12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ശശി പ്രശ്നത്തില്‍ വീഴ്ച പറ്റിയിട്ടില്ല-പിണറായി

കണ്ണൂര്‍: പി.ശശി പ്രശ്നം കൈകാര്യം ചെയ്തതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവേയാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. പി.ശശിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വളരെ ആസൂത്രിതമായി തന്നെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും നടപടികളിലേക്ക് നീങ്ങിയത്.
പരാതി സംബന്ധിച്ച് എല്ലാ വശങ്ങളും അന്വേഷിച്ച് ശശി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് ശേഷമാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. തെറ്റുചെയ്യുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല.
എന്നാല്‍, ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള എടുത്തുചാട്ടവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ളെന്ന് നിര്‍ബന്ധമുണ്ട്. പി.ശശി പ്രശ്നത്തില്‍ ജില്ലാ കമ്മിറ്റിയെയും പാര്‍ട്ടി അണികളെയും ഇരുട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സമ്മേളന ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.
ഇതിന് മറുപടിയായാണ് പിണറായി വിജയന്‍െറ വിശദീകരണം. എന്നാല്‍, പ്രതിനിധികള്‍ സംസ്ഥാന നേതൃത്വത്തിനുനേരെ വിമര്‍ശമുന്നയിച്ച, സി.കെ.പി. പത്മനാഭനെതിരായ നടപടി സംബന്ധിച്ച് പിണറായി മറുപടി പ്രസംഗത്തില്‍ ഒന്നും പറഞ്ഞില്ല.
ജനകീയ വിഷയങ്ങളില്‍ നിന്ന് ഡി.വൈ.എഫ്.ഐയും മറ്റും വഴിമാറുമ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ വളരുകയാണെന്ന് പിണറായി പറഞ്ഞു. ഡി.വൈ.എഫ്.ഐ ശരിയായി പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് എന്‍.ഡി.എഫും പോപ്പലര്‍ ഫ്രന്‍റും വളരുന്നത്.
സംസ്ഥാന സമ്മേളനത്തിനുശേഷം ഡി.വൈ.എഫ്.ഐയെ കൂടുതല്‍ സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പാര്‍ട്ടിയില്‍ പല നേതാക്കള്‍ക്കും വേണ്ടത്ര ജനകീയ അടിത്തറയില്ളെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയേക്കാളേറെ പാര്‍ട്ടിവിരുദ്ധ വലതുപക്ഷ മാധ്യമങ്ങളെ പരിഗണിക്കുന്നവര്‍ സമ്മേളന പ്രതിനിധികളിലുണ്ട്.
പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്ന് പിണറായി പറഞ്ഞു. മെഡിക്കല്‍ കോളജ് പാര്‍ട്ടി നിയന്ത്രണത്തില്‍ വന്നതിനുശേഷം മാതൃകാ സ്ഥാപനമാക്കി മാറ്റാന്‍ സാധിക്കേണ്ടതായിരുന്നു.
ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാപനം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതി പരിശോധിക്കുമെന്നും പിണറായി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com