12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

പഞ്ചാബില്‍ മൂന്നാംമുന്നണി പരീക്ഷണം

പട്യാല: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് പത്തുദിവസം മാത്രം ബാക്കിയിരിക്കെ മുന്‍ ധനമന്ത്രി മാന്‍പ്രീത് സിങ് ബാദല്‍ പുതുതായി രൂപം കൊടുത്ത ‘പീപ്പ്ള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബ്’(പി.പി.പി)ലേക്കാണ് ഭരണ-പ്രതിപക്ഷ കക്ഷികളുടെ നോട്ടം. 2010ല്‍ ബാദല്‍ സര്‍ക്കാറില്‍നിന്ന് രാജിവെച്ച ശേഷമാണ് മാന്‍പ്രീത് പി.പി.പിക്ക് രൂപം കൊടുത്തത്. സ്വന്തം വ്യക്തിത്വവും വാഗ്വിലാസവും സാമ്പത്തിക മുന്നേറ്റത്തിനുള്ള അജണ്ടയുമാണ് സംസ്ഥാനത്ത് മാന്‍പ്രീതിനെ ശ്രദ്ധേയനാക്കിയത്. എന്നാല്‍, അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഊഴം മാറുന്ന നിലവിലുള്ള അധികാര ഘടനക്കിടയില്‍ മാന്‍പ്രീത് ഉയര്‍ത്തിയ മൂന്നാം മുന്നണി പരീക്ഷണം എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതിനെ ആശ്രയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ്. ശിരോമണി അകാലിദളില്‍ നിന്നുള്ള രാജി മാന്‍പ്രീതിന്‍െറ രാഷ്ട്രീയ ഭാവിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിയതെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. ഇടതുപാര്‍ട്ടികള്‍, ശിരോമണി അകാലിദള്‍, ലോംഗോവാള്‍ ഗ്രൂപ് എന്നിവയുമായി ചേര്‍ന്ന് ‘സംഝ മോര്‍ച്ച’യുണ്ടാക്കിയ മാന്‍പ്രീതിന,് ടിക്കറ്റ് ലഭിച്ചപ്പോള്‍ കൂടെ നിന്നവരില്‍ പലരും മറുകണ്ടം ചാടുന്നത് കാണേണ്ടിവന്നു.അകാലികള്‍ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് 1962ലാണ്. മത്സരിച്ച 42 സീറ്റില്‍ 19ലും അവര്‍ വിജയിച്ചു. ജനസംഘത്തിന് എട്ടു സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 90 സീറ്റ് കിട്ടി. പിന്നീട് അകാലിദള്‍ പിളര്‍ന്ന് സന്ത് ഫത്തേ സിങ്ങിന്‍െറയും മാസ്റ്റര്‍ താരാ സിങ്ങിന്‍െറയും നേതൃത്വത്തില്‍ രണ്ടു പാര്‍ട്ടികളായി മാറി. ഇരു കൂട്ടരും ഒന്നായതോടെ സഖ്യകക്ഷി രാഷ്ട്രീയം പഞ്ചാബ് രാഷ്ട്രീയത്തിന്‍െറ പ്രത്യേകതയായി മാറുകയും കോണ്‍ഗ്രസിന്‍െറ ഏകാധിപത്യം തകരുകയും ചെയ്തു. ഹിന്ദു-സിഖ് വോട്ടുബാങ്കുകളുടെ ആഴത്തില്‍ വേരൂന്നിയ ഏകീകരണത്തിന് ഈ സഖ്യം വഴിവെച്ചു. 1967 മുതലുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശകലനം വ്യക്തമാക്കുന്നത് ഭൂരിഭാഗം തെരഞ്ഞെടുപ്പുകളിലും ദേശീയ പാര്‍ട്ടികള്‍ (പ്രധാനമായും കോണ്‍ഗ്രസ്) 50 ശതമാനം വോട്ടുനേടിയിട്ടുണ്ടെന്നാണ്. രണ്ടു തവണ മാത്രമാണ് ദേശീയ പാര്‍ട്ടികള്‍ക്ക് ഇത് കിട്ടാതെ പോയത്. എന്നാല്‍, ശിരോമണി അകാലിദള്‍ ഇത്രയും കാലത്തിനിടയില്‍ 40 ശതമാനത്തിലേറെ വോട്ട് നേടിയിട്ടില്ല. ഭരണവിരുദ്ധവികാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ അകാലിദള്‍-ബി.ജെ.പി മുന്നണിയെ മാത്രമല്ല, പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും അലട്ടുന്നു. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുളള കോണ്‍ഗ്രസ് യത്നത്തെ കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാറിനെതിരായ പ്രചാരണംകൊണ്ട് പ്രതിരോധിക്കുകയാണ് ശിരോമണി അകാലിദളും ബി.ജെ.പിയും. നിരവധി ജനകീയ പദ്ധതികള്‍ തങ്ങളെ വീണ്ടും അധികാരത്തിലേറ്റുമെന്നാണ് ഭരണമുന്നണിയുടെ വാദം. ഗോതമ്പുപൊടി കിലോക്ക് നാലു രൂപ നിരക്കിലും പയര്‍വര്‍ഗങ്ങള്‍ കിലോക്ക് 20 രൂപ നിരക്കിലും ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കിയതാണ് പ്രധാന ജനകീയ പദ്ധതികള്‍. ഇതുവഴി പട്ടിക ജാതിക്കാരെയും പിന്നാക്കവിഭാഗങ്ങളെയും കൂടെ നിര്‍ത്താന്‍ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് ഭരണമുന്നണി.മിക്ക പാര്‍ട്ടികളെയും വിമതശല്യം കുഴക്കുന്നുണ്ട്. മധ്യവര്‍ഗത്തിന്‍െറ വോട്ട് പിടിക്കാന്‍ അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്‍െറ പിന്തുണ നേടിയെടുക്കാനുള്ള ഓട്ടത്തിലാണ് സംഝ മോര്‍ച്ചയും ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യവും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com