റിപ്പബ്ളിക്കും സാമാന്യബോധവും

റിപ്പബ്ളിക്കും സാമാന്യബോധവും

നാം ഭരണഘടനാധിഷ്ഠിത റിപ്പബ്ളിക്കായതിന്‍െറ 62ാം പിറന്നാളിലാണ് ഇന്ന്. ഒരര്‍ഥത്തില്‍ ലോകാദ്ഭുതങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന വിധം വിസ്മയാവഹമായ ആഴങ്ങളും സാധ്യതകളുമുള്ള ഒരു ഭരണഘടനയാണ് നമ്മുടേത്. ജനങ്ങളില്‍ മഹാഭൂരിപക്ഷവും നിരക്ഷരരും രാജ്യം സമ്പൂര്‍ണമായും അവികസിതവുമായ അവസ്ഥയിലാണ് നമ്മുടെ ഭരണഘടന രൂപപ്പെടുന്നതെങ്കിലും, ഒരു ആധുനിക വികസിത ജനാധിപത്യ രാജ്യത്തിന്‍െറ  തത്ത്വങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാംശീകരിക്കാന്‍ മഹാന്മാരായ നമ്മുടെ ഭരണഘടനാ ശില്‍പികള്‍ക്ക് കഴിഞ്ഞിരുന്നു. മറ്റേതൊരു വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്കുമില്ലാത്ത അത്യന്തം സങ്കീര്‍ണവും വൈവിധ്യപൂര്‍ണവുമായ സാമൂഹിക, സാംസ്കാരിക, ഭൂമിശാസ്ത്ര ഘടകങ്ങളെ അത്യന്തം മനോഹരമായി കോര്‍ത്തിണക്കാന്‍ സാധിച്ചത് ഈ ഭരണഘടനയുടെ മാറ്റ് തന്നെ. വികസന രംഗത്ത് വന്‍ കുതിപ്പ് നേടിയ സോവിയറ്റ് യൂനിയനും യൂഗോസ്ലാവ്യയുമെല്ലാം വംശീയതകളാല്‍ വേര്‍തിരിക്കപ്പെട്ട് ഛിന്നഭിന്നമായപ്പോഴും ഒരു ദേശീയ സ്വത്വം എന്ന നിലയില്‍ ഗൗരവപ്പെട്ട ഭീഷണികളില്ലാതെ ഇന്ത്യ നിലനില്‍ക്കുന്നതും ഈ ഭരണഘടനയുടെ കരുത്തുകൊണ്ട് തന്നെയാണ്.
നിയമത്തെയും നീതിന്യായ നിര്‍വഹണത്തെയും കേന്ദ്ര സ്ഥാനത്ത് പരിഗണിക്കുന്നുവെന്നതാണ് ഏതൊരു ഭരണഘടനാധിഷ്ഠിത റിപ്പബ്ളിക്കിന്‍െറയും പ്രത്യേകത. അതായത്, നമ്മുടെ ഓരോരുത്തരുടെയും ആത്മനിഷ്ഠ മോഹങ്ങളോ വംശീയ താല്‍പര്യങ്ങളോ മുന്‍വിധികളോ സാമാന്യ ധാരണകളോ അല്ല; നിയമമാണ് പ്രധാനം എന്നതാണ് ആ കാഴ്ചപ്പാട്. അതായത്, നിയമം രാജ്യ നടത്തിപ്പിന്‍െറ കേന്ദ്രസ്ഥാനത്ത് വരുകയും അതിലൂടെ നീതിയും ന്യായവും സന്തുലിതമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഭരണഘടന ജീവത്തായി നിലനില്‍ക്കുന്നു എന്ന് നാം പറയുക. ഭരണഘടനാ തത്ത്വങ്ങള്‍ പാലിക്കപ്പെടാന്‍ ആവശ്യമായ സംവിധാനങ്ങളും രീതികളും ഭരണഘടനതന്നെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നിയമത്തിന്‍െറ പരമാധികാരത്തിന്‍െറയും നീതിന്യായ നിര്‍വഹണത്തിന്‍െറയും കാര്യത്തില്‍ ഭരണഘടനാ തത്ത്വങ്ങളെക്കാള്‍ വ്യക്തികളുടെ/സംഘങ്ങളുടെ/പൊതുസമൂഹത്തിന്‍െറ സാമാന്യ ബോധത്തിന് മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്ന അത്യന്തം പ്രതിലോമപരമായ അവസ്ഥയിലേക്ക് നമ്മുടെ നാട് നീങ്ങുന്നുണ്ട് എന്നതാണ് ഗുരുതരമായ സത്യം. തെരഞ്ഞെടുപ്പ് കമീഷന്‍െറ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലത്ത് മാത്രമാണ് ഭരണഘടനാ തത്ത്വങ്ങള്‍ സമ്പൂര്‍ണമായി പാലിക്കപ്പെടുന്നത്. അല്ലാത്തപ്പോഴൊക്കെ സാമാന്യ ബോധങ്ങള്‍ തത്ത്വങ്ങളെ മറികടക്കുന്ന സങ്കീര്‍ണവും ഗുരുതരവുമായ അവസ്ഥ നിലനില്‍ക്കുന്നു. ഈ സാമാന്യ ബോധമാകട്ടെ, ഭരണഘടനയെ വ്യാഖ്യാനിച്ച്, നിര്‍ധാരണം ചെയ്ത്, നീതിന്യായ നിര്‍വഹണം നടത്തേണ്ട കോടതികളെപ്പോലും ബാധിക്കുന്നുവെന്നതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം. പാര്‍ലമെന്‍റ് ‘ആക്രമണ’കേസില്‍ പ്രതിയായ അഫ്സല്‍ ഗുരുവിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിന്യായത്തില്‍ ‘പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍’ ഇങ്ങനെയൊരു വിധി ആവശ്യമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു! അതായത്, സുപ്രീംകോടതിയുടെ വിധിന്യായത്തെപ്പോലും സ്വാധീനിക്കുമാറ് സാമാന്യബോധം നമ്മുടെ രാഷ്ട്ര നടത്തിപ്പിനെ മൂടിയിരിക്കുന്നുവെന്നര്‍ഥം.
പ്രധാനമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് രൂപവത്കരിക്കപ്പെട്ട ആധാര്‍ പദ്ധതി ഇതിന്‍െറ മറ്റൊരു ഉദാഹരണമാണ്. നിയമത്തെയും പാര്‍ലമെന്‍റിനെയും, വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനെക്കുറിച്ച ഭരണഘടനാ തത്ത്വങ്ങളെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് ആധാര്‍ കോക്കസ് കോടികള്‍ ധൂളിയാക്കി രാജ്യമാകെ താണ്ഡവമാടുന്നത്. നഗരവാസി മേല്‍പാളി വര്‍ഗത്തിന്‍െറ സാമാന്യബോധത്തിന്‍െറ ബലത്തില്‍ മാത്രമാണ് ആ പദ്ധതി മുന്നോട്ട് പോവുന്നത്. വ്യക്തികളുടെ മൗലികാവകാശങ്ങള്‍, രാഷ്ട്രത്തില്‍നിന്ന് ലഭിക്കേണ്ട പരിരക്ഷകള്‍ തുടങ്ങിയവയെക്കുറിച്ച അടിസ്ഥാനപരമായ ഭരണഘടനാ തത്ത്വങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്ന പ്രവണത രാജ്യത്ത് വര്‍ധിച്ചുവരുകയാണ്. തീവ്രവാദത്തിനെതിരായ പോരാട്ടം, രാജ്യരക്ഷ തുടങ്ങിയ കവചങ്ങള്‍ അണിയിക്കപ്പെട്ടാണ് ഈ സാമാന്യ ബോധം രാക്ഷസീയ രൂപം പ്രാപിക്കുന്നതെന്ന് കാണാന്‍ കഴിയും. കേരളത്തില്‍നിന്ന് കുറച്ച് പയ്യന്മാര്‍ കശ്മീരില്‍ പോയി പട്ടാളക്കാരുമായി ഏറ്റുമുട്ടി മരിച്ചിരുന്നുവെന്നൊരു കാര്യം കുറച്ചുമുമ്പ് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ആ ചെറുപ്പക്കാരുടെ മൃതദേഹമെവിടെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെ, മരണ സര്‍ട്ടിഫിക്കറ്റ് എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ ആരും ഉന്നയിച്ചില്ല. എന്നല്ല, നിയമപരമായ ഈ അടിസ്ഥാന രേഖകളെക്കുറിച്ച് ചോദിക്കാന്‍ പോലും സാധ്യമല്ലാത്ത വിധം സാമാന്യ ബോധം ഭരണഘടനാ യുക്തികളെ വലയംചെയ്ത് വരിഞ്ഞുമുറുക്കിക്കളഞ്ഞിരുന്നു. കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍, നിയമത്തെയും ഭരണഘടനാ തത്ത്വങ്ങളെയും ഉയര്‍ത്തിപ്പിടിക്കാനല്ല, ഇതേ സാമാന്യ ബോധത്തെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് കേരളത്തിലെ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്ന് കാണാന്‍ കഴിയും.
രാഷ്ട്രത്തിന്‍െറ ഊര്‍ജസ്വലതയും ബലവും സാമാന്യ ബോധങ്ങളുടെ പകര്‍ന്നാട്ടങ്ങളിലല്ല; ഭരണഘടനയും നിയമവും കരുത്തോടെ നിലനില്‍ക്കുമ്പോഴാണ് എന്ന് നാം മനസ്സിലാക്കണം. എളുപ്പം രക്ഷപ്പെടാനും കാര്യം സാധിക്കാനും സാമാന്യ ബോധം ഉപകരിച്ചേക്കും. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുമ്പോള്‍ നമ്മുടെ സാമൂഹിക ശരീരത്തെയും രാഷ്ട്ര ഘടനയെയും അകമേ ദുര്‍ബലമാക്കുകയായിരിക്കും അത്. റിപ്പബ്ളിക് ദിനത്തിന്‍െറ പശ്ചാത്തലത്തില്‍ ചില ചിന്തകള്‍ കുറിച്ചുവെന്നുമാത്രം. തിടംവെച്ച സാമാന്യ ബോധം ഈ ചിന്തകളെ എത്രത്തോളം അംഗീകരിച്ചുതരുമെന്നത് വേറെക്കാര്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.