12:30:26
13 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

മുഖ്യമന്ത്രി ഇനിയും വിശദീകരിക്കേണ്ടി വരും

മുഖ്യമന്ത്രി ഇനിയും വിശദീകരിക്കേണ്ടി വരും

പൗരന്മാരുടെ ഇ-മെയിലുകള്‍ ചോര്‍ത്താന്‍വേണ്ടി കേരള പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം നടത്തിയ നിഗൂഢമായ നടപടികള്‍ ‘മാധ്യമം ആഴ്ചപതിപ്പ്’ കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ നല്‍കിയ വിശദീകരണം കൂടുതല്‍ ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ്. തൃപ്തികരമായ വിശദീകരണം നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് മാത്രമല്ല, ‘മാധ്യമ’ത്തിനു നേരെ വര്‍ഗീയത ആരോപിച്ച് പ്രശ്നത്തെ തലകീഴെയാക്കാന്‍ ശ്രമിക്കുകകൂടി ചെയ്തുവെന്ന് ഖേദപൂര്‍വം പറയേണ്ടിവരുന്നു. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയിലാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് അദ്ദേഹം പറയുന്നത്. ഒന്നാമതായി, ഇത് സമുദായങ്ങള്‍ക്കിടയിലെ പ്രശ്നമേയല്ല. ഒരു പൗരസഞ്ചയവും ഭരണകൂടവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ആ പ്രശ്നത്തെ സമുദായങ്ങള്‍ക്കിടയിലെ പ്രശ്നമായാണ് മുഖ്യമന്ത്രി കാണുന്നതെങ്കില്‍ ഭരണകൂടം/പൊലീസ് ഡിപാര്‍ട്ട്മെന്‍റ് ഏതോ ഒരു സമുദായത്തെ പ്രതിനിധാനംചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി വ്യംഗ്യമായി പറയുന്നത്. എങ്കില്‍ ആ സമുദായം ഏതാണെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഏതേത് സമുദായങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറയണം.
ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് നല്‍കിയ 268 പേരില്‍ മുസ്ലിംകളായ 258 ആളുകളുടെ പേരുകള്‍ മാത്രമേ ‘മാധ്യമം’ പ്രസിദ്ധീകരിച്ചുള്ളൂ എന്നതാണ് ഗൗരവതരമായ കാര്യമെന്ന മട്ടില്‍ അദ്ദേഹം അവതരിപ്പിച്ചത്. 268 പേര്‍ ലിസ്റ്റിലുണ്ടെന്ന് ഞങ്ങള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, 268 പേരില്‍ 258ഉം കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സാധാരണ ജീവിതം നയിക്കുന്ന, ഒരു പെറ്റി കേസില്‍പോലും പെട്ടിട്ടില്ലാത്ത മുസ്ലിംകളാണ് എന്നതാണ് ഞങ്ങളുടെ സ്റ്റോറിയുടെ മുഖ്യപ്രമേയം തന്നെ. അതായത്, ഒരു സംസ്ഥാന ആഭ്യന്തര വകുപ്പ് ഒരു സമുദായത്തില്‍പെട്ട ഇത്രയും പേരുടെ ഇ-മെയില്‍ ഒറ്റയടിക്ക് ചോര്‍ത്തിയെടുക്കാന്‍ വകുപ്പുതല സര്‍ക്കുലര്‍ ഇറക്കിയെന്നത് (No. p3, 2444/2011 SB) നിസ്സാരമായ കാര്യമല്ല. അതിനെ നിസ്സാരമാക്കാനും വിഷയം മാറ്റിയെടുക്കാനും വേണ്ടിയാണ് മുഖ്യമന്ത്രി ‘മാധ്യമ’ത്തിനുനേരെ വര്‍ഗീയത ആരോപിക്കുന്നത്.
മേല്‍കാര്യത്തില്‍ ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത മൂന്ന് അടിസ്ഥാന പ്രശ്നങ്ങള്‍ അടങ്ങിയിരിപ്പുണ്ട്. ഒന്ന്, പൗരന്‍െറ സ്വകാര്യതയില്‍ കടന്നുകയറാന്‍ ഭരണകൂടത്തിന്/കേരള പൊലീസിന്/മുഖ്യമന്ത്രിയുടെ വകുപ്പിന് അധികാരമുണ്ടോ എന്നതാണ്. രണ്ടാമത്തേത്, ഒരു പ്രത്യേക സമുദായത്തിലെ വ്യക്തികളെ (അതില്‍ മുന്‍ പാര്‍ലമെന്‍റംഗം വരെയുള്‍പ്പെടുന്നു) ഇങ്ങനെ സവിശേഷമായി ടാര്‍ഗറ്റ് ചെയ്യുന്നതിന്‍െറ ന്യായമെന്താണ്? മൂന്നാമത്തേതാണ് ഏറ്റവും ഗൗരവപ്പെട്ടതും ഞെട്ടിപ്പിക്കുന്നതും. അതായത്, ഒരാളുടെ ഇ-മെയില്‍ അക്കൗണ്ടിന്‍െറ പ്രവേശന സാമഗ്രികള്‍ (ലോഗ് ഇന്‍ ഡീറ്റേല്‍സ്) കൈവശപ്പെടുത്തിയാല്‍ ആര്‍ക്കും അയാളുടെ പേരില്‍ രാജ്യവിരുദ്ധ/നിയമ വിരുദ്ധ/വ്യാജ സന്ദേശങ്ങളുണ്ടാക്കി അയക്കാന്‍ കഴിയും. അത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നല്ല, പല ഭീകരാക്രമണകേസുകളിലും പ്രതിചേര്‍ക്കപ്പെട്ട നിരപരാധരായ മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ ഹാജരാക്കപ്പെട്ട ഏറ്റവും ‘നിര്‍ണായകമായ തെളിവുകള്‍’ ഇത്തരത്തിലുള്ള ഇ-മെയില്‍ സന്ദേശങ്ങളും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുമായിരുന്നു. രാജ്യത്തെ ഇന്‍റലിജന്‍സ് ഏജന്‍സികളില്‍പെട്ടവര്‍തന്നെ മുസ്ലിംകളെ കുടുക്കാന്‍വേണ്ടി അത്യന്തം ഹീനമായ ഈ ഏര്‍പ്പാട് നടത്തുന്നതായി വ്യാപകമായ പരാതിയുമുണ്ട്. കേരള പൊലീസ് ഇത്രയും ആളുകളുടെ ലോഗ് ഇന്‍ ഡീറ്റേല്‍സ് സംഘടിപ്പിക്കുന്നതിന് ഇങ്ങനെ വല്ല ഉദ്ദേശ്യവുമുണ്ടോ? അഥവാ, ഇപ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികളുടെ പേരില്‍ ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കപ്പെടുകയില്ളെന്ന് എന്താണ് ഉറപ്പ്?
ഇ-മെയില്‍ ഐഡികളുടെ ഉടമകളാരെന്ന് അറിയുക മാത്രമേ പൊലീസിന് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ; ഇ-മെയില്‍ ഉള്ളടക്കത്തിലേക്ക് കടന്നിട്ടില്ല എന്നതാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. എന്നാല്‍, കഴിഞ്ഞ നവംബര്‍ മൂന്നിന് എ.ഡി.ജി.പി എ ഹേമചന്ദ്രന് വേണ്ടി സ്പെഷല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് കെ.കെ ജയമോഹന്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസി. കമാന്‍ഡന്‍റിന് അയച്ച 268 അംഗ ലിസ്റ്റിനോടൊപ്പമുള്ള കത്തിന്‍െറ ഉള്ളടക്കമിതാണ്: Please find enclosed a copy of the Email IDs of the individuals who have connections with SIMI activities. You are directed to identify the individuals behind the Email IDs contained in the list by verifying the registration and log in details with the concerned Email service providers and forward names and address of the individuals and furnish report to this office urgently. ലോഗ് ഇന്‍ ഡീറ്റേല്‍സില്‍ അക്കൗണ്ടിലേക്ക് കടക്കാനുള്ള പാസ്വേര്‍ഡും ഉള്‍പ്പെടും എന്നുള്ളത് ഏത് കുട്ടിക്കുമറിയാവുന്ന കാര്യമായിരിക്കെ, മുഖ്യമന്ത്രിയുടെ പ്രസ്താവന ഐ.ടി യുഗത്തിലെ ഏറ്റവും വലിയ തമാശയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
തീര്‍ത്തും വര്‍ഗീയവും മനുഷ്യാവകാശ വിരുദ്ധവുമായ നീക്കം നടത്തിയ ശേഷം ‘മാധ്യമ’ത്തിനുനേരെ വര്‍ഗീയത ആരോപിക്കുന്ന സമീപനം തികഞ്ഞ അല്‍പത്തമായിപ്പോയി. കഴിഞ്ഞ 25 വര്‍ഷമായി ‘മാധ്യമം’ഇവിടെയുണ്ട്. കേരളത്തിന്‍െറ സാമുദായിക സൗഹൃദത്തിനും ആരോഗ്യകരമായ പൊതുസമൂഹ നിര്‍മിതിക്കും ജനാധിപത്യ ശാക്തീകരണത്തിനും ‘മാധ്യമം’ നല്‍കിയ സംഭാവനകള്‍ മലയാളിക്കറിയാം. മലയാള മാധ്യമ ചരിത്രത്തിലെതന്നെ അസാധാരണത്തമായിരുന്നു ‘മാധ്യമ’ത്തിന്‍െറ തുടക്കവും വളര്‍ച്ചയും. അതിനെ വര്‍ഗീയ/സാമുദായിക മുദ്രകുത്തി അവഹേളിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. പക്ഷേ, പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. രാജ്യസുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നൊക്കെപ്പറഞ്ഞ് ചിലരെ ഒറ്റതിരിച്ച് ആക്രമിക്കുന്ന സാമ്രാജ്യത്വ/ഫാഷിസ്റ്റ് നയത്തിനെതിരെ ഞങ്ങളെന്നും ശക്തിയുക്തം നിലകൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖപത്രമായി, മുഖം പിച്ചിച്ചീന്തപ്പെട്ടവരുടെ മുഖമായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി ‘മാധ്യമം’ മാറിയത്. ഇ-മെയില്‍ ചോര്‍ത്തല്‍ പ്രശ്നത്തിലും ഞങ്ങള്‍ അടിസ്ഥാനപരമായി ഉയര്‍ത്തിയത് വിട്ടുവീഴ്ചയില്ലാത്ത ആ രാഷ്ട്രീയമാണ്. അത് ഞങ്ങള്‍ തുടരുകതന്നെ ചെയ്യും. കാരണം, ഞങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നതിന്‍െറ തെളിവാണത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus