ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബി.എസ്.പി നേതാവ് മായാവതിയും തങ്ങളുടെ യു.പി പ്രചാരണത്തിന് ബുധനാഴ്ച തുടക്കം കുറിക്കും. ഭരണവിരുദ്ധ വികാരവും ജാതീയ ഘടകങ്ങളുടെ പിന്തുണയും ഗോദയില്‍ മുലായം സിങ് യാദവിന്‍െറ സമാജ്വാദി പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ബി.എസ്.പിയും പ്രതീക്ഷയിലാണ്. അതേസമയം, അയോധ്യ പോലുള്ള വിഷയങ്ങള്‍ ചലനം സൃഷ്ടിക്കാത്തതില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ട്.
ഉത്തരഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സോണിയ ഗാന്ധിയും മായാവതിയും. സുരക്ഷാ ഭീഷണി കാരണം സോണിയ മണിപ്പൂരില്‍ പ്രചാരണത്തിന് പോയിരുന്നില്ല. രാജ്യം ഉറ്റുനോക്കുന്ന യു.പി തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടം ഫെബ്രുവരി എട്ടിനാണ്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, ബി.എസ്.പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര, ബി.ജെ.പി നേതാവ് ഉമാ ഭാരതി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ക്കു കീഴിലാണ് ഇതുവരെ പ്രധാന പാര്‍ട്ടികളുടെ കാമ്പയിന്‍ നടന്നുവന്നത്. ജനുവരി 15ന് മായാവതിയുടെ ജന്മദിനാഘോഷത്തോടെ ബി.എസ്.പി കാമ്പയിന് തുടക്കം കുറിച്ചെങ്കിലും വേണ്ടത്ര ഉണര്‍വ് പ്രകടമല്ല. സീതാപൂരിലാണ് മായാവതിയുടെ ആദ്യ പ്രചാരണ റാലി. ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 10 ജില്ലകളില്‍ എട്ടിലും അടുത്ത അഞ്ച് ദിവസങ്ങളിലായി മായാവതി പ്രചാരണം നടത്തുമെന്ന് ബി.എസ്.പി നേതൃത്വം അറിയിച്ചു.
2014ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്‍െറ അജണ്ട നിശ്ചയിക്കാന്‍പോന്നതാണ് യു.പി തെരഞ്ഞെടുപ്പ് ഫലമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസിന്‍െറ നീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിലും യു.പി ഫലം വലിയ സ്വാധീനം ചെലുത്തും. കഴിഞ്ഞതവണ 22 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇക്കുറി സ്ഥിതി കാര്യമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. ബുധനാഴ്ച ദിയോരിയയിലെ ചടങ്ങോടെ സോണിയയുടെ പ്രചാരണത്തിന് തുടക്കമാവും. പ്രിയങ്ക ഗാന്ധി അടുത്ത ആഴ്ച റായ്ബറേലിയില്‍ പ്രചാരണത്തിനെത്തും. ഫൈസാബാദ്, സീതാപൂര്‍, ബാരാബങ്കി എന്നിവിടങ്ങളിലും സോണിയ ഗാന്ധി സംസാരിക്കും. പശ്ചിമ യു.പിയില്‍ അജിത് സിങ്ങിന്‍െറ ആര്‍.എല്‍.ഡിയുമായി രൂപപ്പെടുത്തിയ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടിത്തരുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ദലിത്, മുസ്ലിം വിഭാഗങ്ങളിലാണ് കോണ്‍ഗ്രസ് പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്.
അതേസമയം, അഴിമതിമന്ത്രിമാരെ പുറത്താക്കിയെങ്കിലും സര്‍ക്കാറിന്‍െറ പ്രതിച്ഛായ മോശമായി തുടരുന്നത് ബി.എസ്.പിക്ക് തിരിച്ചടിയാണ്്. പലേടങ്ങളിലും ചതുഷ്കോണ മത്സരം നടക്കുന്നതിനാല്‍ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മതിയാകും വിധിയാകെ മാറി മറിയാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍