12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

തലശ്ശേരിയില്‍ വിജയമുറപ്പിക്കാന്‍ കൂത്തുപറമ്പ് നഷ്ടപ്പെടുത്തി; കോടിയേരിക്ക് വിമര്‍ശം

കണ്ണൂര്‍: തലശ്ശേരിയില്‍ വിജയമുറപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ കൂത്തുപറമ്പ് നിയമസഭാ സീറ്റ് ദുര്‍ബലനായ സ്ഥാനാര്‍ഥിക്ക് നല്‍കി നഷ്ടപ്പെടുത്തിയെന്ന് വിമര്‍ശം. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കൂത്തുപറമ്പ് ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് പി.ബി അംഗത്തെ പ്രതിക്കൂട്ടിലാക്കിയത്. ഐ.എന്‍.എല്‍ നേതാവ് എസ്.എ. പുതിയവളപ്പിലാണ് എല്‍.ഡി.എഫ് ടിക്കറ്റില്‍ കൂത്തുപറമ്പില്‍ മത്സരത്തില്‍ കെ.പി. മോഹനനോട് നേരിയ വ്യത്യാസത്തിന് തോറ്റത്.
മണ്ഡലത്തില്‍ വേരുകളില്ലാത്ത നേതാവിന് പകരം പാര്‍ട്ടിയുടെ മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ കൂത്തുപറമ്പില്‍ ജയിക്കാമായിരുന്നുവെന്നും തലശ്ശേരിക്കാരനായ എസ്.എ. പുതിയവളപ്പിലിന് സ്വാധീനിക്കാവുന്ന വോട്ടുകള്‍ തനിക്ക് ഉറപ്പാക്കുന്നതിനാണ് കോടിയേരി താല്‍പര്യമെടുത്ത് കൂത്തുപറമ്പ് സീറ്റ് ഐ.എന്‍.എല്ലിന് നല്‍കിയതെന്നുമായിരുന്നു പ്രതിനിധികളുടെ വിമര്‍ശം. മുന്‍ജില്ലാ സെക്രട്ടറി പി. ശശി പ്രശ്നം, സി.കെ.പി. പത്മനാഭനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയത് തുടങ്ങിയ സംസ്ഥാനതലത്തില്‍ വിവാദമായ പ്രശ്നങ്ങളും സമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍, പാര്‍ട്ടി നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ വിഷയങ്ങളില്‍ ജില്ലാ നേതൃത്വം ചര്‍ച്ച അനുവദിച്ചില്ല. ഈ വിഷയങ്ങളൊക്കെയും സംസ്ഥാന സമിതിയും മേല്‍കമ്മിറ്റികളും ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തുകഴിഞ്ഞതാണെന്നും അതിനാല്‍ സമ്മേളത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ളെന്നും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി നേതൃത്വം സമ്മേളന പ്രതിനിധികളെ ചര്‍ച്ചയില്‍ നിന്ന് വിലക്കിയത്. മാടായി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് പി. ശശിക്കെതിരെ പരാതി ഉന്നയിച്ച സി.കെ.പി അച്ചടക്ക നടപടി നേരിടേണ്ടി വന്നത് ശരിയായില്ളെന്ന വിമര്‍ശം ഉന്നയിച്ചത്.
പി. ശശി പ്രശ്നത്തില്‍ തുടക്കത്തില്‍ ജില്ലാ കമ്മിറ്റിയെ പോലും ഇരുളില്‍ നിര്‍ത്തുന്ന സമീപനമാണ് നേതൃത്വത്തില്‍ നിന്നുണ്ടായതെന്ന വിമര്‍ശമാണ് ഉയര്‍ന്നത്. പി. ശശി, സി.കെ.പി പ്രശ്നങ്ങള്‍ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യാന്‍ മാത്രം വലിയതായി സി.പി.എം കാണുന്നില്ളെന്ന് ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പ്രശ്നം സമ്മേളനത്തില്‍ ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു പ്രസ്തുത പ്രഖ്യാപനമെങ്കിലും അത് മറികടന്നാണ് പ്രശ്നം സംഘടനാ ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്. എന്നാല്‍, ചര്‍ച്ച വേണ്ടെന്ന് നേതൃത്വം കടുത്ത സ്വരത്തില്‍ വ്യക്തമാക്കിയതോടെ ഇവര്‍ പിന്‍വാങ്ങുകയും ചെയ്തു.
കല്യാശ്ശേരിയില്‍ പാടം നികത്തലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രമുഖനായ കേന്ദ്രകമ്മിറ്റിയംഗത്തിനെതിരെ കടുത്ത വിമര്‍ശമാണ് മേഖലയിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചത്. പാടം നികത്തുന്നതിനെതിരെ കര്‍ഷക തൊഴിലാളി യൂനിയന്‍ സമര രംഗത്തുനില്‍ക്കെ, മാര്‍ബിള്‍ വ്യാപാരസ്ഥാപനത്തിന് വേണ്ടി വയല്‍ നികത്താന്‍ കേന്ദ്രകമ്മിറ്റിയംഗം പരസ്യ പിന്തുണ നല്‍കിയത് പാര്‍ട്ടിക്ക് കടുത്ത അവമതിപ്പ് ഉണ്ടാക്കിയെന്നായിരുന്നു പ്രതിനിധികളുടെ ആക്ഷേപം. മുതലാളികളുമായി ഈ നേതാവിനുള്ള അടുത്തബന്ധവും പാര്‍ട്ടി നയനിലപാടുകള്‍ക്ക് ചേര്‍ന്നതല്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരൂന്നാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോയില്ളെന്ന വിമര്‍ശവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
ജില്ലയിലെ മുസ്ലിം സമൂഹത്തില്‍ 3.71 ശതമാനം പേരിലും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 4.58 ശതമാനം പേരും മാത്രമാണ് പാര്‍ട്ടിക്കാരായുള്ളത്. ഈ നില മെച്ചമെച്ചപ്പെടുത്താന്‍ മതന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് പാര്‍ട്ടിയോട് ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ ജനസേവന സംരംഭങ്ങള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി അണികള്‍ക്ക് ക്ളാസുകള്‍ നല്‍കണമെന്ന നിര്‍ദേശവും സമ്മേളനം ചര്‍ച്ചചെയ്തു.
ചര്‍ച്ചയില്‍ ഉയര്‍ന്ന വിഷയങ്ങള്‍ക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി പറഞ്ഞതിന് ശേഷം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പോടെ സമ്മേളനം ഇന്ന് സമാപിക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com