കോട്ടയം: സംസ്ഥാനത്തെ പിടിച്ചുകുലുക്കി ഇ -മെയില്‍ വിവാദം കത്തുമ്പോള്‍ ഇ- മെയില്‍ ചോര്‍ത്തലില്‍ ലോകത്തുതന്നെ ഇന്ത്യ മുന്‍പന്തിയിലാണെന്ന് പ്രമുഖ ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ ഗൂഗിളിന്‍െറ റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിശദാംശങ്ങള്‍ തേടി തങ്ങളെ സമീപിക്കുന്നതില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യയെന്ന് ഗൂഗിളിന്‍െറ സുതാര്യതാ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഏതു വിവരവും തേടി ആളുകള്‍ ഗൂഗിള്‍ പരതുന്ന വര്‍ത്തമാനകാലത്ത് പൗരന്‍മാരുടെ സ്വകാര്യതക്കുമേലുള്ള ഒളിഞ്ഞുനോട്ടത്തിന് സര്‍ക്കാറുകള്‍ ഉപയോഗിക്കുന്നതും ഗൂഗിളിന്‍െറ സേവനമാണെന്ന് വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. വിവര വിനിമയത്തില്‍ പരമാവധി സുതാര്യത ഉറപ്പ് വരുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആറു മാസം കൂടുമ്പോള്‍ ഗൂഗിള്‍ ‘ട്രാന്‍സ്പേരന്‍സി റിപ്പോര്‍ട്ട്’ പുറത്തുവിടുന്നത്.
2010ല്‍ മാത്രം ഇന്ത്യ മൂവായിരത്തിലേറെ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഗൂഗിളില്‍നിന്നു ചോര്‍ത്താന്‍ ശ്രമിച്ചത്. നൂറിലേറെ വെബ്സൈറ്റുകളിലെ ഉള്ളടക്കം നീക്കം ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞവര്‍ഷം ജൂണ്‍ വരെ ഗൂഗിള്‍ സേവനങ്ങളിലെ 68 ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും 51 ശതമാനമേ അംഗീകരിച്ചുള്ളൂവെന്നും സുതാര്യതാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ലെ വിശദമായ കണക്ക് പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഗൂഗിളിന്‍െറ ഇ -മെയില്‍ സേവനമായ ജി മെയില്‍ വഴി വിവിധ ആളുകള്‍ നടത്തിയ വിവര വിനിമയവും അവരുടെ ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
മത, സാമൂഹിക നേതാക്കള്‍ക്കെതിരായ യു ട്യൂബ് വീഡിയോ നീക്കം ചെയ്യുന്നതിന് സര്‍ക്കാറില്‍നിന്നും നിയമപാലകരില്‍നിന്നും അപേക്ഷ ലഭിക്കാറുണ്ടെങ്കിലും സാമൂഹിക മര്യാദകള്‍ക്കും തദ്ദേശ നിയമങ്ങള്‍ക്കും വിരുദ്ധമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അംഗീകരിക്കാറുള്ളൂവെന്ന് ഗൂഗിള്‍ വിശദീകരിച്ചു.
മുഖ്യമന്ത്രിമാരെയും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെയും വിമര്‍ശിക്കുന്ന ചില ബ്ളോഗുകളും വീഡിയോയും വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇതു പ്രകാരം തള്ളിയതായും അവര്‍ പറയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാവിനെതിരായ 236 കമ്യൂണിറ്റികളും പ്രൊഫൈലും ഒഴിവാക്കാന്‍ ഇന്‍റര്‍നെറ്റിലെ ചങ്ങാതിക്കൂട്ടമായ ഓര്‍ക്കുട്ടിനോട്് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അവര്‍ വെളിപ്പെടുത്തി.
ഉള്ളടക്കം നീക്കംചെയ്യാനുള്ള ആവശ്യത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
ബ്രസീല്‍, ദക്ഷിണ കൊറിയ, ജര്‍മനി, ലിബിയ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്ക് മുന്നില്‍.
അമേരിക്ക 2010ല്‍ 8888 ഇ മെയില്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഗൂഗിളിനോട് ആവശ്യപ്പെട്ടത്.
ബ്രസീല്‍ 4239ഉം. ഇന്ത്യ 3129 പേരുടെ വിവരങ്ങളാണ് തേടിയത്.



നിങ്ങളുടെ അഭിപ്രായങ്ങള്‍