12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

പഞ്ചാബും ഉത്തരഖണ്ഡും ഇന്ന് ബൂത്തിലേക്ക്

ബി.ജെ.പിക്ക് അതിജീവനത്തിന്‍െറ അഗ്നിപരീക്ഷണം

ന്യൂദല്‍ഹി: രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക്് അതിജീവനത്തിന്‍െറ അഗ്നിപരീക്ഷയായി പഞ്ചാബും ഉത്തരഖണ്ഡും ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. മുഖം മിനുക്കാന്‍ അവസാന നിമിഷം മുഖ്യമന്ത്രിയെ മാറ്റിയ നടപടി വോട്ടര്‍മാര്‍ അംഗീകരിക്കുമോയെന്നതാണ് ഉത്തരഖണ്ഡില്‍ ബി.ജെ.പിയുടെ ആധിയെങ്കില്‍ കഴിഞ്ഞ തവണ ലഭിച്ചതിന്‍െറ പകുതി സീറ്റെങ്കിലും ഇത്തവണ കിട്ടുമോയെന്നതാണ് പഞ്ചാബില്‍ പാര്‍ട്ടിയെ കുഴക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങളില്‍ അഴിമതി വിരുദ്ധവികാരത്തില്‍ കൈയില്‍ കിട്ടുമായിരുന്ന ഭരണം മുഖ്യമന്ത്രിക്കായുള്ള വടംവലിയില്‍ ഉത്തരഖണ്ഡിലും വിമതരുടെ കലാപത്തില്‍ പഞ്ചാബിലും കൈവിട്ടുപോകുമോയെന്നാണ് കോണ്‍ഗ്രസിനുള്ള ആശങ്ക.
117 മണ്ഡലങ്ങളിലായി 1.76 കോടി വോട്ടര്‍മാരുള്ള പഞ്ചാബില്‍ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യവും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. എന്നാല്‍, മൂന്നാം മുന്നണിയുടെ രംഗപ്രവേശത്തോടെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരവുമുണ്ട്. പീപ്പ്ള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബും ഇടത് സംഘടനകളും ചേര്‍ന്നുണ്ടാക്കിയ സംഝ മോര്‍ച്ച എന്ന മൂന്നാം മുന്നണിയും ബി.എസ്.പിയും ഭരണ പ്രതിപക്ഷ വോട്ട്ബാങ്കുകളിലുണ്ടാക്കുന്ന ചോര്‍ച്ച അതിനിര്‍ണായകമാകും. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പി എം.എല്‍.എമാരുമായിട്ടാണ് ശിരോമണി അകാലിദളുമൊത്ത് പഞ്ചാബില്‍ ബി.ജെ.പി ഇപ്പോള്‍ ഭരണം പങ്കിടുന്നത്. കഴിഞ്ഞ തവണ 19 എം.എല്‍.എമാരെ ജയിപ്പിച്ച് അകാലിദളുമൊത്തുള്ള ഭരണത്തിന് വഴിയൊരുക്കിയ ബി.ജെ.പിക്ക് പത്തു പേരെ ജയിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബില്‍ വീണ്ടും അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ശുഭാപ്തി പ്രകടിപ്പിക്കുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ച ഭരണവിരുദ്ധ വികാരമില്ലാത്തതും കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറിന്‍െറ അഴിമതി തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ കഴിഞ്ഞതും ഫലം ചെയ്യണമെങ്കില്‍ ബി.ജെ.പിക്ക് 10 സീറ്റെങ്കിലും ലഭിക്കണമെന്നാണ് പഞ്ചാബ് സര്‍ക്കാറിലെ മൂന്നാമനും ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്‍െറ ഭാര്യാസഹോദരനുമായ വിക്രംസിങ് മജീദിയ ‘മാധ്യമ’ത്തോട് പറഞ്ഞത്. കഴിഞ്ഞ തവണത്തേതിന്‍െറ പകുതി സീറ്റ് ബി.ജെ.പിയുടെ പരമാവധി പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 20 മണ്ഡലങ്ങളില്‍ വിമതര്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് മുന്നിലെ പ്രതിബന്ധം.
ഉത്തരഖണ്ഡില്‍ മാസങ്ങള്‍ക്ക് മുമ്പ് മാത്രം രമേശ് പൊഖ്റിയാല്‍ നിഷാങ്കിനെ താഴെയിറക്കി ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയെ മുഖ്യമന്ത്രിയാക്കി തെരഞ്ഞെടുപ്പ് നേരിടുകയാണ് ബി.ജെ.പി. 70 മണ്ഡലങ്ങളിലായി 63 ലക്ഷം വോട്ടര്‍മാര്‍ക്കാണ് ഇവിടെ സമ്മതിദാനാവകാശമുള്ളത്. ഉത്തരഖണ്ഡില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ പാര്‍ട്ടിയെടുത്ത തീരുമാനം ഏറെ വൈകിപ്പോയ ഒന്നായിരുന്നെന്ന് ഉത്തരഖണ്ഡില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതലയുള്ള ഉമാകാന്ത് ലഖേഡ ‘മാധ്യമ’ത്തോട് പറഞ്ഞു. ശൂന്യതയില്‍ നിന്ന് കടുത്ത മല്‍സരത്തിലെത്തിക്കാനെങ്കിലും കഴിഞ്ഞല്ളോ എന്നും അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു. ദല്‍ഹിയില്‍ പതിറ്റാണ്ട് മുമ്പ് നടത്തി പരാജയപ്പെട്ട പരീക്ഷണമാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനോടുള്ള അമര്‍ഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ ബി.ജെ.പി ഉത്തരഖണ്ഡില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അതേസമയം, ഇത്രയും സുവര്‍ണാവസരമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ നിസഹായാവസ്ഥയിലാണ് ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ്. ആറ് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രിക്കുപ്പായമിട്ടതിനാല്‍ ആരെയും ഉയര്‍ത്തിക്കാണിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് തട്ടകത്തില്‍ കയറിക്കളിക്കുന്ന ബി.എസ്.പി ഡസനോളം സീറ്റ് പിടിച്ചാല്‍ ഉത്തരഖണ്ഡ് ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിലേക്കുമെത്തും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com