12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

തിരിച്ചടിക്ക് കാരണം ലീഗിന്‍െറ സാമുദായിക ധ്രുവീകരണ നീക്കം

തിരിച്ചടിക്ക് കാരണം ലീഗിന്‍െറ സാമുദായിക ധ്രുവീകരണ നീക്കം

മഞ്ചേരി: സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് മുസ്ലിംലീഗ് തെരഞ്ഞെടുപ്പില്‍ നടത്തിയ നീക്കങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടയാക്കിയെന്ന് സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടിക്ക് കാരണമാക്കിയത്. മഞ്ഞളാംകുഴി അലി വിട്ടുപോയത് പാര്‍ട്ടിക്ക് ഭീഷണി സൃഷ്ടിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അലി സി.പി.എമ്മിനെ വഞ്ചിക്കുകയായിരുന്നു. പാര്‍ട്ടിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് അലി സ്വാധീനമുണ്ടാക്കിയത്.
വര്‍ഗീയ പ്രചാരണത്തിലൂടെ ലീഗുണ്ടാക്കിയ സാഹചര്യം മുന്‍കൂട്ടി കാണാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇത് പാര്‍ട്ടി പ്രതീക്ഷിച്ചതുമല്ല. മതസാമുദായിക സംഘടനകളുടെ ഏകീകരണമാണ് തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പ്രതിഫലിച്ചത്. അലീഗഢ് സര്‍വകലാശാല ഓഫ് കാമ്പസ്, മദ്യനയം എന്നീ വിഷയങ്ങളിലാണ് എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ലീഗ് നടത്തിയ പ്രചാരണം സാമുദായിക ധ്രുവീകരണത്തിന് വഴിവെച്ചത്. അലീഗഢ് സര്‍വകലാശാല കാമ്പസിന് സ്ഥലം പരമാവധി വേഗത്തില്‍ നേടിക്കൊടുത്തെങ്കിലും ലീഗിന്‍െറ പ്രചാരണം സി.പി.എമ്മിന് തിരിച്ചടിയായി. ജില്ലയില്‍ നടന്ന വിവിധ മദ്യവിരുദ്ധ സമരങ്ങളെപ്പോലും ലീഗ് വര്‍ഗീയമായി ഉപയോഗിച്ചു. സ്കൂള്‍ പാഠപുസ്തകവുമായി ബന്ധപ്പെടുത്തി ലീഗ് നടത്തിയ വര്‍ഗീയ പ്രചാരണവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. മുസ്ലിം സമുദായത്തില്‍ നിന്ന് പുതിയ നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വര്‍ഗ, ബഹുജന സംഘടനകള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഏറനാട്ടിലെ വലിയ പരാജയത്തിന് കാരണം സി.പി.ഐ നേതൃത്വത്തിന്‍െറ പിടിപ്പുകേടാണെന്നും ജില്ലാ സെക്രട്ടറി കെ. ഉമ്മര്‍ മാസ്റ്റര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. യോജിച്ചുള്ള പ്രവര്‍ത്തനത്തിന്‍െറ അഭാവമാണ് കനത്ത പരാജയത്തിന് വഴിവെച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി ബന്ധമുണ്ടാക്കിയത് ഗുണം ചെയ്തില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഇതിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ളെന്ന് മത്രമല്ല വിപരീതഫലമുണ്ടാക്കുകയും ചെയ്തു. ജില്ലയിലെ ജീവല്‍ പ്രശ്നങ്ങളില്‍ വര്‍ഗ, ബഹുജന സംഘടനകള്‍ക്ക് കാര്യമായി ഇടപെടാന്‍ കഴിഞ്ഞില്ളെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്. പല കാമ്പയിനുകളും ഏറ്റെടുത്ത് നടത്തുന്നതില്‍ കാര്യമായ വീഴ്ച പറ്റി. ജനകീയ പ്രശ്നങ്ങളിലെ ഇടപെടല്‍ വേണ്ടത്ര ഉണ്ടായില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ളെന്ന സ്വയം വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. ഉത്തരവാദിത്തം മറന്നാണ് ചില അംഗങ്ങള്‍ പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഒരു ജില്ലാ കമ്മിറ്റി അംഗം വിദേശത്തായിരുന്നു. മറ്റൊരു അംഗം പൂര്‍ണമായും വിട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പോളിറ്റ് ബ്യൂറോ അംഗം കോടിയേയരി ബാലകൃഷ്ണനാണ് മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത്.
മതന്യൂനപക്ഷങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയണമെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടിക്കൊപ്പം ഇവരെ അണിനിരത്താന്‍ ഒറ്റമൂലിയൊന്നുമില്ല. വര്‍ഗ, ബഹുജന സംഘടനകളെ ഇതിനായി ശക്തിപ്പെടുത്തണം. മതന്യൂനപക്ഷ വിഭാഗങ്ങളിലെ പുരോഗമന ആശയങ്ങളെ പ്രോത്സാഹിപ്പിക്കണം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അവരെ പാര്‍ട്ടിക്കൊപ്പം അണിനിരത്താന്‍ ശ്രമം വേണം.
മതപരമായ അവശതയോ വിവേചനമോ ഇന്ന് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കില്ല. എന്നാല്‍, ശക്തമായ ന്യൂനപക്ഷ ബോധം അവരില്‍ നിലനില്‍ക്കുന്നു. സാമ്പത്തികമായി വളര്‍ന്ന ധനികവിഭാഗത്തിന്‍െറ കൈകളിലാണ് സാമുദായിക നേതൃത്വം. ജാതി സംഘടനകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഇത് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തി പാര്‍ട്ടിക്കൊപ്പം അണിനിരത്താന്‍ കഴിയണമെന്ന് കോടിയേരി പറഞ്ഞു. അധികാര രാഷ്ട്രീയത്തിനു വേണ്ടിയാണ് ന്യൂനപക്ഷത്തെ മുസ്ലിംലീഗ് ഉപയോഗിക്കുന്നത്. മതപൊലീസായി ചമയുന്ന എന്‍.ഡി.എഫ് പോലുള്ള സംഘടനകളെ ചെറുത്തുതോല്‍പിക്കാനും അവരെ മതന്യൂനപക്ഷങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനും കഴിയണം. തീവ്രവാദ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ലീഗ് നിലപാട് ആപത്കരമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേക്കാള്‍ യു.ഡി.എഫിന് അധികം ലഭിച്ചത് കേവലം ഒരു ലക്ഷം വോട്ടുകളാണ്. എന്നാല്‍, മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് മൂന്നര ലക്ഷം വോട്ടുകള്‍ അധികം നേടിയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍െറ പേരില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയും ഗ്രൂപ്പിസവും അനുവദിക്കില്ല. അപ്രകാരം നടക്കണമെന്നാഗ്രഹിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്ത് ശ്രമം നടത്തുന്നുണ്ട്. വിഭാഗീയതയുള്ള പാര്‍ട്ടിക്ക് യുവജനങ്ങളെ ആകര്‍ഷിക്കാനും വിപ്ളവം നടത്താനും കഴിയില്ല. പാര്‍ട്ടി സമ്മേളനം സെക്രട്ടറി തെരഞ്ഞെടുപ്പും കമ്മിറ്റി തെരഞ്ഞെടുപ്പുമായാണ് മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതെന്നും അത് ഒരു ഭാഗം മാത്രമാണെന്നും കോടിയേരി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com