കട്ടപ്പന: കുരുമുളകിന് ഈ സീസണില്‍ വില കുതിച്ചുയരുമെന്ന് സൂചന. ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവ് പ്രകടമാകുന്ന സാഹചര്യത്തിലാണിത്. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്‍െറ ആഭ്യന്തര ഉല്‍പ്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നേര്‍ പകുതിയായി കുറയുമെന്നാണ് വിളവെടുപ്പ് കേന്ദ്രങ്ങളില്‍ നിന്നും വ്യാപാരികളില്‍നിന്നും ലഭിക്കുന്ന സൂചന. ഇത് വരും ദിവസങ്ങളില്‍ വിപണിയില്‍ കുരുമുളകിന്‍െറ ഡിമാന്‍ഡ് ഉയര്‍ത്തുകയും വില ഉയരുന്നതിലുമാണ് എത്തുക.
കുരുമുളകിന്‍െറ മാര്‍ക്കറ്റ് വില ശനിയാഴ്ച കിലോ 295 രൂപയാണ്. ഉല്‍പ്പാദനം കുറയുമ്പോഴും രണ്ടാഴ്ചയായി ചെറിയ തോതില്‍ വിലയിടിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. സീസണ്‍ ആരംഭത്തില്‍ കിലോക്ക് 347 രൂപ വരെ ഉണ്ടായിരുന്ന കുരുമുളകിന് പിന്നീട് വില ഇടിയുകയായിരുന്നു. ആഭ്യന്തര ഉല്‍പ്പാദനം കുറവായിരുന്നിട്ടും വില ഇടിഞ്ഞതിന് പിന്നില്‍ ഒത്തുകളിയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
പച്ചക്കുരുമുളകിന് കിലോക്ക് 120 രൂപ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, ഉണക്കക്കുരുമുളകിന് ഇതിന് ആനുപാതികമായ വിലയില്ല. ഇപ്പോഴത്തെ നിലയില്‍ 350 രൂപയിലേറെ വില ലഭിക്കേണ്ടതാണ്. അച്ചാറിനും കുരുമുളക് ഓയിലിനും വേണ്ടിയാണ് പച്ചക്കുരുമുളക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
പ്രമുഖ കുരുമുളക് ഉല്‍പ്പാദക രാജ്യങ്ങളായ ബ്രസീല്‍, വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളിലും ഈ വര്‍ഷം ഉല്‍പ്പാദനം കുറയാനാണ് സാധ്യത. ഇന്ത്യന്‍ കുരുമുളകിനെ അപേക്ഷിച്ച് ശ്രീലങ്കന്‍ കുരുമുളകിന് അന്തര്‍ ദേശീയ വിപണിയില്‍ വില കൂടുതലാണ്. ഇത് ഇന്ത്യന്‍ കുരുമുളകിന്‍െറ ഡിമാന്‍ഡ് ഉയരാന്‍ ഇടയാക്കും.
കുരുമുളകിന് 347വരെ വില ഉയര്‍ന്നപ്പോള്‍ വ്യാപാരികളുടെ കൈയിലുള്ള സ്റ്റോക് വിറ്റതൊഴിച്ചാല്‍ ആഭ്യന്തര വിപണിയില്‍ സ്റ്റോക് പരിമിതമാണ്. വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതിനാല്‍ വിപണിയില്‍ വരവ് കൂടുമെങ്കിലും ഉല്‍പ്പാദനം പകുതിയായി കുറഞ്ഞത് സ്റ്റോക് കുറയാനിടയാക്കും.
23 വര്‍ഷം മുമ്പ് കുരുമുളകിന് കിലോക്ക് 265 രൂപ വരെ വിലയുണ്ടായിരുന്നു. പിന്നീട് വില 42 രൂപ വരെയായി ഇടിഞ്ഞു. ഏറെ വര്‍ഷത്തിന് ശേഷം ഈ സീസണ്‍ ആരംഭത്തില്‍ ലഭിച്ച 347 രൂപയാണ് കുരുമുളകിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയര്‍ന്ന വില. ഈ സീസണ്‍ അവസാനിക്കുമ്പോഴേക്ക് വില സര്‍വകാല റെക്കോഡ് ഭേദിക്കുമെന്നാണ് വിപണിയും കര്‍ഷകരും നല്‍കുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍