Sat, 01/21/2012 - 10:42 ( 1 year 17 weeksago)
താരക്ക് ഇരട്ട സ്വര്‍ണം, കേരളം ആധിപത്യം തുടരുന്നു
(+)(-) Font Size
താരക്ക് ഇരട്ട സ്വര്‍ണം, കേരളം ആധിപത്യം തുടരുന്നു

ലുധിയാന: ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിനം കേരളത്തിന്‍െറ സ്വര്‍ണക്കുതിപ്പ് നിലനിര്‍ത്തി പാലക്കാടിന്‍െറ എം.ഡി താരയും മലപ്പുറത്തിന്‍െറ പി.വി സുഹൈലും ഒരിക്കല്‍ കൂടി അഭിമാനമായി. യഥാക്രമം 5000 മീറ്റര്‍ ഓട്ടത്തിലും ട്രിപ്പ്ള്‍ ജമ്പിലുമാണ് മലബാര്‍ താരങ്ങളുടെ സുവര്‍ണനേട്ടം. രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് ഇന്നലെ കേരളത്തിന്‍െറ സമ്പാദ്യം. കേരളത്തിന് ആകെ 13 സ്വര്‍ണവും 15 വെള്ളിയും 11 വെങ്കലവുമായി.
താരക്കൊപ്പം 5000 മീറ്ററില്‍ മത്സരിച്ച ഇരട്ടയാര്‍ എസ്.ടി.എച്ച്.എസ്.എസിലെ ഗീതുമോഹന്‍ ഓട്ടത്തിനിടെ തളര്‍ന്നു വീണ് പുറത്തായി. മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കാനെ ഗീതുവിനായുള്ളൂ. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മത്സരിച്ച കല്‍പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസിലെ എം.ആര്‍. രാഹുല്‍ രാജിന് അഞ്ചാം സ്ഥാനമേ ലഭിച്ചുള്ളൂ.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ പറളി സ്കൂളിലെ നിഷ ഇ. 27.80 മീറ്റര്‍ എറിഞ്ഞ് അഞ്ചാം സ്ഥാനത്തായി. ഈ വിഭാഗത്തില്‍ മത്സരിച്ച മാര്‍ബേസിലിലെ അമൃത യോഗ്യത നേടിയില്ല. 30.36 മീറ്റര്‍ എറിഞ്ഞ ഹരിയാനയിലെ ഏക്തക്കാണ് ഈയിനത്തില്‍ സ്വര്‍ണം.
കടുത്ത മത്സരം നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ 34.35 മീറ്റര്‍ എറിഞ്ഞ മാര്‍ബേസിലിലെ ക്ളോഡിയ ജോണിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പറളിയുടെ തുഷാര നാല് പിഴവുകള്‍വരുത്തി മത്സരത്തില്‍നിന്ന് പുറത്തായി. ഉത്തര്‍പ്രദേശിന്‍െറ നികേത 39.82 മീറ്റര്‍ എിഞ്ഞ് ഒന്നാമതെത്തി. 34.65 മീറ്റര്‍ കണ്ടെത്തിയ പഞ്ചാബിന്‍െറ ദില്‍ജിത് കൗര്‍ വെള്ളി നേടി.
ലോങ്ജമ്പിനുള്ള റണ്‍വേയില്‍ ട്രിപ്പ്ള്‍ജമ്പ് മത്സരം നടത്തിയതാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആതിര സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ കാരണം. റണ്‍വേയില്‍ നിന്ന് മാറ്റാതിരുന്ന ലോങ്ജമ്പിന്‍െറ ടേക്ക്ഓഫ് ബോര്‍ഡില്‍ ചാട്ടത്തിനിടെ ചവിട്ടിയ ആതിര ഇടറിപ്പോവുകയായിരുന്നു. സ്റ്റാര്‍ട്ടറുടെ തോക്ക് പൊട്ടാതായതോടെ ഉച്ചകഴിഞ്ഞ് നടത്തിയ 200 മീറ്റര്‍ ഓട്ടം, 100 മീറ്റര്‍ ഹര്‍ഡില്‍സ് തുടങ്ങിയ മത്സരങ്ങള്‍ അനിശ്ചിതമായി വൈകി. സ്റ്റാര്‍ട്ടിങ്ങിന് സൈന്യത്തിന്‍െറ തോക്ക് ഉപയോഗിച്ചിരുന്ന സംഘാടകര്‍ക്ക് ഡെമ്മി വെടിയുണ്ടകള്‍ നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതാണ് പ്രശ്നമായത്. തുടര്‍ന്ന്ഒരു ചെറിയ കൈത്തോക്ക് കൊണ്ടുവന്നെങ്കിലും പലപ്പോഴും ഇത് പ്രവര്‍ത്തിച്ചില്ല.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഹീറ്റ്സില്‍ വെടിശബ്ദം പ്രതീക്ഷിച്ചിരുന്ന കുട്ടികളോട് ഓടാനുള്ള ആഞ്ജയാണ് സംഘാടകര്‍ നല്‍കിയത്. ഇത് മനസ്സിലാകാതെ ഏറ്റവും ഒടുവില്‍ ഓടിത്തുടങ്ങിയ കേരളത്തിന്‍െറ പ്രതീക്ഷ അബ്ദുല്‍ സമദിന് യോഗ്യതനേടാനായില്ല. പരാതിയെത്തുടര്‍ന്ന് മത്സരം വീണ്ടും നടത്തിയപ്പോള്‍ സമദ് രണ്ടാമനായി യോഗ്യതനേടുകയും ചെയ്തു. വെടിയൊച്ചക്ക് പകരം പലക കൂട്ടിയടിച്ചാണ് ഇക്കുറി സ്റ്റാര്‍ട്ട് പറഞ്ഞത്. നേരം ഇരുട്ടിയതിനെത്തുടര്‍ന്ന് വൈകിട്ട് നടത്താനിരുന്ന സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4x100 മീറ്റര്‍ റിലെയും മാറ്റിവെക്കേണ്ടി വന്നു. ശനിയാഴ്ച നടത്താന്‍ പറ്റാതിരുന്ന പോള്‍വാള്‍ട്ട് അടക്കമുള്ള മത്സരങ്ങള്‍ ഉള്‍പ്പെടെ 36 ഫൈനലുകള്‍ ഞായറാഴ്ച നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. കടുത്ത തണുപ്പ് സഹിക്കാനാവാതെ ശനിയാഴ്ചയും നിരവധി താരങ്ങള്‍ കുഴഞ്ഞു വീണു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus