കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച ജോസഫ്-സെക്യുലര്‍ വിഭാഗങ്ങള്‍ തമ്മില്‍ പോര് മുറുകുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മന്ത്രി പി.ജെ. ജോസഫിനെതിരെ പരസ്യവിമര്‍ശം ഉയര്‍ത്തിയതോടെയാണ് ലയനം മുതല്‍ ഇരുപക്ഷവും തുടരുന്ന ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമായത്. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ. ജോസഫ് ചീഫ് വിപ്പിനെതിരെ നടത്തിയ രൂക്ഷവിമര്‍ശം വിശാല കേരളകോണ്‍ഗ്രസ് എന്ന സങ്കല്‍പ്പം അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോയെന്ന ആശങ്കയുമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ ഇരുകൂട്ടരും മുഖാമുഖം കണ്ടാല്‍ കടിച്ചുകീറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പി.ജെ. ജോസഫിനെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്ന് പി.സി. ജോര്‍ജ് പാര്‍ട്ടി ലീഡര്‍ കെ.എം. മാണിയോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇരുപക്ഷത്തെയും അനുനയിപ്പിക്കാന്‍ നീക്കങ്ങളും പാര്‍ട്ടിയില്‍ ശക്തമാണ്. പി.ജെ. ജോസഫിന്‍െറ നിലപാടുകള്‍ വളരെ മോശമാണെന്നും തന്‍െറ അഭാവത്തില്‍ കൊച്ചിയിലെ യോഗത്തില്‍ പി.ജെ. ജോസഫ് നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ളെന്നും ഇക്കാര്യം പാര്‍ട്ടി ലീഡറെ നേരില്‍ക്കണ്ട് അറിയിച്ചെന്നും പി.സി. ജോര്‍ജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പഴയ വൈരാഗ്യം തീര്‍ക്കാനുള്ള അവസരമാണ് പി.ജെ. ജോസഫ് പലയിടത്തും കാണിക്കുന്നത്. ഈപോക്ക് ശരിയല്ളെന്നും വിഷയം ഗൗരവമായി കാണാമെന്ന് മാണി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോര്‍ജ് വെളിപ്പെടുത്തി. മുല്ലപ്പെരിയാര്‍ പ്രശ്നം കാര്‍ഷികമേളയില്‍ ചര്‍ച്ചചെയ്താല്‍ ഇതിനെതിരെ വീണ്ടും രംഗത്തുവരുമെന്നും ജോര്‍ജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, തൊടുപുഴയിലെ കാര്‍ഷികമേളയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഒരുതലത്തിലും ചര്‍ച്ച ചെയ്യരുതെന്ന് കെ.എം. മാണി മന്ത്രി ജോസഫിനോട് നിര്‍ദേശിച്ചു. ലയനശേഷം ഇരുകൂട്ടരും തുടരുന്ന പോരില്‍ മാണി ഏറെ ദുഖിതനാണെന്നാണ് വിവരം. ആരെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ പരസ്പര സൗഹൃദത്തോടെ മുന്നോട്ടുപോകണമെന്നും മാണി ഇരുകൂട്ടരോടും ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. കൊച്ചിയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലെ സംഭവവികാസങ്ങളില്‍ തന്‍െറ പ്രതിഷേധം ഇരുവിഭാഗത്തെയും മാണി അറിയിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് വിഭാഗവും ജോര്‍ജിന്‍െറ അനുയായികളും തമ്മിലായിരുന്നു യോഗത്തില്‍ വാക്കേറ്റമുണ്ടായത്. വാക്കുതര്‍ക്കം ഒരു വേള സംഘര്‍ഷത്തിന്‍െറ വക്കോളം എത്തി. മുല്ലപ്പെരിയാര്‍ സമരത്തില്‍നിന്ന് പാര്‍ട്ടി പിന്നാക്കം പോയതിനെച്ചൊല്ലി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇടുക്കി, കോട്ടയം ജില്ലകളില്‍ അണികളും അമര്‍ഷരാണ്.
ഈ പ്രതിഷേധത്തിനിടെയാണ് പാര്‍ട്ടിയിലെ പ്രമുഖനേതാക്കള്‍ രൂക്ഷമായ പോരുമായി രംഗത്തുള്ളത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്ന സൂചനയും മാണി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി വേദികളിലും മറ്റും ഇപ്പോഴും ജോസഫ്- സെക്യുലര്‍ വിഭാഗങ്ങള്‍ രണ്ടുതട്ടായാണ് നിലകൊള്ളുന്നത്.പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പോലും ഇത് പ്രകടമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍