ന്യൂദല്‍ഹി: യു.പിയില്‍ ‘മുസ്ലിം സംവരണ’ വിഷയം ഉന്നയിച്ച് ഭൂരിപക്ഷ വികാരം ഉണര്‍ത്താനുള്ള നീക്കം ക്ളച്ച്പിടിക്കാതെ വന്നതോടെ വിവാദ എഴുത്തുകാരന്‍ റുഷ്ദിക്കു പിന്നാലെ ബി.ജെ.പി. മുസ്ലിം വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗൂഢാലോചനയാണ് ജയ്പൂര്‍ സാഹിത്യമേളയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ റുഷ്ദിയെ പ്രേരിപ്പിച്ചതെന്നാണ് ബി.ജെ.പി വാദം. മുസ്ലിം വര്‍ഗീയതക്കു മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. മഹോബ ജില്ലയിലെ ഛര്‍കോരി മണ്ഡലത്തില്‍ ജനവിധി തേടുന്ന ഉമാ ഭാരതിയാണ് റുഷ്ദി പ്രശ്നം പ്രചാരണവിഷയമാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ദിഗ്വിജയ് സിങ്, പ്രമോദ് തിവാരി എന്നിവരെ ഇതിന്‍െറ പേരില്‍ ഉമാഭാരതി വിമര്‍ശിച്ചു. ഹനുമാനെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ റുഷ്ദി തന്‍െറ വിവാദഗ്രന്ഥത്തില്‍ നടത്തിയെങ്കിലും അതിന്‍െറപേരില്‍ പുസ്തകം നിരോധിക്കണമെന്ന് തങ്ങളാരും പറഞ്ഞില്ളെന്ന് ഉമാഭാരതി ചൂണ്ടിക്കാട്ടി. പ്രമുഖ ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍ തിരിച്ചുവരാന്‍ പാടില്ളെന്ന് ഒരിക്കല്‍പോലും ബി.ജെ.പി വാദിച്ചില്ളെന്നും ഉമാഭാരതി പറഞ്ഞു. പല നിലക്കും മുസ്ലിംകളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു. അതേസമയം, റുഷ്ദി വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും ഇടപെട്ടില്ളെന്ന് കോണ്‍ഗ്രസ് വിശദീകരിക്കുന്നു. എന്നാല്‍, റുഷ്ദി വരുന്നില്ളെന്നു തീരുമാനിച്ചത് കോണ്‍ഗ്രസിനാണ് ആശ്വാസമായത്. റുഷ്ദിക്കെതിരായ പ്രതിഷേധ പരിപാടികള്‍ അക്രമസംഭവങ്ങള്‍ക്ക് വഴിയൊരുക്കിയാല്‍ അതിന്‍െറ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. ജനാധിപത്യ സംവിധാനത്തിനകത്തു നിന്ന് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് വിവിധ മുസ്ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പി.ഐ.ഒ കാര്‍ഡുള്ളതു കാരണം വിസയില്ലാതെതന്നെ റുഷ്ദിക്ക് ഇന്ത്യയില്‍ വന്നുപോകാന്‍ തടസ്സമില്ല. ഒടുവില്‍ സ്വമേധയാ പിന്‍വാങ്ങാന്‍ തീരുമാനിച്ചതോടെ സര്‍ക്കാറിന് സമാധാനമായി. അതിനിടെ, ജയ്പൂര്‍ സാഹിത്യ മേളയില്‍ റുഷ്ദിയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചനടന്നു. ‘സാത്താന്‍െറ വചനങ്ങളി’ലെ ഭാഗങ്ങള്‍ പാരായണം ചെയ്ത ഏതാനും എഴുത്തുകാരുടെ നടപടിയെ ചിലര്‍ ചോദ്യംചെയ്തു. പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ആനന്ദാണ് പരസ്യമായി ഇതിനെതിരെ പ്രതികരിച്ചത്. നിരോധിക്കപ്പെട്ട പുസ്തക രചയിതാക്കള്‍ക്ക് ഹീറോ പരിവേഷം നല്‍കുന്നത് ശരിയല്ളെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍