍ ഉണ്ടായിരുന്നെങ്കിലും ഒരു റീമേക്ക് അര്‍ഹിക്കുന്ന വിധം ശക്തമായ ഒരു ദൃശ്യപ്രസ്താവനക്കുള്ള സാധ്യതകള്‍ അത് അവശേഷിപ്പിച്ചിരുന്നില്ല. മലയാളി ഇന്നും മനസ്സില്‍ താലോലിക്കുന്ന ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയയെ തൃപ്തിപ്പെടുത്തുക മാത്രമായിരുന്നു ആ റീമേക്കിന്റെ ഉദ്ദേശ്യം.
നല്ല ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്‍ ഒരു പഴയ ചിത്രമെടുത്ത് റീമേക്ക് ചെയ്യുമ്പോള്‍ അതിന് പുതിയ കാലത്തോട് എന്തെങ്കിലും സംവദിക്കാനുണ്ടായിരിക്കണം. അത്തരത്തില്‍ പുതിയ ഒരു വിനിമയം നടത്തുന്ന ചിത്രമല്ല സിദ്ധാര്‍ഥിന്റേത്. 'നിദ്ര'ക്കുശേഷം നിരവധി മലയാള സിനിമകള്‍ ആവര്‍ത്തിച്ച പ്രമേയമാണ് അത്. ഒരിക്കല്‍ മനസ്സിന്റെ നില തെറ്റിപ്പോയവരോടുള്ള സമൂഹത്തിന്റെ മുന്‍വിധി കലര്‍ന്ന സമീപനം നമ്മുടെ സിനിമ പല തരത്തില്‍ ചോദ്യം ചെയ്തിട്ടുണ്ട്. 'തനിയാവര്‍ത്തനം', 'ഭൂതക്കണ്ണാടി' തുടങ്ങിയ ക്ളാസിക് രചനകള്‍ക്കു പുറമെ 'താളവട്ടം', 'ഉള്ളടക്കം', 'സ്വയംവരപ്പന്തല്‍', 'മൂക്കില്ലാരാജ്യത്ത്'തുടങ്ങിയ മുഖ്യധാരാ ചിത്രങ്ങളും ഈ പ്രമേയം പല തരത്തിലുള്ള ഊന്നലുകളോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഏതുകാലത്തും പ്രസക്തമായ ഒരു പ്രമേയമാണ് ഇതെന്ന് സംശയമില്ല. എങ്കിലും ഈ പ്രമേയത്തിന് നവീനമായ ഒരു വ്യാഖ്യാനം നല്‍കാന്‍ സിദ്ധാര്‍ഥിന് കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. രാജുവിന്റെ അഗ്നിമിസൈല്‍, പവര്‍ഹൗസ് പരീക്ഷണങ്ങള്‍, ഭാര്യയുടെ അമ്മക്കു കൊടുക്കുന്ന മൊബൈല്‍ എന്നീ ഉപരിപ്ലവമായ കാലസൂചനകള്‍ക്കപ്പുറം പ്രമേയത്തിന്റെ കാലികതയെ പുനര്‍നിര്‍വചിക്കുന്ന രംഗങ്ങളില്ല ചിത്രത്തില്‍.

ഭരതന്‍ എന്നും മലയാളിപ്രേക്ഷകന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയാണ്. ചിത്രകാരനും ശില്‍പിയും സംഗീതജ്ഞനും ചലച്ചിത്രകാരനുമൊക്കെയായ, അടിമുടി കലാകാരനായ ആ പിതാവിന്റെ കാലടികള്‍ പിന്തുടരാനുള്ള ഒരു ശ്രമം സിദ്ധാര്‍ഥില്‍ ഉണ്ട്. അരങ്ങേറ്റത്തില്‍ അച്ഛന്റെ പേരു ചീത്തയാക്കിയില്ല മകന്‍ എന്നുതന്നെ പറയാം. ഷോക് ട്രീറ്റ്മെന്റ് നടത്തിയ ശേഷം രാജുവിനെ അശ്വതി സൈക്കിളില്‍ കയറ്റി നാട്ടിടവഴിയിലൂടെ പതിയെ നീങ്ങുന്ന രംഗത്തില്‍ ഒരു സംവിധായകന്റെ സാന്നിധ്യമുണ്ട്. ചിത്രത്തിന്റെ അവസാന ഫ്രെയിമില്‍ പ്രണയികളുടെ ആത്മാക്കള്‍ക്കുമീതെ പറന്നകലുന്ന പരുന്തിന്റെ ദൃശ്യത്തിലും പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു സംവിധായകനുണ്ട്; പ്രകൃതിയെ പ്രണയിക്കുകയും ഉപാസിക്കുകയുംചെയ്ത ഒരു കലാകാരന്റെ പൈതൃകത്തുടര്‍ച്ചയുണ്ട്.
പഴയ നിദ്രയില്‍ അനന്തുവിന്റെ കഥക്ക് വിജയന്‍ കരോട്ട് തിരക്കഥ സംഭാഷണമൊരുക്കിയപ്പോള്‍ റീമേക്കിനായി പ്രതിഭാധനനായ യുവകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനമാണ് അനുകല്‍പിത തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചില സംഭാഷണശകലങ്ങളില്‍ സന്തോഷിന്റെ സാന്നിധ്യം കാണാമെങ്കിലും പ്രമേയപരിചരണത്തില്‍ പുതുവഴികള്‍ വേണ്ടതില്ല എന്ന സംവിധായകന്റെ തീരുമാനം കൊണ്ടാവാം തന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊന്നും അദ്ദേഹം മുതിരാതിരുന്നത്. സമീര്‍ താഹിറിന്റെ ഛായാഗ്രഹണം വ്യത്യസ്തമായ ഒരു അന്തരീക്ഷമൊരുക്കുന്നുണ്ട്. നീലിമയാര്‍ന്ന ഫ്രെയിമുകള്‍ ചിലപ്പോഴെങ്കിലും റഷ്യന്‍ ചിത്രമായ 'റിട്ടേണി'നെ ഓര്‍മിപ്പിക്കുന്നു.
പുതിയ ചലച്ചിത്രകാരന്മാരില്‍നിന്ന് മലയാളി പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത് തികച്ചും മൗലികമായ ദൃശ്യരചനകളാണ്. നിലവാരമുള്ള പഴയ മലയാള ചിത്രങ്ങളുടെ പകര്‍പ്പുകളല്ല. ടോറന്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഹോളിവുഡിതര വിദേശ ഭാഷാചിത്രങ്ങളുടെ കോപ്പികളല്ല. റീമേക്കുകളുടെയും പകര്‍പ്പുകളുടെയും പേരില്‍ ഏറെ പഴികേട്ട പ്രിയദര്‍ശന്റെ ശിഷ്യനാണ് സിദ്ധാര്‍ഥ്. 'ഈ അടുത്ത കാലത്തി'ന്റെ സംവിധായകന്‍ അരുണ്‍കുമാറും പ്രിയദര്‍ശന്റെ കൂടെയായിരുന്നു ഏറെക്കാലം. അരുണ്‍കുമാര്‍ മൗലികമായ ഒരു ശ്രമം നടത്തി വിജയം കണ്ടിരിക്കുന്നു. ഇനി സിദ്ധാര്‍ഥിന്റെ ഊഴമാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus