കോട്ടയം: സമദൂരത്തില്‍നിന്ന് ‘ശരിദൂര’ത്തിലേക്ക് വഴിമാറി എന്‍.എസ്.എസ് പ്രകടമായി യു.ഡി.എഫ് പക്ഷത്തേക്ക്. സംഘടനയുടെ ആവശ്യങ്ങള്‍ പരിഹരിക്കുകയും അനുകൂല നിലപാട് എടുക്കുകയും ചെയ്ത യു.ഡി.എഫ് നയത്തിന് പിന്തുണ നല്‍കിയാണ് പുതിയ ചുവടുമാറ്റം. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ജനുവരി രണ്ടിന് നടക്കുന്ന ജയന്തിസമ്മേളനത്തില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തന്നെ ക്ഷണിച്ചാണ് ചായ്വ് പ്രകടമാക്കുന്നത്.
കേരള കോണ്‍ഗ്രസ് നേതാവും ധനമന്ത്രിയുമായ കെ.എം.മാണി, കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവരുടെയും പ്രാധാന്യം നിലനിര്‍ത്തി മുഖ്യപ്രഭാഷകരായി ഉള്‍പ്പെടുത്തി. അതേസമയം, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് സി.പി.എം പ്രതിനിധിയായി മിക്ക ജയന്തി സമ്മേളനങ്ങളിലും ഇടം നേടിയ കോട്ടയം ജില്ലക്കാരനായ കെ. സുരേഷ് കുറുപ്പിനെ ഒഴിവാക്കി. പതിവുപോലെ ബി.ജെ.പി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
മുന്നാക്ക വികസന കോര്‍പറേഷന്‍െറ രൂപവത്കരണമാണ് എന്‍.എസ്.എസ് ചുവടുമാറ്റത്തിന് ആക്കം കൂട്ടിയത്. കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍.എസ്.എസിന് സമ്മതനായ വ്യക്തിയെ അവരോധിക്കാനുള്ള നീക്കം ഇപ്പോള്‍ നടക്കുന്നുണ്ട്. എന്‍.എസ്.എസ് ഡയക്ടര്‍ ബോര്‍ഡ് അംഗവും കേരളകോണ്‍ഗ്രസ്-ബി നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ പേര് പ്രഥമ പരിഗണനയിലുള്ളതായി അറിയുന്നു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളും എന്‍.എസ്.എസ് കോളജ് അധ്യാപികയുമായ ഡോ. എസ്. സുജാത, ഫാമിങ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഹരികുമാര്‍ കോയിക്കല്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്.മുന്നാക്ക വികസന കോര്‍പറേഷന്‍ രൂപവത്കരിക്കാന്‍ ബജറ്റില്‍ കെ.എം.മാണി അഞ്ച് കോടി വകയിരുത്തിയിരുന്നു.അടുത്തിടെ നടന്ന മന്നം ആയുര്‍വേദ സഹകരണ മെഡിക്കല്‍ കോളജ് സമര്‍പ്പണചടങ്ങ് യു.ഡി.എഫ് നേതാക്കളുടെയും മന്ത്രിമാരുടെയും സംഗമവേദിയായിരുന്നു. കേന്ദ്രമന്ത്രി എ.കെ. ആന്‍റണിയെ പങ്കെടുപ്പിച്ചാണ് മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രിയുടെ സമര്‍പ്പണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍വഹിച്ചത്. മന്ത്രി കെ.എം.മാണി, മുന്‍ കേന്ദ്രമന്ത്രി പി.ജെ.കുര്യന്‍, ആന്‍േറാ ആന്‍റണി എം.പി എന്നിവരും പങ്കെടുത്തു. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന അധ്യാപക പാക്കേജില്‍ മാനേജ്മെന്‍റുകളുടെ അധികാരസ്വാതന്ത്ര്യത്തില്‍ കൈകടത്തില്ളെന്ന സര്‍ക്കാര്‍ വാഗ്ദാനം സമുദായത്തിന് ഏറെ ഗുണകരമായെന്നാണ് എന്‍.എസ്.എസ് വിലയിരുത്തല്‍. മുന്‍ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ നിരവധിതവണ അവതരിപ്പിച്ച് പരാജയപ്പെട്ടതാണ് മന്നം ജയന്തിദിനം പൊതു അവധിയാക്കണമെന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചത് സമുദായത്തിന് ലഭിച്ച അംഗീകാരമായാണ് നേതൃത്വം വിലയിരുത്തുന്നത്. അടുത്തിടെ നടന്ന എന്‍.എസ്.എസ് താലൂക്ക്-കരയോഗ സമ്മേളനങ്ങളിലെല്ലാം സര്‍ക്കാറിനെ പ്രകീര്‍ത്തിച്ചും നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയുമാണ് യു.ഡി.എഫിനോട് കൂറുപുലര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍