Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightതാരകേ, മിഴിയിതളില്‍...

താരകേ, മിഴിയിതളില്‍ കണ്ണീരുമായി...

text_fields
bookmark_border
താരകേ, മിഴിയിതളില്‍ കണ്ണീരുമായി...
cancel
camera_alt?????????? ??????? ????????? ?????????? ??????? ????? ?????????? ????????? ????????? ?????????????...

കൊല്ലം യൂണിവേഴ്‌സല്‍ തിയറ്റേഴ്‌സി​​​െൻറ ‘നീതിപീഠം’ നാടകത്തിന് കണ്ണൂര്‍ രാജ​​​െൻറ അസിസ്റ്റൻറ്​ ഞാനും ഗായകൻ നിലമ്പൂര്‍ കാര്‍ത്തികേയനുമായിരുന്നു. ഗാനപ്രവീണ ബിരുദമുള്ള കാര്‍ത്തികേയന്‍ വൈകാതെ നാടകരംഗം വിട്ട് പിന്നണിഗാനരംഗം ലക്ഷ്യമാക്കി മദിരാശിയിലേക്കു തീവണ്ടി കയറി. 1974 കാലഘട്ടം. നാടകരംഗത്തു മാത്രമുണ്ടായിരുന്ന ഞാനും അധികം വൈകാതെ മദിരാശിയിലെത്തി. കോടമ്പാക്കത്ത് പവര്‍ഹൗസ് ജങ്ഷനിലുള്ള ടുലെറ്റ് ലോഡ്ജിലായിരുന്നു കാര്‍ത്തികേയന്‍ താമസിച്ചിരുന്നത്. ലോഡ്ജിന് പ്രത്യേകിച്ച് പേരൊന്നുമില്ല. എപ്പോഴും ‘ടു ലെറ്റ്’ എന്നൊരു ബോര്‍ഡ് തൂങ്ങുന്നതു കൊണ്ട് ലോഡ്ജിന് ആ പേരു വീണെന്നു മാത്രം.

ഒഴിവുനേരങ്ങളില്‍ കാര്‍ത്തികേയനെ സന്ദര്‍ശിക്കുക എ​​​െൻറ പതിവായി. ഒരേ ജില്ലക്കാരായിരുന്നെങ്കിലും രവിയേട്ടനെ (കുളത്തൂപ്പുഴ രവി) പരിചയപ്പെടുന്നത് അവിടെവച്ചാണ്. കൊല്ലത്ത് കെ.എസ്. ജോര്‍ജി​​​െൻറ ഗാനമേളയ്ക്ക് ഇടിവെട്ടു ശബ്​ദത്തില്‍ രവിയേട്ടന്‍ പാടുന്നത് കേട്ടിട്ടുണ്ട്. ഒരാളെ പരിചയപ്പെടാനും സൗഹൃദം ഉറപ്പിക്കാനും രവിയേട്ടന് അധികം സമയമൊന്നും വേണ്ട. കാര്‍ത്തികേയന്‍ നല്ല ഗായകന്‍ മാത്രമല്ല, നല്ല പാചകക്കാരന്‍ കൂടിയായിരുന്നതു കൊണ്ട് രവിയേട്ടനെയും എന്നെയുംപോലെ നിത്യസന്ദര്‍ശകരായി പലരുമുണ്ടായിരുന്നു. പിന്നണിഗായകനാകാനുള്ള പരിശ്രമം ഏറെക്കുറെ അസ്തമിച്ചപ്പോള്‍ കോറസ് പാടുക മാത്രമായിരുന്നു അക്കാലത്ത് രവിയേട്ട​​​െൻറ ഏക വഴി. കാര്‍ത്തികേയനാകട്ടെ ദേവരാജന്‍ മാസ്റ്ററുടെ പിന്തുണയുണ്ടായതു കൊണ്ട് കൂടെക്കൂടെ ചില ചിത്രങ്ങള്‍ പാടിക്കൊണ്ടുമിരുന്നു. കോടമ്പാക്കത്തെ ആര്‍ക്കാട്ട് റോഡിലും കാര്‍ത്തികേയ​​​െൻറ  മുറിയിലുമായി രവിയേട്ടനെ ദിവസം ഒരു തവണയെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. അങ്ങനെ ഞങ്ങളുടെ സൗഹൃദം വളര്‍ന്നുകൊണ്ടിരുന്നു.

ചൂള എന്ന ചിത്രത്തി​​െൻറ റെക്കോർഡിങ്ങിനിടയിൽ ഗായികമാരായ ലതിക, ജെൻസി എന്നിവർക്ക്​ നിർദേശം നൽകുന്ന രവീന്ദ്രൻ മാസ്​റ്റർ
 

സെയ്ദാപ്പെട്ട് റോഡിലെ ഡോക്ടര്‍ ഭാസ്‌കരന്റെ ഡ​​െൻറൽ ക്ലിനിക്കില്‍ കണ്ണൂര്‍ രാജനൊപ്പം ഒരിക്കല്‍ ഞാനും പോയി. സ്വന്തമായി ഒരു ചിത്രം നിര്‍മിച്ച് അതില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് ഡോക്ടര്‍ ഭാസ്‌കരന്‍. അവരുടെ സ്വകാര്യ ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഞാന്‍ പുറത്തിറങ്ങി നിന്നു. അതാ വരുന്നു രവിയേട്ടന്‍! കോടമ്പാക്കത്തെ ഏതു തെരുവിലും കാല്‍നടയായി യാത്ര ചെയ്യുന്ന രവിയേട്ടനെ അറിയാത്ത മലയാളികളില്ല. ‘ബാബു എന്താ ഇവിടെ...?’ ഞാന്‍ വിവരം പറഞ്ഞു. ചായ കുടിച്ചിട്ട് ഒരൊഴിഞ്ഞ സ്ഥലത്തു ഞങ്ങള്‍ മാറിനിന്നു. ‘ഞാന്‍ ഒരു പാട്ടു പാടാം. അതാരുടെ സംഗീതമാണെന്നു നീ പറയണം...’ മലയാളത്തില്‍ അതുവരെ ഇറങ്ങിയ മിക്ക പാട്ടി​​​െൻറയും ചരിത്രം എനിക്കു മനഃപാഠമാണെന്ന് രവിയേട്ടനറിയാം. പക്ഷേ, അദ്ദേഹം പാടിയ പാട്ട് ഞാന്‍ മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. മറ്റൊരു പാട്ടു പാടി. അതും എനിക്കു മുന്‍പരിചയമില്ലാത്തതാണ്. തുടര്‍ന്ന് പാടിയതൊന്നും ഏതാണെന്നു വ്യക്തമായില്ലെങ്കിലും എല്ലാം ലക്ഷണമൊത്ത, വൈവിധ്യമുള്ള നല്ല പാട്ടുകളായിരുന്നു.
‘നീ ആലോചിച്ച്​ തല പുണ്ണാക്കണ്ട ബാബൂ... ഇതൊക്കെ എ​​​െൻറ തന്നെ സൃഷ്​ടികളാണ്​...’
ഞാൻ അന്തം വിട്ടുപോയി. അത്ര തികവുണ്ട്​ ആ ട്യൂണുകൾക്ക്​. രവിയേട്ടനോടുള്ള എ​​​െൻറ സ്‌നേഹവും ബഹുമാനവും ഇരട്ടിയായി.
‘ നീ നോക്കിക്കോ, എന്നെങ്കിലും ഒരു പടത്തി​​​െൻറ സംഗീതം എനിക്കു കിട്ടാതിരിക്കില്ല. കിട്ടിയാൽ ഞാന്‍ അതിൽ പിടിച്ചുകയറും..’ ആ മുഖത്ത് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു.

യേശുദാസിനും രവീന്ദ്രനും നിർദേശങ്ങൾ നൽകുന്ന രവീന്ദ്രൻ മാസ്​റ്റർ
 

പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു രവിയേട്ട​​​െൻറ വിവാഹവും വിവാഹാനന്തര ജീവിതവും. ഇരട്ടക്കുട്ടികളുടെ അച്ഛനായി പിന്നീട് കോടമ്പാക്കത്ത് പുലിയൂര്‍ റോഡിലെ ഗോപാലന്‍ എം.എൽ.എയുടെ ഇരുനിലക്കെട്ടിടത്തി​​​െൻറ താഴത്തെ നിലയില്‍ അദ്ദേഹവും കുടുംബവും താമസമായി. മുകളിലത്തെ നിലയില്‍ നിര്‍മാതാവ് മുരളീ മൂവീസ് രാമചന്ദ്രനും ഐ.വി. ശശിയും താമസിക്കുന്നു. ശശിയുടെ ആദ്യചിത്രമായ ‘ഉത്സവ’ത്തി​​​െൻറ ജോലികള്‍ പുരോഗമിക്കുന്ന കാലം. കണ്ണൂര്‍ രാജനൊപ്പം ഞാനും ശശിയുടെ സന്ദര്‍ശകനായിരുന്നു. ശശിയുടെ ഓഫീസില്‍ എപ്പോഴും തിരക്കായിരിക്കും. ജനാര്‍ദ്ദനന്‍, കുതിരവട്ടം പപ്പു, ബിച്ചു തിരുമല തുടങ്ങിയവര്‍ സ്ഥിരം സന്ദര്‍ശകരായുണ്ട്​. ആര്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ സൊറ പറഞ്ഞിരിക്കും. അക്കൂട്ടത്തിൽ പലപ്പോഴും രവിയേട്ടനും ഉണ്ടാകും. തമാശ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കാന്‍ അദ്ദേഹം സമര്‍ത്ഥനാണ്. പറയുന്ന തമാശകളിലെല്ലാം ദരിദ്രപൂര്‍ണമായ സ്വന്തം ജീവിതത്തി​​​െൻറ കയ്പും വേദനയും പ്രത്യാശയുമൊക്കെ അലിഞ്ഞുചേര്‍ന്നിട്ടുണ്ടാകും. വിശപ്പിനു വക കണ്ടെത്താന്‍ നിവൃത്തിയില്ലാതെ അദ്ദേഹം ഒറ്റയ്ക്ക് ചീട്ടുകളിക്കാറുണ്ടായിരുന്നത്രെ. സംഗീത സംവിധാനം ചെയ്യാന്‍ എന്നെങ്കിലും അവസരം ലഭിച്ചാല്‍ ഗാനങ്ങളെല്ലാം കോറസ് ആയിരിക്കുമെന്നും ദേവരാജന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, ദക്ഷിണാ മൂര്‍ത്തിസ്വാമി, അര്‍ജുനന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരിക്കും കോറസ് ഗായകരെന്നും രസകരമായി വിവരിക്കുമ്പോള്‍ എല്ലാവരും ആര്‍ത്തു ചിരിക്കും.

രവി എന്നാൽ സൂര്യൻ... സൂര്യൻ വല്ല കുളത്തിലോ പുഴയിലോ അല്ല കിടക്കേണ്ടത്​.. യേശുദാസ്​ പറഞ്ഞ വാക്കുകൾ പിന്നീട്​ ശരിയായ.. രവീന്ദ്രൻ സംഗീതത്തി​​െൻറ ആകാശത്തിലെ സൂര്യനായി
 

രവികുമാര്‍ നായകനായി മലയാളത്തില്‍ രംഗപ്രവേശം ചെയ്തതോടെ കോറസ് മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന രവിയേട്ട​​​െൻറ ദാരിദ്ര്യദുഃഖം അകലാന്‍ തുടങ്ങി. രവികുമാറി​​​െൻറ ചിത്രങ്ങളില്‍ അദ്ദേഹത്തിനു ശബ്ദം പകര്‍ന്നിരുന്നത് രവിയേട്ടനായിരുന്നു. അതോടെ മെച്ചപ്പെട്ട വീടും സൗകര്യങ്ങളുമൊക്കെ അദ്ദേഹം ഒരുക്കി. കൂടെക്കൂടെ വീട് മാറുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായി. താമസിക്കുന്ന വീട് വീട്ടുടമയുടെ അനുവാദത്തോടെസ്വന്തം ചെലവില്‍ പുതുക്കിപ്പണിയും. വീട് പൂര്‍വാധികം മനോഹരമാകുമ്പോള്‍ വീട്ടുടമ വാടക വര്‍ധിപ്പിക്കും. അതോടെ അയാളുമായി കലഹിച്ച് മറ്റൊരു വീട്ടിലേക്കു താമസം മാറ്റും. അവിടെയും അനുഭവം മറിച്ചാകില്ല. ഇങ്ങനെ പല വീടുകള്‍ മാറിമാറി ചൂളൈമേട്ടിലെ വണ്ണിയര്‍ സ്ട്രീറ്റില്‍ ഞാന്‍ താമസിക്കുന്ന വീടിനു സമീപമെത്തി.

രവീന്ദ്രനും ഭാര്യ ​ശോഭയും
 

ഒരിക്കല്‍ കണ്ണൂര്‍ രാജനും ഞാനും വണ്ണിയര്‍ സ്ട്രീറ്റില്‍ നിന്ന് ആര്‍ക്കാട്ട് റോഡിലേക്കു നടക്കുമ്പോള്‍ യേശുദാസി​​​െൻറ കാര്‍ എതിരെ വരുന്നതു കണ്ടു. ഞങ്ങളുടെ അരികിലെത്തിയപ്പോള്‍ കാര്‍ നിന്നു. ‘നിനക്ക് നമ്മുടെ രവിയുടെ വീടറിയാമോ..?’ ചോദ്യം എന്നോടായിരുന്നു. അറിയാമെന്നു ഞാന്‍. ഞങ്ങള്‍ രണ്ടുപേരും വണ്ടിയില്‍ കയറി. വണ്ണിയര്‍ സ്ട്രീറ്റില്‍ കാര്‍ നിറുത്തി. ‘നീ പോയി രവിയെ ഞാന്‍ വിളിക്കുന്നെന്നു പറ...’ ദാ​േസട്ടൻ കാറിൽ തന്നെയിരുന്നു.  ഞാന്‍ പെട്ടെന്നു രവിയേട്ടനെ വിളിച്ചിറക്കി കൊണ്ടുവന്നു. രവിയേട്ടന്‍ കാറിനുള്ളില്‍ കയറി. കണ്ണൂര്‍ രാജനും ഞാനും പുറത്തു നിന്നു. പത്തുപതിനഞ്ചു മിനിട്ടോളം ദാസേട്ടനുമായി സംസാരിച്ച ശേഷം രവിയേട്ടന്‍ പുറത്തു വന്നു. ഞങ്ങള്‍ വീണ്ടും കാറില്‍ കയറി. മടക്കയാത്രയില്‍ ദാസേട്ടന്‍ പറഞ്ഞു- ‘രവി വളരെക്കാലമായി പാടാന്‍ ശ്രമിക്കുകയാണ്. അതു ശരിയായില്ല. മ്യൂസിക് ഡയറക്ടറാക്കിയാല്‍ അവന്‍ രക്ഷപ്പെട്ടേക്കും. ശശികുമാര്‍ സാറിനോടു പറഞ്ഞ് ഒരു പടം അവനു വേണ്ടി ഞാന്‍ ശരിയാക്കിയിട്ടുണ്ട്. അവ​​​െൻറ പേരും ഞാന്‍ മാറ്റി. ‘രവി’ എന്നാല്‍ ‘സൂര്യന്‍’. സൂര്യന്‍ കുളത്തിലും പുഴയിലുമൊക്കെ കിടന്നാല്‍ എങ്ങനെ തിളങ്ങാനാണ്? ഇനി മുതല്‍ ‘രവീന്ദ്രന്‍’ എന്നു മതിയെന്നു ഞാൻ പറഞ്ഞു. അച്ഛനമ്മമാര്‍ ഇട്ട പേരുതന്നെയാകട്ടെ...’ ദസേട്ടൻ പറഞ്ഞു നിർത്തി.

യേശുദാസി​​െൻറയും രവീന്ദ്രൻ മാസ്​റ്ററുടെയും കുടുംബങ്ങൾ
 

അങ്ങനെ 1979 ല്‍ പുറത്തിറങ്ങിയ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ എന്ന സംഗീത സംവിധായകനെ മലയാളികൾക്കു കിട്ടി. തരംഗിണിയില്‍ നടന്ന പൂജയോടനുബന്ധിച്ച് ആദ്യഗാനം ലതികയും ജെന്‍സിയും ചേര്‍ന്നു പാടി റെക്കോഡ് ചെയ്തു- ‘ഉപ്പിനു പോകണ വഴിയേത്...’ തുടര്‍ന്ന് മറ്റു മൂന്നു ഗാനങ്ങളും ആലേഖനം ചെയ്യപ്പെട്ടു. സെയ്ദാപ്പെട്ട് റോഡില്‍ ഡോക്ടര്‍ ഭാസ്‌കര​​​െൻറ ക്ലിനിക്കിനു സമീപം വച്ച് എന്നെ പാടി കേൾപ്പിച്ച ഈണങ്ങളില്‍ ചിലതും അക്കൂട്ടത്തിലുണ്ടായിരുന്നു - ‘താരകേ.. മിഴിയിതളിൽ കണ്ണീരുമായി...’ , ‘സിന്ദൂരസന്ധ്യക്കു മൗനം...’ തുടര്‍ന്നുള്ള രവീന്ദ്ര​​​െൻറ കുതിപ്പ് മലയാള ചലച്ചിത്ര സംഗീതത്തി​​​െൻറ ചരിത്രം കൂടിയാണ്.

രവീന്ദ്രൻ മലയാളികൾക്ക്​ നൽകിയത്​ ഒരിക്കലും മരിക്കാത്ത ഇൗണങ്ങളായിരുന്നു...
 

ടി.എസ്. മോഹന്‍ സംവിധാനം ചെയ്ത ‘വിധിച്ചതും കൊതിച്ചതും’  എന്ന ചിത്രത്തി​​​െൻറ റെക്കോഡിംഗിന് തരംഗിണിയിൽ യേശുദാസിനെ രവിയേട്ടന്‍ പാട്ട് പഠിപ്പിക്കുന്നു - ‘ഓളം മാറ്റി മുമ്പേ പോയ് മുളം തോണി ദൂരെ മുങ്ങാത്തോണി...’ എല്ലാം കണ്ടും കേട്ടുമിരിക്കുന്ന എന്നെ നോക്കി കോറസില്‍ ചേര്‍ന്നു പാടാന്‍ രവിയേട്ടന്‍ നിർദേശിച്ചു. സി.ഒ. ആന്റോയുടെ നേതൃത്വത്തില്‍ ഒരു സംഘം തയാറായി നില്‍പുണ്ട്. അങ്ങനെ ഞാനും സംഘഗായകനായി. രവിയേട്ട​​​െൻറ  തുടര്‍ന്നുള്ള എല്ലാ സംഘഗാനങ്ങളിലും സി.ഒ. ആ​േൻറാ, നടേശ് ശങ്കര്‍, റാഫി എന്നിവര്‍ക്കൊപ്പം ഞാനും പതിവു ഗായകനായി. ഇന്ത്യയില്‍ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ഒരു കണ്ണന്‍ ഹാർമോണിയം എ​​​െൻറ പക്കലുണ്ടെന്ന് ആയിടയ്ക്കാണ് രവിയേട്ടന്‍ മനസ്സിലാക്കിയത്. പിന്നീട് എല്ലാ കമ്പോസിംഗിനും അദ്ദേഹം അത് ഉപയോഗിക്കാന്‍ തുടങ്ങി. അദ്ദേഹത്തി​​​െൻറ മിക്ക ഫോട്ടോയിലും ആ ഹാർമോണിയം കാണാം. റോയപ്പേട്ടയിലെ മീഡിയ ആര്‍ട്ടിസ്റ്റ് എന്ന സ്റ്റുഡിയോയില്‍ അടുത്ത ദിവസത്തെ റെക്കോഡിങിനായി സൂക്ഷിച്ചിരുന്ന ഹാർമോണിയവും പാര്‍ത്ഥസാരഥിയുടെ വീണയും മറ്റു പല വാദ്യോപകരണങ്ങളും രാത്രിയുണ്ടായ ഷോട്ട് സര്‍ക്യൂട്ടില്‍ കത്തിച്ചാമ്പലായി!

കെ.എസ്​. ചിത്രയെ പാട്ടു പഠിപ്പിക്കുന്ന രവീന്ദ്രൻ
 

രാംസുബ്ബു എന്ന ഒന്നാംനിര വയലിനിസ്റ്റ് ആയിരുന്നു രവിയേട്ട​​​െൻറ ‘ചൂള’ മുതല്‍ തുടര്‍ന്നുള്ള ചില ചിത്രങ്ങളുടെ സഹസംവിധായകന്‍. പിന്നീട് അദ്ദേഹം സമ്പത്ത്, സെല്‍വ, എസ്​.പി. വെങ്കിടേഷ്, ജയശേഖര്‍, നരസിംഹന്‍, രാജാമണി, മോഹന്‍ സിത്താര, ആൻറണി, ഫിലിപ്പ് എന്നിങ്ങനെ നിരവധി സംഗീതകാരന്മാരെ അസിസ്റ്റൻറായി മാറിമാറി ഉപയോഗിച്ചു. ‘എന്തിനാ രവിയേട്ടാ ഇങ്ങനെ..?’ ഞാന്‍ ഒരിക്കല്‍ ചോദിച്ചു. ‘അസിസ്റ്റന്റ് മാറുന്നതിനനുസരിച്ച് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനു വെറൈറ്റി ഉണ്ടാകും. ഒരാളെ സ്ഥിരമായി വച്ചാല്‍ പശ്ചാത്തല സംഗീതം ഒരേശൈലിയിലായിപ്പോകും. പാട്ടി​​​െൻറ മൂഡിന് അനുസരിച്ച് ഓര്‍ക്കസ്‌ട്രേഷനു വേണ്ട ചില നിർദേശങ്ങള്‍ നമ്മള്‍ നല്‍കിയാല്‍ മതി. ബാക്കി അവര്‍ നോക്കിക്കൊള്ളും. ഒരു നല്ല പാട്ടുകേട്ടാല്‍ ആസ്വാദകര്‍ അതി​​​െൻറ വരികളാണ് ഏറ്റുപാടുകയും ഓര്‍ക്കുകയും ചെയ്യുക. പശ്ചാത്തല സംഗീതം നന്നായെന്ന് ശ്രദ്ധിക്കുന്നവര്‍ വളരെ ചുരുക്കമാണ്...’ രവിയേട്ടന്റെ കൃത്യവും വ്യക്തവുമായ മറുപടി അതായിരുന്നു. അതു ശരിവെക്കുന്നതാണ്​ അദ്ദേഹത്തി​​​െൻറ ഓരോ പാട്ടുകളുമെന്നത്​ നമ്മള്‍ പിന്നീട് കേട്ടറിഞ്ഞതാണ്​. ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്​ തുടങ്ങിയ സംഗീതജ്​ഞർ ചവിട്ടിക്കുഴച്ച്​ പാകപ്പെടുത്തിയ യേശുദാസ്​ എന്ന ഗായക​​​െൻറ സിദ്ധിയും സാധനയും പിൽക്കാലത്ത്​ മലയാളത്തിൽ പ്രയോജനപ്പെടുത്തിയതിൽ മുമ്പൻ രവീന്ദ്രൻ എന്ന കുളത്തൂപ്പുഴക്കാരൻ തന്നെയായിരുന്നു.

​െക.ജെ. ജോയ്​, എം.എസ്​. വിശ്വനാഥൻ, രവീന്ദ്രൻ, ദേവരാജൻ മാസ്​റ്റർ, പുകഴേന്തി എന്നിവർ റെക്കോർഡിങ്​ സ്​റ്റുഡിയോയിൽ
 

മലയാള ഗാനങ്ങളുടെ റെക്കോഡിംഗ് മിക്കവാറും കേരളത്തിലേക്ക് പറിച്ചു നട്ടതോടെ രവിയേട്ടനും ഭാര്യയും എറണാകുളത്തേക്കു താമസം മാറി. ആയിടക്കാണ്​ കണ്ഠനാളത്തില്‍ അര്‍ബുദത്തി​​​െൻറ ലക്ഷണങ്ങൾ കണ്ടത്​. ഉടന്‍ അമൃതാ ഹോസ്പിറ്റലില്‍ അദ്ദേഹത്തെ ചികിത്സക്കു വിധേയനാക്കി. അടുത്ത സുഹൃത്തുക്കളായ സംവിധായകന്‍ രഞ്ജിത്തും ഗാനരചയിതാവ് രമേശന്‍ നായരും ചികിത്സാകാര്യങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരുന്നു. രോഗം പ്രാരംഭദശയിലാണെന്നും ചിട്ടയോടെയുള്ള ചികിത്സ പൂര്‍ണഫലം നല്‍കുമെന്നും ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു. രവിയേട്ട​​​െൻറ ഭാര്യ ശോഭ കൃത്യസമയത്ത് അതീവശ്രദ്ധയോടെ മരുന്നും ഭക്ഷണവും നല്‍കിശുശ്രൂഷിച്ചു. ശേഷിച്ച സമയം മുഴുവന്‍ അവര്‍ പ്രാര്‍ത്ഥനാ മുറിയില്‍ കഴിച്ചുകൂട്ടി. ഇതിനിടയിലാണ് ധൂമകേതുവിനെപ്പോലെയൊരാൾ രഹസ്യമായി രവിയേട്ട​​​െൻറ ചികിത്സാ കാര്യങ്ങളില്‍ ഇടപെട്ടത്. സമഗ്രമായ ഒരു മന്ത്രവാദം കൊണ്ട് രോഗം പൂര്‍ണമായും ഭേദപ്പെടുത്താമെന്നും ചികിത്സയും മരുന്നുമൊന്നും ആവശ്യമില്ലെന്നും അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. പക്ഷേ, ഇതൊക്കെ പരമരഹസ്യമായിരിക്കണമെന്ന് ഉപദേശിക്കാനും ആ ധൂമകേതു മറന്നില്ല.

രാഷ്​ട്രപതി ആർ. വെങ്കിട്ടരാമനിൽനിന്നും ദേശീയ പുരസ്​കാരം സ്വീകരിക്കുന്ന രവീന്ദ്രൻ മാസ്​റ്റർ
 

ശോഭ കൃത്യസമയത്തു നല്‍കിയിരുന്ന മരുന്നുകള്‍ അവര്‍ കാണാതെ രവിയേട്ടന്‍ വലിച്ചെറിഞ്ഞിരുന്നത് രോഗം പിന്നെയും മൂര്‍ഛിച്ച ശേഷമാണ്​ പുറത്തറിഞ്ഞത്. വിദഗ്ധ ചികിത്സക്കായി പെട്ടെന്ന് അദ്ദേഹത്തെ മദിരാശിയിലെ അപ്പോളോയിലേക്കയച്ചു. മദിരാശിയില്‍ തിരികെയെത്തിയ വിവരം അദ്ദേഹം എന്നെ ഫോണ്‍ ചെയ്തറിയിച്ചു. വിരുഗംബാക്കത്ത് ഒരു വീട് തരപ്പെട്ടെന്നും സൗകര്യംപോലെ വരണമെന്നും പറയുമ്പോഴും രോഗവിവരം അദ്ദേഹം വെളിപ്പെടുത്തിയില്ല. പുതിയ താമസസ്ഥലത്ത് ഒരാഴ്ച തികയ്ക്കുന്നതിനുള്ളില്‍ അന്ത്യം സംഭവിക്കുകയായിരുന്നു. മരവിച്ച മനസ്സുമായി ഞാന്‍പുതിയ വീട്ടിലെത്തി രവിയേട്ടന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സ്വന്തം സഹോദര​​​െൻറ നഷ്ടമാണ് ആ ആഘാതം എന്നിലേല്‍പിച്ചത്. കേരള സമൂഹത്തിനാകട്ടെ അവര്‍ നെഞ്ചേറ്റിയ അനശ്വരഗാനങ്ങള്‍ സംഭാവന ചെയ്ത സംഗീത സംവിധായക​​​െൻറ തീരാനഷ്ടവും. ഇനിയുമിനിയും എത്രയോ അനശ്വരമായ ഗാനങ്ങൾ നമുക്ക്​ തരുവാൻ കഴിയുമായിരുന്ന ആ പ്രതിഭയു​െട നഷ്​ടത്തെക്കുറിച്ച്​ ചിത്ര പറഞ്ഞത്​ ഒാർക്കുക: ‘രവിയേട്ടനില്ലാതെ, ‘ഹിസ്​ ​ൈഹനസ്​ അബ്​ദുള്ള’ പോലൊരു സിനിമ ഇനി നമുക്കാലോചിക്കാനേ കഴിയില്ല...’ ചിത്രയുടെ ആ വാക്കുകൾ എത്ര ശരിയായിരുന്നുവെന്നത്​, രവിയേട്ടന​ു ശേഷമുള്ള മലയാള ചലച്ചിത്ര സംഗീതം തന്നെ ബോധ്യപ്പെടുത്തുന്നുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodambakkam kadhakalmusic storyraveendran mastermalayalam film music
News Summary - Remembering music director Raveendran Master Kodambakkam kadhakal
Next Story