12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

നേതൃസ്ഥാന തര്‍ക്കം: യെദിയൂരപ്പയും മുഖ്യമന്ത്രി സദാനന്ദ ഗൗഡയും അകല്‍ച്ചയില്‍

ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയും തമ്മില്‍ അകല്‍ച്ചയിലേക്ക്. നേതൃസ്ഥാനത്തിനായി യെദിയൂരപ്പ അണിയറനീക്കം സജീവമാക്കിയതോടെയാണ് ഉറ്റ അനുയായി ആയിരുന്ന സദാനന്ദ ഗൗഡ യെദിയൂരപ്പയുമായി ശീതസമരം തുടങ്ങിയത്.
അനധികൃത ഖനന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജൂലൈ 31ന് യെദിയൂരപ്പ രാജിവെക്കുമ്പോള്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ട ഏക നിബന്ധന സദാനന്ദ ഗൗഡയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു. തുടര്‍ന്ന് ജഗദീഷ് ഷെട്ടര്‍ വിഭാഗവുമായി മുഖ്യമന്ത്രി സ്ഥാനത്തിനായി നടന്ന വോട്ടെടുപ്പില്‍ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിച്ച് ഗൗഡയെ വിജയിപ്പിച്ചതും യെദിയൂരപ്പയായിരുന്നു. എന്നാല്‍, ആറ് മാസത്തിനകം തിരിച്ചുവരുമെന്ന പ്രസ്താവന നടപ്പാക്കാനായി യെദിയൂരപ്പ തുനിഞ്ഞിറങ്ങിയതോടെ ഗൗഡ അകലം പാലിക്കുകയായിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിലും കേന്ദ്രനേതൃത്വത്തിന്‍െറ മാത്രം താല്‍പര്യം പരിഗണിക്കുന്നയാളായി ഗൗഡ മാറുകയും ചെയ്തതോടെ യെദിയൂരപ്പയുടെ തിരിച്ചുവരവിന് വിലങ്ങ് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം ദാവണ്‍ഗരെയില്‍ നടന്ന പരിപാടിയില്‍ ഇരുവരുടെയും അകല്‍ച്ച മറനീക്കി. പരിപാടിക്കിടെ പരസ്പരം സംസാരിക്കാന്‍പോലും ഇരുവരും വിമുഖത കാട്ടി. യെദിയൂരപ്പയുടെ പ്രസംഗത്തില്‍ ഒരിക്കല്‍പോലും സദാനന്ദ ഗൗഡയുടെ ഭരണത്തെക്കുറിച്ചോ അദ്ദേഹത്തിന്‍െറ പേരോ പരാമര്‍ശിച്ചില്ല. പിന്നീട് സംസാരിച്ച ഗൗഡയും യെദിയൂരപ്പയുടെ സംഭാവനകളെക്കുറിച്ചുപറയാന്‍ മടികാണിച്ചതും ഇവര്‍ തമ്മിലെ ബന്ധം വഷളായതിന്‍െറ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മുഖ്യമന്ത്രിസ്ഥാനത്ത് താന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ ഗൗഡക്ക് അതേ വേദിയില്‍വെച്ച് അക്കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് യെദിയൂരപ്പ മറുപടി നല്‍കി. എന്നാല്‍, ഇതിനും ഗൗഡ യെദിയൂരപ്പയുടെ പേര് പരാമര്‍ശിക്കാതെ മറ്റൊരു വേദിയില്‍ തിരിച്ചടിച്ചു. എല്ലാ എം.എല്‍.എമാരും മന്ത്രിയാകണമെന്നും മുഖ്യമന്ത്രിയാകണമെന്നും സ്വപ്നം കാണാറുണ്ടെന്നും എന്നാല്‍ അത് നടപ്പാകണമെന്നില്ളെന്നുമാണ് സദാനന്ദ ഗൗഡ പറഞ്ഞത്.
പാര്‍ട്ടിയില്‍ ഉടലെടുത്ത പുതിയ പ്രശ്നങ്ങളെ തുടര്‍ന്ന് ആര്‍.എസ്.എസ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷവും പരസ്പരമുള്ള വാഗ്വാദങ്ങളിലൂടെ നേതാക്കള്‍ പോരാടുന്ന കാഴ്ചയാണ് സംസ്ഥാന ബി.ജെ.പിയില്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com