12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

പുകയുന്ന മണിപ്പൂരില്‍ പരിക്കില്ലാതെ ഇബോബി

ഇംഫാല്‍: മണിപ്പൂരില്‍ മൂന്നാമതും അധികാരം പിടിക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഇബോബി സിങ്. പ്രതിപക്ഷം ഒന്നിച്ചു നിന്ന് എതിര്‍ത്തിട്ടും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും, അതിനു ശേഷവും മുഖ്യമന്ത്രിയെ തൊടാന്‍ പറ്റാത്ത സ്ഥിതി.
സംസ്ഥാനത്ത് തീവ്രവാദികളും സര്‍ക്കാറിന് എതിര്. പക്ഷേ, ഇബോബി ഹാട്രിക് നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
കഴിഞ്ഞ 10 വര്‍ഷം കൊണ്ട് മണിപ്പൂരിലെ അതികായനായ ഏകാധിപതിയായി ഇബോബി സിങ് മാറിക്കഴിഞ്ഞു. സംസ്ഥാനത്ത് ഭരണവും പാര്‍ട്ടിയുമെല്ലാം കൊണ്ടുനടക്കുന്നത് ഇബോബി തന്നെ. അതിനിടയില്‍ പ്രതിപക്ഷം മാത്രമല്ല, ഇബോബിക്ക് മുന്നില്‍ സ്വന്തം പാര്‍ട്ടിക്കാരും ദുര്‍ബലരാണ്. അത് ഭരണം നന്നായിപ്പോയതു കൊണ്ടല്ല. രാഷ്ട്രീയ സ്ഥിരത കൊണ്ടുവന്നുവെന്നല്ലാതെ, ഭരണം പരാജയം. മണിപ്പൂരിലെ പ്രശ്നങ്ങളത്രയും നീറിപ്പുകഞ്ഞു നില്‍ക്കുന്നു.
പക്ഷേ, ഒന്നിനും പിടികൊടുക്കാതെ വെട്ടിച്ചു കടക്കാന്‍ പാകത്തില്‍ എണ്ണ പുരട്ടി മെയ്വഴക്കത്തോടെ നില്‍ക്കുകയാണ് മുഖ്യമന്ത്രി. ഇബോബി സിങ് കോണ്‍ഗ്രസ് ഹൈകമാന്‍ഡിനു മുന്നിലും നല്ലപിള്ള. അതിന് കാരണവുമുണ്ട്. മണിപ്പൂര്‍ പിറന്ന ശേഷം ഒരു പാര്‍ട്ടിയും, ഒരു നേതാവും പത്തുകൊല്ലം തുടര്‍ച്ചയായി ഭരിച്ചിട്ടില്ല. ഭരണം എങ്ങനെ എന്നത് രണ്ടാമത്തെ കാര്യം മാത്രം.
കേന്ദ്രം ശ്രമിച്ചിട്ടു കൂടി പരിഹരിക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിന്‍െറ പ്രശ്നങ്ങള്‍. അതിനിടയിലും എല്ലാമടക്കി വാഴാന്‍ ഒരു മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ടെങ്കില്‍, തെരഞ്ഞെടുപ്പും ഭരണവും നയിക്കാന്‍ മറ്റൊരു നേതാവിനെ നോക്കേണ്ട കാര്യം ഹൈകമാന്‍ഡിനില്ല. പി.സി.സി പ്രസിഡന്‍റ് ഗെയ്ഖംഗാമിന് മോഹമൊതുക്കി വെറുതെ കാത്തിരിക്കാം.
കുതിരക്കച്ചവടത്തിന്‍െറയും തീവ്രവാദി സ്വാധീനത്തിന്‍െറയും രാഷ്ട്രീയമായിരുന്നു മണിപ്പൂരില്‍. മുഖ്യമന്ത്രിപദത്തില്‍ പലരും വരും, പോകും.
പക്ഷേ, ഇബോബി വന്ന ശേഷം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒന്നിച്ചു പയറ്റി നോക്കിയതാണ്. എന്‍.സി.പി, ആര്‍.ജെ.ഡി, സി.പി.എം, ജനതാദള്‍-യു, മണിപ്പൂര്‍ പീപ്പ്ള്‍സ് പാര്‍ട്ടി എന്നീ അഞ്ചു പാര്‍ട്ടികള്‍ ഒരു കുടക്കീഴില്‍ നിന്നിട്ടും ഇബോബിയുടെ കരുത്തില്‍ സഖ്യം ഞെരിഞ്ഞമര്‍ന്നു -സി.പി.എമ്മിനെ വിട്ട് ഇബോബിക്കൊപ്പം കൂടാന്‍ തോന്നിയ സി.പി.ഐക്ക് സമാധാനിക്കാന്‍ വകയുണ്ട്.
കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണത്തില്‍ മണിപ്പൂരികളുടെ ദുരിതത്തിനും യാതനകള്‍ക്കും അറുതിയുണ്ടായില്ല.
അത് ഒന്നു കൂടി വര്‍ധിക്കുകയാണ് ചെയ്തത്. പലവിധ പ്രക്ഷോഭങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, നാലുമാസത്തെ സാമ്പത്തിക ഉപരോധം -അങ്ങനെ പലതും നടന്നു. എല്ലാറ്റിനെയും തന്ത്രശാലിയായ ഇബോബി മറികടന്നു. ഇക്കുറി തീവ്രവാദികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം പലതായി. മണിപ്പൂരിലെ വേവുന്ന മനസ്സുകള്‍ക്ക് വോട്ടെടുപ്പിനോടു തന്നെ പുച്ഛം.
പക്ഷേ, അതൊന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നില്ല. ‘ഇക്കൂട്ടര്‍ക്കൊന്നും ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ കഴിയില്ല’ എന്ന് മുഖ്യമന്ത്രി പ്രത്യാശിക്കുന്നു.
കാതലായ മറുവാദങ്ങള്‍ മണിപ്പൂരിന്‍െറ പ്രശ്നങ്ങള്‍ അറിയുന്നവര്‍ക്ക് പറയാനുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പില്‍ വേണമല്ളോ, എഴുന്നേറ്റു നില്‍ക്കാന്‍ കെല്‍പുള്ള ഒരു പ്രതിപക്ഷം.
തീവ്രവാദികള്‍ ശ്രമിച്ചിട്ടു വേണം, പ്രതിപക്ഷത്തിന് കരുത്തുണ്ടാകാന്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com