തൃശൂര്‍: ആറാം ദിവസവും ലാലൂരിലെ വിഷപ്പുകയും മാലിന്യമലയിലെ തീയും അണഞ്ഞില്ല. തൃശൂര്‍, ആലപ്പുഴ, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിന്‍െറ മറവില്‍ കൂമ്പാരമായി കിടക്കുന്ന മാലിന്യമല തട്ടിനിരത്താനുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍ അധികൃതര്‍. രണ്ട് എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് മാലിന്യം മാറ്റിയാണ് അടിത്തട്ടില്‍ പടരുന്ന തീയണക്കുന്നത്.
മാലിന്യം ചികഞ്ഞുമാറ്റുന്നതിനൊപ്പം തീ അണക്കുന്ന പ്രക്രിയ ഒരു മാസമെങ്കിലും തുടരുമെന്നാണ് നേരത്തേ ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞത്. ഫയര്‍ഫോഴ്സിന്‍െറയും സമരസമിതിയുടെയും നിര്‍ദേശപ്രകാരം ഇതിന് മൂന്ന് എക്സ്കവേറ്ററുകള്‍ സംഘടിപ്പിക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കി. എന്നാല്‍, രണ്ട് എക്സ്കവേറ്ററാണ് എത്തിയത്. ഇതില്‍ ഒന്ന് ഫയര്‍ഫോഴ്സിന് നല്‍കി. മറ്റേത് ഉപയോഗിച്ച് കൂടിക്കിടക്കുന്ന മാലിന്യം തട്ടിനിരത്തുകയാണ്. മാലിന്യ ലോറികള്‍ക്ക് ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കയറാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കുന്നു. മാലിന്യമല തട്ടിനിരത്തുന്നതോടെ നഗരത്തിലെ കൂടുതല്‍ മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിക്കാന്‍ കോര്‍പറേഷനാവും.മാലിന്യം കൊണ്ടിടാന്‍ ലാലൂരില്‍ സൗകര്യമില്ളെന്ന് നേരത്തേ കരാറുകാരന്‍ രേഖാമൂലം കോര്‍പറേഷനെ അറിയിച്ചിരുന്നു.
മാലിന്യമല വലുതായതോടെയാണ് ലാലൂര്‍ പ്രശ്നം രൂക്ഷമായത്. മഴക്കാലത്ത് മാലിന്യം കുതിര്‍ന്ന് മതില്‍ക്കെട്ട് പൊളിഞ്ഞ് ജനവാസകേന്ദ്രത്തിലേക്ക് ഇടിഞ്ഞത് കോര്‍പറേഷനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സമരം കത്തിയാളി. ഹൈകോടതിയും സര്‍ക്കാറും ഇടപെട്ടു. വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതിയായ ലാലൂര്‍ മോഡല്‍ പ്രോജക്ട് ഫോര്‍ സോളിഡ് മാനേജ്മെന്‍റിന് (ലാംപ്സ്) രൂപം നല്‍കി. എന്നാല്‍ നാളിതുവരെയായി ലാംപ്സ് നിര്‍വഹണം നടന്നില്ല.
ശേഖരിക്കുന്ന മാലിന്യങ്ങള്‍ ആറ് കേന്ദ്രങ്ങളില്‍ സംസ്കരിക്കാനാണ് പദ്ധതി നിര്‍ദേശിച്ചത്. ആദ്യ പ്ളാന്‍റ് ശക്തനിലും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല കാമ്പസിലും ഒരുക്കാന്‍ നവംബര്‍ 30ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചു. മാലിന്യമല നീക്കാനുള്ള പദ്ധതി തയാറാക്കാനും അന്ന് കോര്‍പറേഷനോട് നിര്‍ദേശിച്ചു. ഇതുവരെ പാലിക്കാത്ത ഈ തീരുമാനം, തീയണക്കല്‍ പ്രക്രിയയുടെ മറവില്‍ നടക്കുന്ന തട്ടിനിരത്തലിലൂടെ ഇല്ലാതാക്കാമെന്നാണ് കോര്‍പറേഷന്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍