12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

തണുത്തുറഞ്ഞ മണ്ണില്‍ സോണിയ പടയോട്ടം തുടങ്ങി

തണുത്തുറഞ്ഞ മണ്ണില്‍ സോണിയ പടയോട്ടം തുടങ്ങി

റൂര്‍ക്കി (ഉത്തരഖണ്ഡ്): അഴിമതിയില്‍ കുളിച്ച ബി.ജെ.പി സര്‍ക്കാര്‍ താലത്തില്‍ വെച്ചുനീട്ടിയ ഉത്തരഖണ്ഡ് ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെടുന്നതൊഴിവാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പടയോട്ടം തുടങ്ങി. മഞ്ഞു വീഴ്ചയും കൊടും തണുപ്പും മൂലം ജനം വീടുകളില്‍ നിന്നിറങ്ങാന്‍ മടിക്കുന്നത് ഭയന്ന് ഒന്നാംനിര നേതാക്കളെ പര്യടനത്തിനിറക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി മടിച്ചുനില്‍ക്കേയാണ് തണുത്തുറഞ്ഞ പ്രചാരണം ചൂടുപിടിപ്പിക്കാന്‍ ഒന്നാം നമ്പര്‍ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. വിമതശല്യം സൃഷ്ടിക്കുന്ന കാറ്റുവീഴ്ചയാണ് ഹിമാലയന്‍ താഴ്വരയിലെ മഞ്ഞുവീഴ്ചയേക്കാള്‍ കോണ്‍ഗ്രസിനെ അലട്ടുന്നതെന്ന് ഉത്തരഖണ്ഡില്‍ സോണിയയുടെ ആദ്യ പ്രചാരണ പരിപാടി തെളിയിക്കുകയും ചെയ്തു.
കാണികള്‍ കുറഞ്ഞെങ്കിലും കത്തിക്കയറിയ സോണിയ മണ്ണും വെള്ളവും മലയും ഭൂമിയും പാട്ടത്തിനും വിലക്കും വിറ്റുതുലക്കുന്നത് വികസനമല്ളെന്നും ജനങ്ങളോടുള്ള വഞ്ചനയാണെന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ളെന്നും ഭരണമാണ് മാറ്റേണ്ടതെന്നും സോണിയ ജനങ്ങളെ ഓര്‍മിപ്പിച്ചു. രാജ്യമൊട്ടുക്കും ഉത്തരഖണ്ഡ് ലോകായുക്ത ബില്ലിന്‍െറ മാഹാത്മ്യം പ്രചരിപ്പിക്കുന്നവര്‍ അതേ സംസ്ഥാനത്ത് അഴിമതി തടയാതിരുന്നതെന്തുകൊണ്ടാണെന്നും സോണിയ ചോദിച്ചു. റൂര്‍ക്കിയിലെ പരിപാടിക്ക് ശേഷം നയീ ടെഹ്രിയിലെ ജനസഭയിലേക്കാണ് സോണിയ പോയത്.
റൂര്‍ക്കി മണ്ഡലത്തില്‍ പ്രധാന പ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസ് വിമതന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറെ കാത്തിരുന്ന ആദ്യ ‘ജനസഭ’ സോണിയ റൂര്‍ക്കിയിലെത്തിയിട്ടും തുടങ്ങാനാവാതെ സംഘാടകര്‍ വിയര്‍ത്തു. മൂന്നു മണിക്കൂര്‍ നീട്ടിക്കൊണ്ടുപോയിട്ടും കൊട്ടിഘോഷിച്ച പ്രചാരണത്തിനെത്തിയവരുടെ എണ്ണം പതിനായിരം കവിഞ്ഞില്ല. രണ്ടു പ്രാവശ്യം മുടങ്ങിയ ശേഷമാണ് ഏറെ കാത്തിരിപ്പിനൊടുവില്‍ സോണിയ ഉത്തരഖണ്ഡിലെത്തുന്നത്. ഒരു പ്രാവശ്യം സ്വന്തം ആരോഗ്യസ്ഥിതിയാണ് സോണിയയുടെ സന്ദര്‍ശനത്തിന് തടസ്സമായതെങ്കില്‍ രണ്ടാം പ്രാവശ്യം കാലാവസ്ഥ പ്രതികൂലമാവുകയായിരുന്നു. കനത്ത മഴക്കും മഞ്ഞുവീഴ്ചക്കുമിടയില്‍ വേണ്ടെന്നുവെച്ച പര്യടനം നടത്താന്‍ തീരുമാനിച്ചത് പ്രവര്‍ത്തകരിലും വോട്ടര്‍മാരിലും ആവേശത്തിരയിളക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു. ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസിന്‍െറ പിന്‍ബലം റൂര്‍ക്കി പോലുള്ള സമതല മണ്ഡലങ്ങളല്ളെന്നും ഭൂരിഭാഗം വരുന്ന മലമ്പ്രദേശങ്ങളിലെ മണ്ഡലങ്ങളാണെന്നുമാണ് ‘ജനസഭ’യുടെ സംഘാടകനും റൂര്‍ക്കി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ജഗ്ദേവ് സിങ് സിഖോണ്‍ ജനപങ്കാളിത്തം കുറഞ്ഞതിന് ‘മാധ്യമ’ത്തോട് നിരത്തിയ ന്യായം. അതേസമയം, തന്‍െറ വോട്ട് വിമത സ്ഥാനാര്‍ഥി മനുലാല്‍ ശര്‍മക്കായിരിക്കുമെന്ന് അടുത്ത വീര്‍പ്പില്‍ തന്നെ ജഗ്ദേവ് ചേര്‍ത്തു പറയുകയും ചെയ്തു. ഒരു മാസം മുമ്പുവരെ ആകെയുള്ള 70 സീറ്റില്‍ 40ലേറെ നേടുമെന്ന് ബി.ജെ.പി പോലും ഭയന്ന കോണ്‍ഗ്രസിന്‍െറ അവസ്ഥ സ്ഥാനാര്‍ഥി നിര്‍ണയത്തോടെയാണ് കീഴ്മേല്‍ മറിഞ്ഞത്. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞിട്ടും 20ലേറെ മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികള്‍ ഉറച്ചുനില്‍ക്കുന്നതാണ് ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസിന്‍െറ പ്രതീക്ഷക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ഉള്ള സ്ഥാനാര്‍ഥികള്‍ ആറുപേരെങ്കിലും മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണു വെക്കുന്നതിനാലും ഏത് പ്രഗല്ഭന്‍െറയും പരാജയം പ്രതീക്ഷിക്കാമെന്നതിനാലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ആകാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. പ്രകടന പത്രികയിറക്കി പ്രചാരണത്തിനിറങ്ങിയ ബി.ജെ.പി സോണിയയുടെ പര്യടന കേന്ദ്രങ്ങളില്‍ സുഷമ സ്വരാജിന്‍െറ ജനസഭ നടത്തി മറുപടി നല്‍കാനുള്ള പുറപ്പാടിലാണ്. ഇതിനിടയില്‍ ഡസനോളം സീറ്റെങ്കിലും നേടി ബി.എസ്.പി ഭരണം തീരുമാനിക്കുന്നതില്‍ നിര്‍ണായക ശക്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com