12:30:26
01 Sep 2015
Tuesday
Facebook
Google Plus
Twitter
Rssfeed

വിഷാദമകറ്റാന്‍ കുട്ടികള്‍ക്ക് കൂട്ടാവൂ.....

വിഷാദമകറ്റാന്‍ കുട്ടികള്‍ക്ക് കൂട്ടാവൂ.....

എന്റെ കുഞ്ഞിന്റെ കൊഞ്ചലും പ്രസരിപ്പുമൊന്നും ഇപ്പോള്‍ കാണുന്നില്ല. എപ്പഴും ഒരാലോചനയാണ്. അവന്റെ കൂട്ടുകാരൊക്കെ കളിക്കുമ്പഴും അവന്‍ തനിച്ചിരിക്കുന്നു. എന്തുകൊണ്ടായിരിക്കും നമ്മുടെ കുട്ടികളില്‍ കുട്ടിത്തവും നിഷ്കളങ്കതയും നഷ്ടപ്പെടുന്നത്. സ്കൂളിലെ പഠനഭാരം, കൂട്ടുകാരുടെ കളിയാക്കല്‍, മാതാപിതാക്കള്‍ മനസിലാക്കുന്നില്ലെന്ന തോന്നല്‍, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേട് തുടങ്ങി നാം നിസാരമെന്ന് കരുതുന്നതോ നാമറിയാതെ പോകുന്നതോ ആയ കാര്യങ്ങളാണ് നമ്മുടെ കുട്ടികളെ വരിഞ്ഞു മുറുക്കി ഈ അവസ്ഥയിലെത്തിക്കുന്നത്. തുടക്കതിലേ തിരിച്ചറിഞ്ഞില്ലെങ്കില്‍ അഴിയാക്കുരുക്കായ വിഷാദരോഗത്തിലേക്കാണവരെ നാം തള്ളി വിടുന്നത്. കുട്ടികളുടെ ഒളിച്ചോട്ടം, ആത്മഹത്യ, അക്രമവാസന, കുറ്റകൃത്യങ്ങള്‍എന്നിവയൊക്കെ പെരുകുന്നതിനും ഒരളവോളം ഇതുതന്നെയാണ് കാരണം. ബുദ്ധിപൂര്‍വമായ സമീപനത്തിലൂടെ മാത്രമേ നമുക്ക്ഈ കുരുക്ക് അഴിച്ചെടുക്കാനാവൂ.

കൊച്ചു കുട്ടികളില്‍ നൂറില്‍ രണ്ടുപേര്‍ക്ക് വിഷാദമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ടീനേജുകാരില്‍ തോത് അല്‍പം കൂടുതലാണ്. കൊച്ചുകുട്ടികളില്‍ വിഷാദം ബാധിക്കുന്നതിന് ആണ്‍കുട്ടികളെന്നും പെണ്‍കുട്ടികളെന്നും വ്യത്യാസമില്ല . എന്നാല്‍, ടീനേജുകാരില്‍ പെണ്‍കുട്ടികളെയാണു വിഷാദം കൂടുതല്‍ പിടികൂടുക.

എന്താണ് വിഷാദം
കുട്ടിക്ക് സങ്കടം വരുന്നതെല്ലാം വിഷദമാണെന്ന് പറയാന്‍ പറ്റില്ല. സങ്കടം ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുകയും ഈ മാറ്റം രണ്ടാഴ്ചയിലധികം തുടരുകയും ചെയ്താല്‍ ശ്രദ്ധിക്കണം. പ്രത്യകിച്ച് കാരണമൊന്നുമില്ലാതെ തലവേദന, വയറുവേദന, അമിതമായ ക്ഷീണം തുടങ്ങിയവും വിഷാദത്തിന്റെ ലക്ഷണങ്ങളാവാം. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക്ഷ എല്ലാത്തിലും പുറകോട്ട് പോകുക എല്ലാത്തിനെ കുറിച്ചും നെഗറ്റീവായി മാത്രം ചിന്തിക്കുക തുടങ്ങി ആത്മഹത്യ വരെ കൊണ്ടെത്തിക്കും ഇത്തരം പ്രശ്നങ്ങള്‍.
കൊച്ചുകുട്ടികളിലെ വിഷാദം അറിയാന്‍ എളുപ്പമല്ല. പലപ്പോഴും അവരുടെ മനസ്സ് പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. വിശപ്പില്ലായ്മ, സ്കൂളില്‍ പോകാന്‍ മടി, അകാരണമായ വാശി ദേഷ്യം, മറ്റുള്ളവരെ വെറുതെ ഉപദ്രവിക്കുക തുടങ്ങിയവ അവരിലെ വിഷാദ ലക്ഷണമാവാം.

പാരമ്പര്യമായും സാഹചര്യങ്ങള്‍ കൊണ്ടും കുഞ്ഞുങ്ങള്‍ക്ക് വിഷാദം പിടിപെടാം. പാരമ്പര്യമായി വരുന്നത് കൌണ്‍സിലിങ്ങിലൂടെ ഭേദമാക്കാം. എന്നാല്‍ സാഹചര്യം നാം സൃഷ്ടിക്കുന്നതണ്. വീട്ടിലെ കലഹങ്ങളും മറ്റും കുഞ്ഞുങ്ങളെ മാനസികമായി തളര്‍ത്തുന്നു. കുട്ടികള്‍ പഠനത്തില്‍ പുറകോട്ട് പോകുമ്പോഴും മറ്റും അവരുടെ ശ്രദ്ധക്കുറവായും അലസതയായും രക്ഷിതാക്കള്‍ വിലയിരുത്തുന്നു. സ്നേഹപൂര്‍വ്വം ഇടപെട്ടും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമായി വിവരങ്ങള്‍ മനസ്സിലാക്കേണ്ടത് രക്ഷിതാക്കളാണ്. എന്നാല്‍ തിരക്ക് മൂലമോ എന്തോ ഇക്കാര്യത്തില്‍ നാം അശ്രദ്ധരാണ്. അവരിലെ പിഴവുകള്‍ ചുണ്ടക്കാണിക്കാനുള്ള വ്യഗ്രത അവരെ അംഗീകരിക്കാന്‍ നാം കാണിക്കുന്നില്ല.

ഒരു നേരമെങ്കിലും കുഞ്ഞുങ്ങളോടൊത്ത് ഭക്ഷണം കഴിക്കാം. ഇത്തിരി നേരം അവരോടൊത്ത് കളിക്കാം. കുശലം പറയാം. അമ്മ അഛനും തന്റെ നല്ല സുഹൃത്തുക്കളാണെന്ന് തോന്നിക്കും വിധം അവരോടടുക്കാം.

ഒരു തെറ്റ് ചെയ്താല്‍ ഞാനത് ചെയ്തു പോയി ഇനി ആവര്‍ത്തിക്കില്ല എന്ന് തുറന്ന് പറയാനുള്ള സ്വാതന്ത്യ്രമാണ് കുഞ്ഞുങ്ങള്‍ക്ക് നാം നല്‍കേണ്ടത്. അത് സമാധാനപരമായി കേള്‍ക്കാനും കൈകാര്യം ചെയ്യാനുമുള്ള മനസ്സാണ് രക്ഷിതാവിന് വേണ്ടതും. പല പ്രശ്നങള്‍ക്കും ഇത് പരിഹാരമാകുന്നു. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പക്വതയും ഇത് വഴി കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുന്നു. നിസാരമെന്ന് നമുക്ക് തോന്നിയാലും അവരുടെ പ്രശ്നങ്ങളില്‍ നാം കൂടെയുണ്ടാവണം. പിന്നെ ഒരിക്കലും അവര്‍ പ്രശ്ന പരിഹാരത്തിന് മറ്റൊരു വഴി തേടി പോകില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus