കോലഞ്ചേരി: കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ സമരം നാല് ദിനം പിന്നിട്ടതോടെ മാനേജ്മെന്‍റിനെ ഓര്‍ത്തഡോക്സ് സഭയും കൈയൊഴിയുന്നു. സമരത്തിന് പിന്നില്‍ സഭാ തര്‍ക്കമാണെന്ന ആശുപത്രി മാനേജ്മെന്‍റിന്‍െറ നിലപാടിനെതിരെ ആശുപത്രി വൈസ് പ്രസിഡന്‍റും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ശക്തമായി രംഗത്തെത്തി. നഴ്സുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കുന്നതിന് പകരം പ്രശ്നത്തെ സഭാ തര്‍ക്കത്തിലേക്ക് വലിച്ചിഴച്ചത് മാനേജ്മെന്‍റിലെ ചിലരുടെ അപക്വമായ സമീപനം മൂലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഭരണത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നിയന്ത്രണമില്ല. സഭയുടെ പേരുപയോഗിക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലാണ് മെഡിക്കല്‍ കോളജും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. കാതോലിക്ക ബസേലിയസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവ സൊസൈറ്റിയുടെ പ്രസിഡന്‍റും താന്‍ അതിന്‍െറ വൈസ് പ്രസിഡന്‍റുമാണെന്നതല്ലാതെ മെഡിക്കല്‍ കോളജിന്‍െറ പ്രവേശ നിയമന കാര്യങ്ങളില്‍ ഒരുവിധ അധികാരങ്ങളുമില്ളെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സഭയുടെ താല്‍പ്പര്യമെന്നും ഇക്കാര്യം കാതോലിക്ക ബാവ ആശുപത്രി മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി.
ആശുപത്രിക്ക് നേതൃത്വം നല്‍കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റും ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറിയും ആശുപത്രി സ്ഥിതി ചെയ്യുന്ന കണ്ടനാട് ഭദ്രാസനാധിപനുമായ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തിയതോടെ ആശുപത്രി മാനേജ്മെന്‍റ് പ്രതിരോധത്തിലായി.
ഇതേസമയം സമരത്തിന്‍െറ നാലാം ദിനമായ ഇന്നലെയും നാട്ടുകാരും വിവിധ സംഘടന പ്രതിനിധികളുമടക്കം നൂറുകണക്കിന് പേരാണ് പിന്തുണയുമായെത്തിയത്. പി.ഡി.പി, കെ.എസ്.യു, ശിവസേന, ബി.എം.എസ്, ജനാധിപത്യ മഹിള അസോസിയേഷന്‍, മണല്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) തുടങ്ങിയ വിവിധ സംഘടനകളാണ് ഐക്യദാര്‍ഢ്യവുമായെത്തിയത്. രാവിലെ പി.ഡി.പി പ്രവര്‍ത്തകരാണ് ആദ്യം സമരപ്പന്തലിലെത്തിയത്. തുടര്‍ന്ന് ജില്ലാ പ്രസിഡന്‍റ് ടി.എ. മുജീബ് റഹ്മാന്‍, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സുബൈര്‍ വെട്ടിയാനിക്കല്‍, ശിഹാബ് കുന്നത്തുനാട് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് സുധീര്‍ പെരിങ്ങാല, ടി.കെ. ബഷീര്‍, നവാസ് നെടിയേടം, റഫീഖ് കിഴക്കേക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രകടനത്തിന് ഭാരവാഹികളായ സാജോ സക്കറിയ, റോസന്‍ എബ്രഹാം, ഭാഗ്യനാഥ്, സോജന്‍മാത്യു, ബേസില്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ ഐക്യദാര്‍ഢ്യ പരിപാടികള്‍ക്ക് എം.എന്‍. മണി ടീച്ചര്‍, ഷീല രാജു, ഗ്രേസി പൗലോസ്, സരസമ്മ തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍