കൊല്ലം: ‘നല്ളൊരു പരിശ്രമം നടത്തി വിജയനെ മാറ്റാമെങ്കില്‍ മാറ്റിക്കോ’ സി.പി.എം കൊല്ലം ജില്ലാ സമ്മേളനവേദിയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ വെല്ലുവിളി. ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചക്കുള്ള മറുപടിയിലാണ് വി.എസ് പക്ഷത്തിന്‍െറ അവസാന തുരുത്തുകളിലൊന്നായി കരുതുന്ന കൊല്ലത്തെ പാര്‍ട്ടി സമ്മേളനവേദിയില്‍ പിണറായി വിജയന്‍ ഈ പ്രഖ്യാപനം നടത്തിയത്.
‘തെളിമയുള്ള മനസ്സിനുടമയാണ് ഞാന്‍. അതുകൊണ്ടാണ് ഇത്രയും കാലം സെക്രട്ടറിയായി തുടരുന്നത്. എന്‍െറ മനസ്സില്‍ വിഭാഗീയത ഇല്ല. എന്നാല്‍ കൊല്ലത്തുകാര്‍ ഇനിയും നന്നാവാന്‍ തയാറല്ല. ചില ഏരിയാ കമ്മിറ്റികള്‍ ഇപ്പോഴും വിഭാഗീയത വെച്ചുപുലര്‍ത്തുന്നവരാണ്. സംസ്ഥാന നേതൃത്വത്തെ അവര്‍ വിശ്വാസത്തിലെടുക്കുന്നില്ല. വിഭാഗീയത ഇല്ലാതെ മുന്നോട്ടുപോകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. തെളിഞ്ഞ മനസ്സോടെ കാര്യങ്ങളെ കാണുന്നതുകൊണ്ടാണിത്. തെളിമയുള്ള മനസ്സിന് ഉടമയല്ല താനെന്നും പക്ഷംപിടിച്ച ആളാണെന്നും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് വിജയനെ മാറ്റാന്‍ തോന്നുന്നുണ്ടെങ്കില്‍ അതിനായി നല്ളൊരു പരിശ്രമം നടത്തി അങ്ങുമാറ്റിക്കോ’ -പിണറായി പറഞ്ഞു.
ചാത്തന്നൂര്‍, അഞ്ചാലുംമൂട് ഏരിയാ കമ്മിറ്റികളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പിണറായിക്കെതിരെ കടുത്ത ഭാഷയില്‍ ഉന്നയിച്ച വിമര്‍ശത്തിനാണ് അദ്ദേഹം വെല്ലുവിളി സ്വരത്തില്‍ മറുപടി നല്‍കിയത്. ലാവലിന്‍ വിഷയത്തില്‍ അഴിമതി നടന്നെന്ന് ആദ്യം പറഞ്ഞത് വി.എസാണ്. ‘ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടേ’ എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മുമ്പാകെ പറഞ്ഞത്’. ‘ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചാല്‍ മതിയല്ളോ’- പിണറായി തുടര്‍ന്നു.
മുതിര്‍ന്ന ഒരു നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല വി.എസില്‍ നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് പരാജയത്തിന് വി.എസിന്‍െറ സമീപനവും പ്രധാന കാരണമായി. മനസ്സാക്ഷി വോട്ടിനുള്ള അദ്ദേഹത്തിന്‍െറ ആഹ്വാനം പരാജയത്തിന്‍െറ ആക്കംകൂട്ടി. പരാജയവും വിജയവും കുറവോ കോട്ടമോ ആയി ഒരു വിപ്ളവപാര്‍ട്ടി കാണേണ്ടതില്ല. ഇ.എം.എസിന്‍െറ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ കാലത്തും പരാജയം ഉണ്ടായിട്ടുണ്ട്. പാര്‍ട്ടിക്ക് തന്‍െറ സമീപനം അവമതിപ്പും പേരുദോഷവും ഉണ്ടാക്കുന്നുവെന്ന് ബോധ്യപ്പെട്ടിട്ടും അത് തിരുത്താന്‍ വി.എസ് തയാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസിന്‍െറ ഫോട്ടോവെച്ച് പോസ്റ്റര്‍ അടിച്ചതുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ത്തിയത് താനല്ല.
മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് പുതിയ പ്രവണതയാണെന്ന അഭിപ്രായം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് ഇത്രയും വിവാദമാക്കേണ്ട കാര്യമുണ്ടായിരുന്നില്ളെന്നും പിണറായി പറഞ്ഞു. ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു.
പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ളെന്നും വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍ മതിയെന്നുമുള്ള കോടിയേരിയുടെ അഭിപ്രായം അപക്വമായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കാരണം കോടിയേരിയുടെ ഈ പരാമര്‍ശമായിരുന്നു. പത്തനാപുരം നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ പരാജയപ്പെട്ടത് സി.പി.ഐയുടെ മനഃപൂര്‍വമുള്ള പ്രവര്‍ത്തനഫലമായാണ്. രണ്ട് സി.പി.ഐ ജില്ലാ സെക്രട്ടറിമാര്‍ തോറ്റ ഇവിടെ സി.പി.എം ജില്ലാ സെക്രട്ടറി ജയിക്കരുതെന്ന നിര്‍ബന്ധബുദ്ധി അവര്‍ പ്രകടിപ്പിച്ചെന്ന് വിമര്‍ശമുയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍