12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

വരൂ... നമുക്ക് പരസ്പരം ശല്യക്കാരാവാം..!

 വരൂ... നമുക്ക് പരസ്പരം ശല്യക്കാരാവാം..!

ജീവിതത്തിന്‍െറ വൈവിധ്യവും നിലവാരവും കൂടുന്നതിനനുസരിച്ച് പലവിധ സൂചികള്‍ അഥവാ ക്വാഷന്‍റുകള്‍ നമുക്കിടയിലേക്ക് കടന്നുവരുകയാണ്. ഐ.ക്യൂ അഥവാ ഇന്‍റലിജന്‍റ് ക്വാഷ്യന്‍റ് എന്ന പ്രയോഗം ഇപ്പോള്‍ എല്ലാവര്‍ക്കും ഏറക്കുറെ പരിചിതമാണെന്ന്് പറയാം. നമ്മുടെ ബുദ്ധിപരമായ നിലവാരത്തിന്‍െറ സൂചികയാണത്. ഒരാളുടെ വൈകാരിക സൂചിക അളക്കുന്ന ഇമോഷനല്‍ ക്വാഷ്യന്‍റ് എന്ന പ്രയോഗവും സോഷ്യല്‍ ക്വാഷ്യന്‍റ് അഥവാ സാമൂഹിക അവബോധ സൂചികയുമെല്ലാം പതുക്കെ നമ്മുടെ ജീവിതത്തിന്‍െറ ഭാഗമായിക്കഴിഞ്ഞു. ഇതിനൊക്കെ പുറമെയാണ് ഇംഗ്ളീഷ് പത്രങ്ങളിലെ വാരഫലത്തില്‍ വരുന്ന ഹെല്‍ത്ത് ക്വാഷ്യന്‍റ്, റൊമാന്‍റിക് ക്വാഷ്യന്‍റ്, അംബിഷന്‍ ക്വാഷ്യന്‍റ് എന്നിവ. ഇനിയും പലതും പുറത്തുവരാനുണ്ടത്രെ. ഇത്തരം ക്വാഷ്യന്‍റുകളൊക്കെ ജീവിതത്തിന്‍െറ വ്യത്യസ്ത കാലങ്ങളിലായി അറിയാതെ സ്വായത്തമാക്കിയവയും അറിഞ്ഞുകൊണ്ടൊഴിവാക്കാന്‍ പറ്റാത്തവയുമാണ്.

ഇന്ന് നാം ജീവിക്കുന്ന കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് ഓരോരുത്തര്‍ക്കും വലിയ അധ്വാനം കൂടാതെത്തന്നെ സ്വന്തമാക്കാനും അനുദിനം വര്‍ധിപ്പിച്ചുകൊണ്ടിരിക്കാവുന്നതുമായ ഒരു ‘ക്വാഷ്യന്‍റി’ന്‍െറ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ശല്യസൂചിക അഥവാ ന്യൂയിസന്‍സ് ക്വാഷ്യന്‍റ്.

ലോകത്തിലെ ഏതൊരു വ്യക്തിയും മറ്റേതെങ്കിലുമൊരാള്‍ക്ക് ശല്യമോ വിരസതയോ ആയി മാറുന്നുണ്ട്. ചിലരാകട്ടെ ഇക്കാര്യത്തില്‍ അസാധാരണ കഴിവുള്ളവരുമാണ്. അതിനാല്‍തന്നെ ഒരു വന്‍ജനസഞ്ചയത്തിനുതന്നെ ഈ സേവനം കാര്യക്ഷമമായി നല്‍കാന്‍ കഴിയുന്നവരാണിവര്‍. ശക്തവും അതേസമയം, വ്യക്തവുമായ ഈ യാഥാര്‍ഥ്യം നേരിട്ടറിയണമെങ്കില്‍ ടി.വി ചാനലുകളിലൂടെ ഇടക്കൊന്ന് കണ്ണോടിച്ചാല്‍ മതി. നമ്മുടെ നേതാക്കളും സാമൂഹിക-സാംസ്കാരിക നായകന്മാരും ഉദ്യോഗസ്ഥരും സാഹിത്യകാരന്മാരും സര്‍വോപരി ഹാസ്യപരിപാടികളുടെ സൂത്രധാരന്മാരുമൊക്കെ തങ്ങളുടെ ഈ മേഖലയിലെ പ്രാവീണ്യംകൊണ്ട് ദിനംപ്രതി നമ്മെ നിരന്തരം തലോടിക്കൊണ്ടിരിക്കുന്നവരാണ്. ഇത്തരത്തില്‍പെട്ടവരുടെ കഴിവിനെ നമുക്ക് ന്യൂയിസന്‍സ് ക്വാഷ്യന്‍റ് എന്ന സൂചികകൊണ്ടളക്കാം.

ഉന്നതമായ ശല്യസൂചികയുള്ളവരുടെ അഭൂതപൂര്‍വമായ ആധിക്യമായിരിക്കാം മലയാളികളായ നമ്മുടെ നിത്യജീവിതത്തില്‍ വിഷവും വിഷമവും വിഷാദവും വേണ്ടുവോളം ഉണ്ടാക്കുന്നത്. അതുപോലെ വിനോദം ഇല്ലാതാക്കുന്നതും. മാനസികാരോഗ്യരംഗത്ത് നാം സ്തുത്യര്‍ഹമായ പദവി കൈവരിച്ചിരിക്കുന്നതിന്‍െറയും ഒരു കാരണമിതാവാം.

നോക്കുക, നിത്യജീവിതത്തില്‍ ആര്‍ ആര്‍ക്കൊക്കെ ന്യൂയിസന്‍സ് അഥവാ ശല്യമാകുന്നെന്ന്. ഭര്‍ത്താവ് ഭാര്യക്കും, ഭാര്യ ഭര്‍ത്താവിനും, മാതാപിതാക്കള്‍ കുട്ടികള്‍ക്കും അവര്‍ മാതാപിതാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കും അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്കും മിക്കപ്പോഴും ശല്യംതന്നെ. അയല്‍പക്കകാര്‍ തങ്ങളില്‍ത്തന്നെയും പരസ്പരവും മേലുദ്യോഗസ്ഥന്‍ കീഴ്ജീവനക്കാരനും തിരിച്ചും ഡോക്ടര്‍ രോഗിക്കും രോഗി ഡോക്ടര്‍ക്കുമെല്ലാം ശല്യമാണ്. മറ്റാര്‍ക്കൊക്കെ ശല്യമായാലും ഒരാള്‍ അയാള്‍ക്കുതന്നെ ശല്യമാവുന്നതാണ് അല്ളെങ്കില്‍ അയാളെത്തന്നെ ബോറടിപ്പിക്കുന്നതാണ് കൊടിയ ദുരന്തം. പക്ഷേ, ഇതാര്‍ക്കും സ്വയം ബോധ്യപ്പെടാറില്ല എന്നുമാത്രം.

വീടുകളും ഓഫിസുകളും മത്രമല്ല, റോഡുകളും ഇന്ന് ഉയര്‍ന്ന ശല്യസൂചികക്കാരുടെ വിഹാരകേന്ദ്രങ്ങളാണ്. വാഹനമോടിക്കുന്നവര്‍, പ്രത്യേകിച്ച് ബസുകളും ഇരുചക്രവാഹനങ്ങളും ഓടിക്കുന്ന ചെറുപ്പക്കാര്‍, പ്രകടനവും പ്രതിഷേധവും നടത്തുന്നവര്‍, കാല്‍നടക്കാര്‍, പാര്‍ക്കിങ്ങുകാര്‍ ഒക്കെ ഇക്കാര്യത്തില്‍ ഒരു അന്തര്‍ ദേശീയനിലവാരത്തിലെത്താനുള്ള കുതിപ്പിലും കിതപ്പിലുമാണ്. വീടുകളില്‍നിന്ന് റോഡുകളിലേക്കെത്തുന്നതോടെ ഓരോരുത്തരുടെയും ശല്യസൂചിക ഉയരുന്നത് കുത്തനെയാണെന്നത് അദ്ഭുതകരമായ പ്രതിഭാസംതന്നെയാണ്.

രാഷ്ട്രീയക്കാര്‍ എപ്പോഴും വെള്ളിവെളിച്ചത്തിലായതിനാല്‍ ഇക്കാര്യത്തില്‍ അസൂയാര്‍ഹമായ പദവി കൈവരിച്ചവരാണ്. ബന്ദ്, ഹര്‍ത്താല്‍, ഘെരാവോ, വഴിയോരയോഗങ്ങള്‍, ഘോഷയാത്രകള്‍ തുടങ്ങി പൊതുജീവിതം പരമാവധി അലങ്കോലമാക്കുന്ന സേവനം അതീവ ശുഷ്കാന്തിയോടെ നിര്‍വഹിക്കുന്നവര്‍. അതില്‍ത്തന്നെ ബന്ദുകള്‍ മുന്നറിയിപ്പില്ലാതെ നടത്തി വിജയിപ്പിക്കുമ്പോള്‍ ഇക്കൂട്ടരുടെ ന്യൂയിസന്‍സ് വാല്യൂ ആകാശംമുട്ടെ ഉയരുകയാണ്.

പവിത്രമായ നിയമനിര്‍മാണ സഭയിലും കാര്യക്ഷമമായിത്തന്നെയാണവര്‍ പ്രവര്‍ത്തിക്കുന്നത്. ആ യുദ്ധഭൂമിയില്‍ നിന്നുയരുന്ന പോര്‍വിളികളും വായ്ത്താരികളും ധോരണികളുമൊക്കെ ഭാഷയെയും ശൈലികളെയുമൊക്കെ സമ്പന്നമാക്കുന്നത് ചെറുതായിട്ടൊന്നുമല്ല.

അതിനാല്‍, പ്രിയപ്പെട്ടവരെ... നാമോരുരുത്തരും അനിവാര്യമായും സൃഷ്ടിക്കേണ്ട ഒരു കീഴ്വഴക്കം അവരവരുടെ ന്യൂയിസന്‍സ് ക്വാഷ്യന്‍റിന്‍െറ തോത് കണ്ടെത്തുക എന്നതാണ്. നമ്മുടെ ശല്യസൗകുമാര്യം നിത്യേന ആസ്വദിക്കന്നവര്‍ മുഖേന ഇത് അനായാസേന നിര്‍ണയിച്ച് രേഖപ്പെടുത്താനാവും. യഥാര്‍ഥത്തില്‍ ഇരകളാണെങ്കിലും ഇക്കാര്യത്തില്‍ സഹായിക്കായിക്കാന്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടാവുകയുള്ളൂ.

ഇനി ക്വാഷ്യന്‍റുകള്‍ തമ്മിലുള്ള സഹായ സഹകരണത്തെക്കുറിച്ചു നോക്കാം. അംബിഷന്‍ ക്വാഷ്യന്‍റ് താമസിയാതെ ഗ്രീഡ് ക്വാഷ്യന്‍റ് ആകും. പിന്നീട് ഗ്രീഡ് ക്വാഷ്യന്‍റിന്‍െറ ഉയര്‍ച്ചക്കനുസരിച്ച് ഓരോരുത്തരും അവരവരല്ലാതായി മാറും. അപ്പോള്‍ ആ വ്യക്തിക്ക് തന്‍െറ ന്യൂയിസന്‍സ് ക്വാഷ്യന്‍റ് ഒരുപക്ഷേ റാങ്ക്തലത്തിലേക്കുതന്നെ ഉയര്‍ത്താനാകും.
മറ്റൊന്ന് ഒരാളുടെ ഐ.ക്യൂ ഉയരുന്തോറും അയാളുടെ ഇ.ക്യൂ എന്ന വൈകാരിക സൂചികയും എസ്.ക്യൂ എന്ന സാമൂഹികാവബോധ സൂചികയും കുറയുന്നു എന്നതാണ്. ഇതുകൊണ്ടാണ് ഉയര്‍ന്ന ഐ.ക്യൂ ഉണ്ടെന്ന് തെറ്റിധരിച്ചുവെച്ചിരിക്കുന്ന ബുദ്ധിജീവികള്‍ സാമൂഹികബോധമോ ബന്ധങ്ങളോ ഒരസൗകര്യമാകുന്ന അവസ്ഥയില്‍ ജനജീവിതം തന്നാലാവുവിധം ദുസ്സഹമാക്കുന്നത്. ഇവരുടെ ന്യൂയിസന്‍റ് ക്വാഷ്യന്‍റ് അഥവാ എന്‍.ക്യൂ വളരെ ഉയര്‍ന്നതോതിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ളോ.

ആര്‍ക്കും മറ്റാരെയും മാറ്റാന്‍ കഴിഞ്ഞാലും തന്നെമാറ്റാന്‍ കഴിയില്ലല്ളോ.അതിനാല്‍ നമുക്കോരോരുത്തര്‍ക്കും നമ്മുടെ എന്‍.ക്യൂ പരമാവധി ഉയര്‍ത്തിക്കൊണ്ടിരിക്കാനുള്ള അപാരമായ കഴിവുണ്ട്. വേണമെങ്കില്‍ ഓഹരി സൂചികപോലെ ഈരംഗത്തെ അതികായരുടെ നിത്യേനയുള്ള നിലവാരം മാധ്യമങ്ങള്‍ മുഖേന മാലോകരെ അറിയിക്കുകയുമാകാം.

ഉന്നതര്‍ പങ്കെടുക്കുന്ന വേദികളില്‍ ഓരോരുത്തരെയും പരിചയപ്പെടുത്തുമ്പോള്‍ അവരുടെ ബിരുദങ്ങളും സ്ഥാനമാനങ്ങളും വിവരിക്കുന്ന സമയത്ത് അയാളുടെ ന്യൂയിസന്‍സ് ക്വാഷ്യന്‍റ് ഇത്രയാണെന്നും അത് കഴിഞ്ഞമാസത്തേക്കാള്‍ മികച്ചതാണെന്നുമൊക്കെ അഭിനന്ദിക്കാവുന്നതാണ്. അതുപോലെ ഈ വ്യക്തി എന്‍.ക്യു നിലവാരം മോശമല്ലാത്ത മറ്റൊരു വ്യക്തിയുമായി ചേരുമ്പോഴുണ്ടാവുന്ന (ക്രിക്കറ്റിലെ ബാറ്റിങ് കൂട്ടുകെട്ടുപോലെ) നിലവാരത്തെക്കുറിച്ചും സൂചിപ്പിക്കാവുന്നതാണ്.

അവസാനമായി ഒരു കാര്യം കൂടി. നിങ്ങളുടെ എന്‍.ക്യൂ ഇത്ര മികച്ചതായി ഒരു കാലമുണ്ടായിട്ടില്ളെന്ന് ദമ്പതികള്‍ പരസ്പരം അഭിനന്ദിക്കുന്ന ഒരുകാലം വരാതിരിക്കില്ല...തീര്‍ച്ച.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus