കോഴിക്കോട്: യോജിപ്പിന്‍െറ മേഖലകള്‍ കണ്ടെത്തി സഹകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്നതിനിടെ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (എന്‍.എസ്.സി)-ഐ.എന്‍.എല്‍ ബന്ധത്തില്‍ വിള്ളല്‍. ഇതിന്‍െറ തുടര്‍ച്ചയായി എന്‍.എസ്.സിയുടെ സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഐ.എന്‍.എല്ലില്‍ ചേരാന്‍ തീരുമാനിച്ചതായി അറിയുന്നു.
എന്‍.എസ്.സി സെക്രട്ടറിമാരായ മുഹമ്മദ്കുട്ടി കേച്ചേരി, എന്‍.കെ. അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്‍റുമാരായ ദിവാകരന്‍ പള്ളത്ത്, പി.വി. ഹംസ, ട്രഷറര്‍ ജലീല്‍ പുനലൂര്‍ എന്നിവരും ഏഴ് സെക്രട്ടേറിയറ്റംഗങ്ങളുമാണ് ഐ.എന്‍.എല്ലില്‍ ചേരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ കോഴിക്കോട്ട് അനൗപചാരിക യോഗങ്ങള്‍ നടന്നു. മലപ്പുറം, തൃശൂര്‍, കൊല്ലം, ആലപ്പുഴ ജില്ലാ കമ്മിറ്റികളില്‍നിന്ന് ഭാരവാഹികളും പ്രവര്‍ത്തകരുമായി വന്‍തോതില്‍ ഒഴിഞ്ഞുപോക്കുണ്ടാകുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
യു.ഡി.എഫ് അനുകൂല നിലപാട് ഐ.എന്‍.എല്‍ സ്വീകരിച്ചപ്പോഴാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ളവര്‍ എന്‍.എസ്.സിയില്‍ ചേര്‍ന്നതെന്നും ഇപ്പോള്‍ ഐ.എന്‍.എല്‍ ഇടതുപക്ഷത്തേക്ക് തിരിച്ചുവന്ന സാഹചര്യത്തില്‍ എന്‍.എസ്.സിക്ക് പ്രസക്തിയില്ളെന്നുമാണ് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചവര്‍ പറയുന്നത്.
എന്നാല്‍, ഐ.എന്‍.എല്ലില്‍നിന്ന് വന്നവര്‍ മാത്രമേ അതിലേക്ക് തിരിച്ചുപോകൂവെന്ന് എന്‍.എസ്.സി പ്രസിഡന്‍റ് പി.ടി.എ റഹീം എം.എല്‍.എ ‘മാധ്യമ’ത്തോട് പറഞ്ഞു. ലത്തീന്‍ കത്തോലിക്കാ അസോസിയേഷനില്‍നിന്നും മുസ്ലിംലീഗ്, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികളില്‍നിന്നും ധാരാളം പേര്‍ എന്‍.എസ്.സിയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുപോകുന്നവരില്‍ മുഹമ്മദ്കുട്ടി കേച്ചേരി പി.ഡി.പിയില്‍നിന്നും പി.വി. ഹംസ മുസ്ലിംലീഗില്‍നിന്നും വന്നവരാണ്.
മൂന്നുമാസം മുമ്പ് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തക സമിതികള്‍ സംയുക്ത യോഗം ചേരുകയും പൊതുപരിപാടികള്‍ ഒന്നിച്ചു നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനം പ്രാവര്‍ത്തികമായില്ളെന്ന് മാത്രമല്ല, പരസ്പരം അവിശ്വാസം വളരുകയും ചെയ്തു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് ഐ.എന്‍.എല്‍ കോഴിക്കോട്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്, യോജിച്ച് പരിപാടി നടത്താനുള്ള തീരുമാനത്തിന്‍െറ ലംഘനമാണെന്ന് എന്‍.എസ്.സി നേതാക്കള്‍ ആരോപിക്കുന്നു. എന്‍.എസ്.സി കോഴിക്കോട് ജില്ലാ പ്രസിഡന്‍റായിരുന്ന മുന്‍ മന്ത്രി പി.എം. അബൂബക്കറിന്‍െറ മകന്‍ ഫിറോസിനെ ഐ.എന്‍.എല്ലില്‍ തിരിച്ചെടുത്തതും അകല്‍ച്ചക്ക് ആക്കംകൂട്ടി.
യു.ഡി.എഫുമായി ഐ.എന്‍.എല്‍ ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നും ഇത് പൂര്‍ണമായി വിച്ഛേദിച്ചാല്‍ മാത്രമേ സഹകരിക്കാനാകൂവെന്നും തുടര്‍ന്ന് ചേര്‍ന്ന എന്‍.എസ്.സി സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പംനിന്ന് ജയിച്ച ഐ.എന്‍.എല്‍ അംഗങ്ങള്‍ പലയിടത്തും യു.ഡി.എഫ് ഭരണത്തെ നിലനിര്‍ത്തുകയാണെന്നാണ് അവരുടെ ആരോപണം. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, നരിക്കുനി പഞ്ചായത്തുകള്‍ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഐ.എന്‍.എല്‍ പൂര്‍ണമായും ഇടതുപക്ഷത്താണെന്നും നിര്‍ണായക ഘട്ടങ്ങളില്‍ തങ്ങളുടെ പഞ്ചായത്ത് അംഗങ്ങള്‍ ഐക്യമുന്നണിക്കെതിരെ നിലപാടെടുക്കുമെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍വഹാബ് പറഞ്ഞു. ഇത്തരം അസ്വാരസ്യങ്ങളാണ് ഇപ്പോള്‍ ചില നേതാക്കളുടെയും അണികളുടെയും പാര്‍ട്ടി മാറ്റത്തില്‍ എത്തിനില്‍ക്കുന്നത്.
2011 ഫെബ്രുവരി മൂന്നിനാണ് കോഴിക്കോട്ട് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പിറന്നത്. യു.ഡി.എഫ് ബാന്ധവത്തെ എതിര്‍ത്തതിന് ഐ.എന്‍.എല്ലില്‍നിന്ന് പുറത്തായ എന്‍.വൈ.എല്‍ പ്രസിഡന്‍റായിരുന്ന എന്‍.കെ.അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തിലുണ്ടാക്കിയ ഐ.എന്‍.എല്‍ സെക്കുലറും പി.ടി.എ റഹീമിന്‍െറ നേതൃത്വത്തിലുള്ള റഹീം ലീഗും കേരള ലത്തീന്‍ കാത്തോലിക്ക അസോസിയേഷനും ചേര്‍ന്നാണ് എന്‍.എസ്.സിയായത്. സി.പി.എം പിന്തുണ ഇതിനുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിന് ഇടതുമുന്നണി മൂന്ന് സീറ്റ് നല്‍കിയെങ്കിലും ഒന്നിലും ജയിക്കാനായില്ല. എന്‍.എസ്.സി പ്രസിഡന്‍റ് പി.ടി.എ റഹീം കുന്ദമംഗലത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാല്‍, ഇടതുമുന്നണിക്ക് കൂടുതല്‍ താല്‍പര്യം ഐ.എന്‍.എല്ലിനോടാണെന്നതാണ് ഇപ്പോള്‍ ഒരുവിഭാഗത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുന്ന ഇടത് ആഭിമുഖ്യമുള്ള ഒന്നിലേറെ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ആവശ്യമില്ളെന്നാണ് ഈ വിഭാഗത്തിന്‍െറ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍