12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

സുധാകരനും തള്ളിപ്പറഞ്ഞു; അബ്ദുല്ലക്കുട്ടിക്ക് കാലിടറുന്നു

കണ്ണൂര്‍: സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ കണ്ണൂര്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടിക്ക് അവിടെയും കാലിടറുന്നു. കോണ്‍ഗ്രസില്‍ തന്‍െറ തലതൊട്ടപ്പനായ കെ.സുധാകരന്‍ എം.പി പരസ്യമായി തള്ളിപ്പറഞ്ഞത് അബ്ദുല്ലക്കുട്ടിക്ക് കനത്ത തിരിച്ചടിയായി. സി.പി.എം നേതൃത്വത്തില്‍ കണ്ണൂരിലെ പറശ്ശിനിക്കടവില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയ പാര്‍ക്കിന്‍െറ പ്രവര്‍ത്തനത്തെ അബ്ദുല്ലക്കുട്ടി വാനോളം പുകഴ്ത്തിയതാണ് കോണ്‍ഗ്രസിലെ പുതിയ ധ്രുവീകരണത്തിന്‍െറ പശ്ചാത്തലം.
വിസ്മയ പാര്‍ക്കിലെ കൂറ്റന്‍ മഴവെള്ള സംഭരണി മാതൃകയാണെന്നും വികസനകാര്യത്തില്‍ രാഷ്ട്രീയത്തിനപ്പുറത്തെ സഹകരണം വേണമെന്നുമാണ് കണ്ണൂരില്‍ വിസ്മയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍െറ ഉദ്ഘാടന ചടങ്ങില്‍ അബ്ദുല്ലക്കുട്ടി പറഞ്ഞത്. തന്‍െറ പുതിയ പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളാണ് അബ്ദുല്ലക്കുട്ടി പരസ്യമായി ആവര്‍ത്തിച്ചത്. കോണ്‍ഗ്രസും സുധാകരനും നേരത്തേ നിശിതമായി വിമര്‍ശിച്ചുവന്ന വിസ്മയ പാര്‍ക്കിനെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടിക്കെതിരെ ആദ്യം വെടിപൊട്ടിച്ചത് ഡി.സി.സി ആക്ടിങ് പ്രസിഡന്‍റ് പി.കെ. വിജയരാഘവനായിരുന്നു.
വിസ്മയ പാര്‍ക്ക് വികസന മാതൃകയാണെന്ന അബ്ദുല്ലക്കുട്ടിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ ഡി.സി.സി ആക്ടിങ് പ്രസിഡന്‍റ് ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അബ്ദുല്ലക്കുട്ടി മിതത്വം പാലിക്കണമെന്നും ആവശ്യപ്പെട്ടു. സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസിലെത്തി ഉടന്‍ തന്നെ അബ്ദുല്ലക്കുട്ടിക്ക് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് ലഭിച്ചതില്‍ കണ്ണൂര്‍ കോണ്‍ഗ്രസിലെ വലിയ വിഭാഗം അതൃപ്തരായിരുന്നു. എതിര്‍പ്പ് മറികടന്ന് രണ്ടാമതും കണ്ണൂര്‍ സീറ്റ് ലഭിക്കാന്‍ അബ്ദുല്ലക്കുട്ടിക്ക് ഉണ്ടായിരുന്ന ഒരേയൊരു പിന്‍ബലം കെ. സുധാകരനായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെത്തിയ ശേഷം ഇതാദ്യമായി അബ്ദുല്ലക്കുട്ടിയെ സുധാകരനും തള്ളിപ്പറയുകയാണ്.
അബ്ദുല്ലക്കുട്ടി മിതത്വം പാലിക്കണമെന്ന ഡി.സി.സി പ്രസിഡന്‍റിന്‍െറ നിലപാടിനോട് യോജിച്ച സുധാകരന്‍, അബ്ദുല്ലക്കുട്ടി പാര്‍ട്ടിയെ കുഴക്കിയതായും പരസ്യമായി കുറ്റപ്പെടുത്തി. സുധാകരനും അബ്ദുല്ലക്കുട്ടിയും അകലുന്നതിന്‍െറ സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്. ബദ്ധവൈരികളായ സി.പി.എം നേതാക്കളുടെ ശത്രു തന്‍െറ മിത്രം എന്ന നിലക്കാണ് സഹപ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് അബ്ദുല്ലക്കുട്ടിയെ സുധാകരന്‍ ഏറ്റെടുത്ത് വളര്‍ത്തിയത്. തന്‍െറ സി.പി.എം എതിരാളികളെ നോവിക്കാനുള്ള അവസരമായും അബ്ദുല്ലക്കുട്ടിയെ സുധാകരന്‍ ഉപയോഗപ്പെടുത്തിയിരുന്നു.
ഒടുവില്‍ അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസില്‍നിന്ന് സി.പി.എമ്മിനെ പുകഴ്ത്തുന്ന സാഹചര്യമാണ് സുധാകരനുമായി അകലുന്നതിന് ഇടയാക്കുന്നത്. ഈ പിന്‍ബലം നഷ്ടപ്പെടുന്നതോടെ കണ്ണൂര്‍ കോണ്‍ഗ്രസിലെ അബ്ദുല്ലക്കുട്ടി വിരുദ്ധര്‍ കൂടുതല്‍ ശക്തമായി രംഗത്തുവരും. അതാകട്ടെ, കോണ്‍ഗ്രസിലും സി.പി.എമ്മിലും വളരെ പെട്ടെന്ന് ഉയര്‍ന്ന ‘അദ്ഭുതക്കുട്ടി’യുടെ തിരിച്ചിറക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com