മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സേലത്തിനടുത്തുള്ള ഒരുകൂട്ടം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍, തീവണ്ടിയില്‍ നാട്ടിലേക്ക്പുറപ്പെട്ട മറ്റു രണ്ടു വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് അവശരാക്കിയ വാര്‍ത്ത കേരളത്തിലെ മാതാപിതാക്കളെ ഒന്നടങ്കം ആശങ്കാകുലരാക്കിയിരിക്കുകയാണ്. കേരളത്തില്‍നിന്ന് പഠിക്കാനായി അന്യനാടുകളിലേക്ക് ചേക്കേറുന്ന അനേകായിരം വിദ്യാര്‍ഥികളുണ്ട്, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ. റാഗിങ്ങിനെതിരെ കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴും പ്രഫഷനല്‍ കോളജുകളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന്‍െറ പേരില്‍ തങ്ങളെ നിരന്തരം വേട്ടയാടുന്നുണ്ടെന്നും ഇതിനെതിരെ പൊലീസോ കോളജ് അധികൃതരോ ചെറുവിരല്‍പോലും അനക്കുന്നില്ളെന്നുമാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നത്. അവധിദിവസങ്ങളില്‍ നാട്ടിലേക്ക് തിരിക്കുന്ന ജൂനിയര്‍ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ചാണ് ആക്രമണങ്ങളഴിച്ചുവിടുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവരില്‍ മലയാളികളുമുണ്ട് എന്നതാണ് മലയാളിമനസ്സുകളെ നടുക്കുന്നത്. സമ്പൂര്‍ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന കേരളത്തിലെ യുവജനതയുടെ ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ സാംസ്കാരിക അധഃപതനത്തെത്തന്നെയാണ് കാണിക്കുന്നത്.
ഹോസ്റ്റലുകളിലും കോളജുകളിലും അരങ്ങേറുന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണ് തീവണ്ടിയില്‍ സംഭവിച്ചത്. സംഘബലത്തിന്‍െറപേരില്‍ ഊറ്റംകൊണ്ട ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പാവപ്പെട്ട രണ്ടു വിദ്യാര്‍ഥികളെ ഇരുമ്പുകമ്പിയും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുന്നത് കണ്ടിട്ടും സഹയാത്രികര്‍ അവരുടെ രക്ഷക്കായി ഒന്നും ചെയ്തില്ല എന്നത് വേദനാജനകംതന്നെ. സേലംഭാഗത്തെ പല പ്രഫഷനല്‍ കോളജുകളിലും സായുധസംഘങ്ങള്‍ എമ്പാടുമുണ്ടെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരം സംഘങ്ങള്‍ സിനിമാസ്റ്റൈലില്‍ ഏറ്റുമുട്ടുന്നതും കുടിപ്പക തീര്‍ക്കുന്നതും പതിവാണത്രെ. കുട്ടികളെ ഭീഷണിപ്പെടുത്തി അവരുടെ പണവും മൊബൈല്‍ഫോണുകളും മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകള്‍വരെ ഇവര്‍ തട്ടിയെടുക്കുന്നു. ലഹരിവസ്തുക്കള്‍ വാങ്ങുകയും മറ്റു സുഖഭോഗങ്ങള്‍ക്കുള്ള പണം കണ്ടെത്തുകയുമാണ് ഇത്തരം ഗുണ്ടാസംഘങ്ങളുടെ ലക്ഷ്യം. ഇക്കൂട്ടരില്‍ അധികവും മലയാളികളാണെന്നും അവരിലൊരു സംഘമാണ് കഴിഞ്ഞദിവസം രണ്ടു കുട്ടികളെ കൊല്ലാക്കൊല ചെയ്തത് എന്നുമാണ് വാര്‍ത്ത. നിസ്സഹായരായ രണ്ടു കുട്ടികളെ മാരകമായി പരിക്കേല്‍പിച്ചത് കുട്ടിക്കളിയായി കാണാനാവില്ല. അങ്ങനെ ചെയ്തവര്‍ മാപ്പര്‍ഹിക്കുന്നുമില്ല. ഇത്തരം സാമൂഹികദ്രോഹികള്‍ നമ്മുടെ നാടിന് ഭീഷണിയാണെന്ന കാര്യത്തില്‍ സംശയവുമില്ല. ഇത്തരക്കാര്‍ക്കുള്ള ബാലപാഠം വീട്ടില്‍നിന്ന് തുടങ്ങേണ്ടതാണെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാര്യമായ പങ്കുവഹിക്കാന്‍ സാധിക്കും. സമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നതിനുള്ള പരിശീലനംപോലും അവര്‍ക്ക് വീടുകളില്‍നിന്നോ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നോ കിട്ടുന്നില്ല എന്നതിന്‍െറ തെളിവാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍. പണത്തിനോടും സുഖഭോഗങ്ങളോടുമുള്ള അത്യാര്‍ത്തി മനുഷ്യനെ മൃഗങ്ങളാക്കിമാറ്റുന്നു എന്നുപറഞ്ഞാല്‍ മൃഗങ്ങള്‍ പ്രതിഷേധിക്കും. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. യുവതലമുറക്ക് മാതൃകയാവേണ്ട മുതിര്‍ന്നതലമുറ പൗരബോധവും മാനവധര്‍മവും മറന്ന് ജീവിക്കുമ്പോള്‍ ഇത്തരം സംസ്കാരശൂന്യവും മനുഷ്യത്വരഹിതവുമായ സംഭവങ്ങള്‍ ഇനിയും നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും!
അഴിമതിക്കാരും കൈക്കൂലിക്കാരും മാന്യരായി വിലസുന്ന നാട്ടിലാണ് നാം ജീവിക്കുന്നത്. ഒരു ചെറിയ വിഭാഗം അക്രമികളും അഴിമതിക്കാരും, വലിയവിഭാഗം വരുന്ന നല്ലവരായ ജനതയുടെ ജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയാണ് ഇന്ത്യയിലുടനീളം കാണുന്നത്. കൈക്കൂലി കൊടുക്കാതെയോ വാങ്ങാതെയോ ഈ നാട്ടില്‍ ജീവിക്കാനാവില്ളെന്ന് പ്രചരിപ്പിക്കുന്നതും ഇക്കൂട്ടര്‍തന്നെ. ഭരണത്തില്‍ സ്വാധീനവും ഉദ്യോഗസ്ഥരെ വിലക്കുവാങ്ങാനുള്ള സാമ്പത്തികശേഷിയുമുണ്ടെങ്കില്‍ പെണ്‍വാണിഭക്കേസുകള്‍ മാത്രമല്ല, കൊലക്കേസുകളും രാജ്യദ്രോഹക്കുറ്റങ്ങളും തെളിവില്ളെന്നപേരില്‍ തേച്ചുമായ്ക്കാന്‍ സാധിക്കുമെന്ന് സാധാരണക്കാര്‍ക്കുപോലും അറിയാം. എന്നിട്ടും, നാം ജുഡീഷ്യറിയില്‍ വിശ്വാസമര്‍പ്പിക്കുന്നു. എന്നെങ്കിലും നീതികിട്ടുമെന്നുള്ള പ്രതീക്ഷയോടെ ജീവിക്കുന്നു. ഈ പ്രത്യാശയാണ് ഇരുട്ടിലെ വെളിച്ചമായി നമ്മെ മുന്നോട്ടുനയിക്കുന്നത്. ഈ വെളിച്ചം നമ്മുടെ വരുംതലമുറക്ക് പകര്‍ന്നുകൊടുക്കണമെങ്കില്‍ നമ്മുടെ ജീവിതം അവര്‍ക്ക് മാതൃകയാവണം. സ്വന്തം ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്കേ സത്യസന്ധമായി ജീവിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കാനുള്ള ആത്മബലം ലഭിക്കൂ. മദ്യപാനം മാന്യതയുടെ സിംബലായി കാണുകയും ശത്രുക്കളെ വകവരുത്താന്‍ ക്വട്ടേഷന്‍സംഘത്തെ അയക്കുകയും പണവും പദവിയും നേടാന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന മാതാപിതാക്കളെ കണ്ട് വളരുന്ന കുട്ടികള്‍ കാട്ടാളത്തം കാണിക്കുമ്പോള്‍ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?
പഠിച്ച് അറിവ് നേടുക ഒപ്പം, ജീവിക്കാനൊരു തൊഴിലും എന്നതായിരുന്നു ഒരുകാലത്തെ വിദ്യാഭ്യാസത്തിന്‍െറ നിര്‍വചനം. ഇന്നത് മാറി. പണസമ്പാദനമാണ് വിദ്യാഭ്യാസത്തിന്‍െറ പരമമായ ലക്ഷ്യമെന്ന് കുട്ടികളുടെ തലയില്‍ അടിച്ചുകയറ്റിയതില്‍ മാതാപിതാക്കള്‍ക്കു മാത്രമല്ല, മാറിമാറിവരുന്ന ഭരണകര്‍ത്താക്കള്‍ക്കും പങ്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായി മാറിയതോടെ വിദ്യാര്‍ഥികള്‍ ഉല്‍പന്നങ്ങള്‍ മാത്രമായി തരംതാണു. ‘ഭീമമായ തുക പലര്‍ക്കായി വീതംവെച്ച് പ്രഫഷനല്‍ കോളജുകള്‍ക്ക് അനുമതിനേടുന്നത് നാട് നന്നാക്കാനല്ല’ എന്ന് പരസ്യമായി മീഡിയകളിലൂടെ പ്രതികരിക്കുന്ന കുത്തക മുതലാളിമാര്‍ എമ്പാടുമുള്ള നാടാണ് കേരളം. പലര്‍ക്കായി കാഴ്ചവെച്ച പണത്തിന്‍െറ കണക്കുകള്‍ അവര്‍ പരസ്യമായി വെളിപ്പെടുത്തുമ്പോള്‍ രാഷ്ട്രീയകക്ഷികള്‍ക്ക് മിണ്ടാട്ടം മുട്ടിപ്പോകുന്നതും നാം കാണാറുണ്ട്. മുമ്പൊക്കെ സാമ്പത്തിക ഭദ്രതയുള്ളവരേ കാശുകൊടുത്ത് മക്കളെ അയല്‍സംസ്ഥാനങ്ങളില്‍ പഠിക്കാനയച്ചിരുന്നുള്ളൂ. ഇന്നാകട്ടെ, ബാങ്കുകാര്‍ കച്ചവടതന്ത്രങ്ങളുമായി മുന്നോട്ടുവന്നുതുടങ്ങിയതോടെ മക്കളെ വിവിധ കോഴ്സുകള്‍ പഠിക്കാനായി അയല്‍സംസ്ഥാനങ്ങളിലയക്കുന്ന ഇടത്തരക്കാരുടെ എണ്ണവും ഏറിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കക്കാരായ പല കുട്ടികള്‍ക്കും പഠിച്ച് ഉന്നതജോലി നേടാന്‍ ഇത് സഹായകമാകുന്നുണ്ട് എന്നത് നല്ലകാര്യം. എന്നാല്‍, സാമ്പത്തികബാധ്യതമൂലം ആത്മഹത്യകളുടെ എണ്ണവും ഏറുന്നു എന്നത് മറ്റൊരു യാഥാര്‍ഥ്യം. തലവരിപ്പണം കൊടുത്ത് മക്കളെ പ്രഫഷനല്‍ കോളജില്‍ ചേര്‍ക്കുന്ന മാതാപിതാക്കള്‍, മക്കള്‍ക്ക് ഉന്നതമായ ജോലിയും സകലമായ സുഖസൗകര്യങ്ങളും സ്വപ്നം കാണുന്നതോ കടബാധ്യതകള്‍ മക്കള്‍ തീര്‍ക്കണമെന്ന് ആഗ്രഹിക്കുന്നതോ തെറ്റല്ല. എന്നാല്‍, പണസമ്പാദനത്തിനുള്ള മാര്‍ഗം മാത്രമാണ് പഠനമെന്ന തെറ്റായ ധാരണ അറിഞ്ഞോ അറിയാതെയോ കുട്ടികളില്‍ കുത്തിനിറക്കുന്നു എന്ന സത്യം അവര്‍പോലും അറിയുന്നില്ല.
ഉദാരീകരണവും ആഗോളീകരണവും ഇവിടത്തെ സാധാരണക്കാരുടെ ജീവിതത്തിന്‍െറ താളം തെറ്റിച്ചു എന്നുപറയുന്നത് അതിശയോക്തിയാവില്ല. കടംവാങ്ങാതെ കിട്ടുന്നതുകൊണ്ട് മനസ്സമാധാനത്തോടെ കഴിഞ്ഞുകൂടുക എന്നതായിരുന്നു നമ്മുടെ മുന്‍കാല ജീവിതരീതി. ഇന്നാകട്ടെ, അനുകരിച്ച് കടംവാങ്ങിയിട്ടായാലും ജീവിതം ആഘോഷിക്കുക എന്നതായിരിക്കുന്നു നമ്മുടെ പുതുസിദ്ധാന്തം. ബാങ്ക്ലോണെടുത്ത് സ്വപ്നക്കൂടാരങ്ങള്‍ നിര്‍മിക്കുകയും ആഢംബരക്കാറുകള്‍ വാങ്ങുകയും വിദേശയാത്ര നടത്തുകയും പണം തിരിച്ചടക്കാനാവാതെ കൂട്ടമായി ആത്മഹത്യ നടത്തുകയും ചെയ്യുന്നവരുടെ മനഃശാസ്ത്രം പിടികിട്ടുന്നില്ല. ജീവിതം ആഘോഷമാക്കുന്നതിനിടയില്‍ പല മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്ക് മാതൃകയാവാനോ അവരെ നേര്‍വഴിക്ക് നയിക്കാനോ സാധിക്കാതെവരുന്നു. ആവശ്യത്തിലേറെ പണമയച്ചുകൊടുത്താണ് പല വിദേശമലയാളികളും കുട്ടികളോട് സ്നേഹം കാണിക്കുന്നത്. അക്ഷരം പഠിക്കുന്നതിനുമുമ്പേ മൊബൈല്‍ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ വഴിതെറ്റിപ്പോകുന്നതില്‍നിന്ന് എങ്ങനെ ഒഴിഞ്ഞുമാറാനാകും? മൊബൈല്‍ഫോണിനും ആഢംബരവസ്തുക്കള്‍ക്കും വേണ്ടി ഗുണ്ടായിസത്തിലേര്‍പ്പെടുന്ന ആണ്‍കുട്ടികളും ശരീരം വില്‍ക്കാന്‍ തയാറാവുന്ന പെണ്‍കുട്ടികളും നമ്മുടെ നാട്ടിലുണ്ടെന്ന് പറയുമ്പോള്‍ മാതാപിതാക്കളുടെ ശിരസ്സുകള്‍ ഏതു പാതാളത്തിലാണ് ഒളിപ്പിക്കുക?
പാശ്ചാത്യരെ അന്ധമായി അനുകരിക്കുകയും അവര്‍ ഉപയോഗിച്ചുമടുത്ത് ഉപേക്ഷിച്ച ജീവിതശൈലികള്‍ പകര്‍ത്തുകയും ചെയ്യുന്നവരാണ് ഭാരതീയ യുവജനതയില്‍ ഏറിയപങ്കും. മദ്യവും മയക്കുമരുന്നും ഫാഷന്‍െറ അടയാളമായി മാറി. ഡേറ്റിങ്ങും ലിവിങ് ടുഗതറും ഇന്നത്തെ മാതാപിതാക്കള്‍ക്ക് അപരിചിതമായ വാക്കുകളല്ല. സാമ്പത്തികമാന്ദ്യത്തിനുമുമ്പ് അമേരിക്കക്കാരും യൂറോപ്യന്‍ജനതയും സ്വീകരിച്ച ജീവിതചര്യകളാണ് ഇന്ന് നാം മാതൃകയാക്കുന്നത്. പണമുണ്ടായിട്ടും ജീവിക്കാനാവാതെ ഉഴലുന്ന ഒരുപാട് വിദേശമലയാളികളെ നേരിട്ടറിയാം. അവര്‍ക്ക് എടുത്താല്‍ പൊന്താത്ത ശമ്പളമുണ്ട്. ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളുമുണ്ട്. എന്നാല്‍, സ്വസ്ഥതയും സമാധാനവുമില്ല. രാവുപകലാക്കിയാണ് പല ഐ.ടി പ്രഫഷനലുകളും ജീവിക്കുന്നത്. ചിട്ടയില്ലാത്ത ജിവീതം കാരണം ചെറുപ്പത്തിലേ അനേകം രോഗങ്ങള്‍ പിടികൂടുകയും ജീവിതത്തിന്‍െറ താളം തെറ്റുകയും ചെയ്തിരിക്കുന്നു. അതേയവസ്ഥയിലാണ് ഇന്ന് നമ്മുടെ യുവതലമുറ എത്തിയിരിക്കുന്നത്.
പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നതിനുപകരം നമ്മുടെ യുവതലമുറയെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍, കക്ഷിരാഷ്ട്രീയവും പരിഭവങ്ങളും മറന്ന് നമ്മള്‍ ഒരുമിച്ച് യുവജനതയുടെ ബോധവത്കരണത്തിന് ഇറങ്ങേണ്ടിയിരിക്കുന്നു. ഒരുകാലത്ത് സാംസ്കാരിക രംഗത്തുള്ളവരായിരുന്നു ചെറുപ്പക്കാരുടെ റോള്‍മോഡല്‍. ഇന്നാകട്ടെ, സിനിമാക്കാരാണ് യുവജനങ്ങളുടെ ആരാധ്യര്‍. പണം മാത്രം ലക്ഷ്യമിട്ടുള്ള കമേഴ്സ്യല്‍ പടങ്ങള്‍ മൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കുന്നില്ല. പൊലീസ് അധികാരികളെ അടിച്ചുവീഴ്ത്തുന്ന വില്ലന്‍, സാധുപെണ്‍കുട്ടിയെ അവഹേളിക്കുന്ന പ്രതിനായകന്‍, കള്ളപ്പണംകൊണ്ട് ഭരണാധികാരികളെ വിലക്കെടുത്ത് വിലസുന്ന അധോലോക നായകന്‍, സമൂഹത്തിലെ കെട്ടവരുടെ സഹായത്തോടെ അധികാരത്തിലെത്തി പാവപ്പെട്ടവരെ ദ്രോഹിക്കുന്ന ഭരണാധികാരി -ഇവരൊക്കെയാണ് നമ്മുടെ യുവാക്കളുടെ റോള്‍മോഡലുകള്‍. അവരുടെ ചെയ്തികള്‍തന്നെയാണ് യുവാക്കള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. കുട്ടികളില്‍ അക്രമവാസനയുണ്ടാക്കുകയും അത് വളര്‍ത്തുകയും ചെയ്യുന്ന സിനിമകള്‍ ധാരാളമായി പുറത്തുവരുന്നു. നമ്മുടെ സിനിമയും സംസ്കാരവും എങ്ങോട്ടാണ് പോകുന്നത്? നമ്മുടെ കുട്ടികള്‍ക്ക് നേര്‍വഴി കാണിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. അക്രമവാസനയില്ലാത്ത നല്ലവരായ വരുംതലമുറക്കുവേണ്ടി പ്രാര്‍ഥിക്കാം! ്മ


നിങ്ങളുടെ അഭിപ്രായങ്ങള്‍