Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightമറവിക്കെതിരെ...

മറവിക്കെതിരെ കലാപത്തിന്​ ഒാർമിപ്പിക്കുന്ന ‘പാതിരാക്കാലം’

text_fields
bookmark_border
Priyanandan
cancel

‘‘In the dark times 
Will there also be singing? 
Yes, there will also be singing.
About the dark times...’’
Bertolt Brecht

ഇരുണ്ട കാലത്തി​ന്‍റെ ആധികളെ രേഖപ്പെടുത്തുന്ന ചിത്രമാണ് പ്രിയനന്ദ​ന്‍റെ ‘പാതിരാക്കാലം’. കെട്ട കാലത്തി​ന്‍റെ നിരാശകൾക്കിടയിലും എവിടെയൊ ഇത്തിരി പ്രതീക്ഷാ തിളക്കങ്ങൾ ഈ മനുഷ്യർ സൂക്ഷിക്കുന്നു.  മനുഷ്യനെയും മണ്ണിനേയും ചൂഷണം ചെയ്യുന്ന മത / വാണിജ്യ ശക്തികളെ, നെറികേടുകളെ പ്രതിസ്ഥാനത്ത് നിർത്തി കലാകാരൻ മൂർച്ചയുള്ള കുറ്റപത്രം തയാറാക്കിയിരിക്കുന്നു. സിനിമ കാണാനെത്തിയ പ്രേക്ഷകനെ ജീവിക്കുന്ന കാലത്തിന്‍റെ യഥാർഥ മുഖത്തെകുറിച്ച് പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നു ‘പാതിരാ കാലം’. 

മനുഷ്യത്വ വിരുദ്ധമായ രാഷ്ടീയ / സാമൂഹ്യ / ഫാസിസ്റ്റ് ശക്തികളോടുള്ള എതിർപ്പുകൾ, പ്രതിഷേധങ്ങൾ, പ്രതിരോധങ്ങൾ പ്രിയനന്ദനന്‍റെ മുൻ സിനിമകളുടേയും മുഖ്യഘടകമാണ്. നാടകാനുഭവങ്ങൾ നൽകിയ ഈ ചെറുത്തുനിൽപി​ന്‍റെ ഉറപ്പ്, ആശയ വ്യക്​തത പാതിരാക്കാലത്തിലും   തെളിമയോടെ നിൽക്കുന്നു. പൂർണമായും ആശയപരമാണ് പാതിരാക്കാലത്തി​ന്‍റെ രചന. കവി പി.എൻ ഗോപികൃഷ്ണന്‍റെ എഴുതിയ തിരക്കഥയിലും സംഭാഷണത്തിലും കാവ്യത്മകമായ നിരവധി ബിംബങ്ങളണ്ട്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും കടുത്ത സാമൂഹ്യ വിമർശനങ്ങളുമുണ്ട്. കേരളത്തിന് നഷ്ടമായ സാമൂഹ്യ / രാഷ്ട്രീയ / മനുഷ്യത്വ മൂല്യങ്ങളുടെ ‘കാലിഡോസ്കോപ്പിക്’ ആയ ചിത്രണമാണ് പാതിരാക്കാലം. ഒരു നിമിഷം പോലും ശ്രദ്ധ തെറ്റാനോ, അലസമായിരിക്കാനോ പ്രേക്ഷകന് തോന്നാത്ത വിധം ജാഗ്രത്തായ വീക്ഷണം ഈ സിനിമ ആവശ്യപ്പെടുന്നു. മനുഷ്യനെ മയക്കാനുള്ളതല്ല ഉണർത്താനുള്ളതാണ് ഈ ചിത്രം. ചിന്തയുടെ കണ്ണുകൾ തുറക്കാൻ കാണിയെ  ബോധപൂർവം പ്രേരിപ്പിക്കുന്ന സിനിമ.

ബർലിൻ യുണിവേഴ്സിറ്റിയിൽ ഗവേഷകയായ ജഹനാര എന്ന പെൺകുട്ടിയുടെ ഉപ്പയെ തേടിയുള്ള അന്വേഷണത്തിൽ നമ്മൾ പങ്കുചേരുന്നു. കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യ മൂല്യങ്ങളുടെ പ്രതിനിധാനമാണ് ഹുസൈൻ. കേവലമൊരു മനുഷ്യനല്ല. നിരവധി മനുഷ്യർ പല സ്ഥലകാലങ്ങളിലായി ഈ നാടിന് വേണ്ടി സമർപ്പിച്ച ജീവിതോർജത്തി​ന്‍റെ മിശ്രിതമാണ് ആ ആൾരൂപം. അതുകൊണ്ട് തന്നെ സംവിധായകനും എഴുത്തുകാരനും ‘ഫിസിക്കൽ’ ആയ ഒരു കഥാപാത്രമായി ഹുസൈനെ ചുരുക്കുന്നില്ല. സർവവ്യാപിയായ ശബ്​ദ സാന്നിധ്യമായി ഹുസൈനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. മകളോടുള്ള അയാളുടെ ആത്മഭാഷണങ്ങളിലൂടെ  തിരശ്ശീലയിൽ നമ്മുടെ ജീവിതത്തി​ന്‍റെ ‘റിപ്പോർട്ടിംങ്​’ നടക്കുന്നു. ‘അമ്മ അറിയാനി’ൽ  ജോൺ അബ്രഹാം ഉപയോഗിച്ച ‘റിപ്പോർട്ട് ടു മദർ’ സങ്കേതത്തി​ന്‍റെ പുതിയ ഭാഷ്യം, പുതിയ ഭാഷ.
Priyanandan
ഹുസൈൻ കഴിഞ്ഞ മൂന്നു മാസമായി അപ്രത്യക്ഷനായിരിക്കുന്നു. അങ്ങനെയൊരാളെ കസ്റ്റഡിയിലെടുത്തിട്ടില്ല എന്ന് പൊലീസ് ഉറപ്പിച്ചു പറയുന്നത് ജഹനാരക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഭരണകൂടം ഭംഗിയായി കളവു പറയുന്നതെങ്ങിനെ എന്ന് ജഹനാരയ്ക്ക് അറിയാം. അടിയന്തിരാവസ്ഥയിൽ രാജന് സംഭവിച്ചത് എന്തെന്ന് പ്രേക്ഷകനോർക്കുന്നു ഈ സന്ദർഭത്തിൽ. ഉപ്പയെപ്പറ്റി അന്വേഷിക്കാൻ സുഹൃത്തായ മഹേഷിനേയും കൂട്ടി ജഹനാര ഇറങ്ങുകയാണ്. ആ യാത്രയിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ, തിരിച്ചറിവുകൾ, തീരുമാനങ്ങൾ ഇവയാണ് പാതിരാക്കാലത്തി​ന്‍റെ ഇതിവൃത്തം. 

അഞ്ചു വർഷമായി പുറം നാടുകളിലായിരുന്ന ജഹനാര  ഇത്രയും ചെറിയ കാലം കൊണ്ട് നാടിന് / രാജ്യത്തിന് സംഭവിച്ച വലിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ അമ്പരക്കുന്നുണ്ട്. ഹുസൈ​ന്‍റെ പഴയ സഹപ്രവർത്തകർ അദ്ദേഹത്തെ തളളിപ്പറയുന്നത് കേൾക്കേണ്ടി വരുന്നുണ്ട്. അതേസമയം അവർ ഇന്ന് നടത്തുന്ന സമരസപ്പെട്ടുകൊണ്ടുള്ള സമരാചാരത്തി​ന്‍റെ ആത്മാർഥതയില്ലായ്മയും മുന്നിൽ തെളിയുന്നുണ്ട്. ജഹനാര സഞ്ചരിക്കുന്ന വഴികളിലെല്ലാം സ്റ്റേറ്റിന്‍റെ ചാരക്കണ്ണുകളുണ്ട്. സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തി​ന്‍റെയും ഫാസിസ്റ്റുകളുടേയും കടന്നുകയറ്റവും സദാചാര വിചാരണയുമുണ്ട്. യാത്രയുടെ ഓരോ ഘട്ടങ്ങളിലും ഹുസൈൻ എന്ന മനുഷ്യന്‍റെ ആഴവും, പരപ്പും ജഹനാര കണ്ടെത്തുകയാണ്. കൊട്ടിഘോഷിക്കുന്ന സമര പ്രക്ഷോഭ നാടകങ്ങളിലല്ല അയാൾ വിശ്വസിച്ചിരുന്നത്​. ആളും ആരവവും ഒഴിയുമ്പോൾ അയാൾ പട്ടിണിയും ദുരിതവും തിന്നുന്ന മനുഷ്യരെ ആരുമറിയാതെ സഹായിക്കാനെത്തുന്നു. മനുഷ്യ സ്നേഹത്തി​ന്‍റെ പരമ കാരുണ്യമായാണ് അടിസ്ഥാന മനുഷ്യർ അയാളെ ഓർത്തെടുക്കുന്നത്. ജാതി മതവിവേചനവുമില്ലാത്ത ഒരു സ്നേഹരൂപം. അതല്ലെങ്കിൽ എല്ലാ മത /പ്രകൃതി വിശ്വാസങ്ങളും മുന്നോട്ട് വെക്കുന്ന പ്രപഞ്ച നന്മയുടെ വിരാട് രൂപം. ഹുസൈൻ അതാണ്.

ജഹനാരയുടെ ആദ്യ യാത്ര വയനാട്ടിലേക്കാണ്. ഹുസൈൻ ഇടക്കിടെ സന്ദർശിക്കാറുള്ള  വെളുമ്പി എന്ന സ്ത്രീയെ കണ്ടു പിടിക്കാൻ തുടങ്ങുന്ന യാത്ര. ജോണി​ന്‍റെ പുരുഷൻ 1986ൽ യാത്ര തുടങ്ങിയത് വയനാട്ടിൽ നിന്നാണ് എന്നോർക്കുക. ഭൂസമരത്തിന് ശേഷം ആദിവാസികളനുഭവിച്ച കൊടിയ മർദനങ്ങളുടെ വേട്ടയാടലി​ന്‍റെ ചിത്രം ഈ സ്വീക്വൻസിൽ വരച്ചിടുന്നു. മാവോയിസ്​റ്റുകളുടെ പേരിൽ പോലീസ് നിരന്തരം കയറിയിറങ്ങി ശിഥിലമായ / അരക്ഷിതമായ ആദി മനുഷ്യരുടെ ജീവിതം ചോമൻ എന്ന ചെറുപ്പക്കാര​ന്‍റെ ചകിത ശരീരത്തിലൂടെ അടയാളപ്പെടുന്നു. വനഭൂമിയിൽ ജഹനാരയുടെ അന്വേഷണത്തിന് നിരവധി തടസങ്ങൾ, സംഘർഷങ്ങൾ സംഭവിക്കുന്നു. വനത്തി​ന്‍റെ നിഗൂഢത എന്നത് ഇന്ന് എത്രമാത്രം അപഹാസ്യമായ പ്രയോഗമാണ്  എന്ന് കാട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കാണിച്ചുതരുന്നുണ്ട്​. സ്റ്റേറ്റിന്‍റെ തുറിച്ചു നോട്ടങ്ങൾക്കിടയിൽ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചതിൽ നാമൂറ്റം കൊള്ളുന്നു! ആദിവാസിയായി അഭിനയിച്ച പാർഥ​ന്‍റെ പ്രകടനം ഈ രംഗങ്ങളിൽ മനസ്സിലുടക്കുന്നു.
Priyanandan
ഹുസൈനെ പുതിയ ‘പെരുമൻ’ ആയി കാണുകയാണ് ഗോത്ര മനസ്സ്. വയനാട്ടിലെ ആദിവാസികൾക്കിടയിൽ ഉദിച്ചുയർന്ന വർഗീസ് എന്ന പെരുമൻ നക്ഷത്രം. തലമുറകൾക്കിപ്പുറവും ആ മനുഷ്യസ്നേഹം ചോമ​ന്‍റെ വാക്കിൽ കിനിയുന്നു. ഭരണകൂടം ചൂഴ്ന്നെടുത്ത  കണ്ണി​ന്‍റെ ആ കനൽത്തിളക്കം, രക്തസാക്ഷിത്വം പെരുമൻപാറയിൽ എല്ലാക്കാലത്തേക്കുമായി കൊത്തി വച്ചിരിക്കുന്നുവെന്ന് ചോമ​ന്‍റെ വാക്കുകൾ പറയുന്നു. ആ കാലത്തി​ന്‍റെ തീക്ഷ്ണ ദിനങ്ങളിലേക്കുള്ള ഓർമയാവുന്നു ഈ വനയാത്ര. വെളുമ്പി ഹുസൈനായി കരുതി വെച്ച ഒരു സ്​നേഹസമ്മാനം, കാട്ടിലെ ഒരു പിടി മണ്ണ് ജഹനാര ചോമനിൽ നിന്ന് ഏറ്റുവാങ്ങുന്നു. മലയിറങ്ങുമ്പോൾ കൊടുങ്കാറ്റുകളെ അതിജീവിക്കാൻ കരുത്തുള്ള ശക്തനായ ഹുസൈൻ എന്ന മനുഷ്യ​ന്‍റെ ഉന്നത ബിംബം ജഹനാരയുടെ മനസ്സിലെന്ന പോലെ കാണിയുടെ ചിന്തകളിലും തലയുയർത്തി നിൽക്കുന്നു.  

ജഹനാരയും മഹേഷും തുടർന്നെത്തുന്നത് കടലോര ഗ്രാമത്തിലേക്കാണ്. പരസ്പര വിശ്വാസം നഷ്ടപ്പെട്ട്, മത വിദ്വേഷ ശക്തികൾ വിഭജിച്ച കടലി​ന്‍റെ മക്കൾ. മലയാള മണ്ണിനെ നടുക്കിയ മാറാട് കലാപത്തി​ന്‍റെ അനന്തര ദിനങ്ങളിലെ ഭീതിയുണർത്തുന്നുണ്ട് ഈ കടൽ തീരഗ്രാമത്തി​ന്‍റെ സീക്വൻസ്. കലാപം ആണുങ്ങളുടെ ഏകപക്ഷീയമായ മദമാത്സര്യങ്ങളുടെ പരിണത ഫലമാണെന്ന ഏകപക്ഷീയമായ വീക്ഷണം ഈ സംഭവ പരമ്പരകളിൽ സംവിധായകൻ പറഞ്ഞു വെക്കുന്നു. വിവിധ പ്രായത്തിലുള്ള, മത വിഭാഗത്തിൽപ്പെട്ട പെൺകൂട്ടം അവരുടെ ഓർമയിലുള്ള ഹുസൈനെ ഓർക്കുന്നത് കടലമ്മക്ക് തുല്യനായ അന്നദാതാവായാണ്. കലാപത്തിൽ നുറുങ്ങിയ മനുഷ്യരെ ഒന്നിപ്പിച്ച, വിശന്ന് വലഞ്ഞവരെ മത വിവേചനമില്ലാതെ ഊട്ടിയ സ്നേഹത്തിരയായ മനുഷ്യ​ന്‍റെ ഓർമകളിൽ അവർ വികാരം കൊള്ളുന്നു.

ഒരുമിച്ച് ആണും പെണ്ണും സഞ്ചരിക്കുന്നത്, അതും രണ്ടു വ്യത്യസ്ത മതത്തിൽപ്പെട്ടവർ എന്തുമാത്രം സദാചാര വിചാരണകൾക്ക് വിധേയമാകുന്നു എന്നതും ഈ സന്ദർഭങ്ങളിൽ വെളിവാകുന്നുണ്ട്. കലാപാനന്തരം ഉണങ്ങിയ മുറിവുകളെ വീണ്ടും വീണ്ടും മാന്തി വ്രണിതമാക്കുന്ന കുടിലമനസ്സുകളെ അതി​ന്‍റെ യഥാർത്ഥ മതസ്വത്വങ്ങളോടെ തുറന്നു കാട്ടാനുള്ള ധൈര്യം, ആർജവം ഈ രംഗങ്ങളിൽ എഴുത്തുകാരനും സംവിധായകനും കാണിച്ചിട്ടുണ്ട്. മതതീവ്ര വിഭാഗങ്ങളോട് മൃദ്യുസമീപനം വേണ്ടെന്ന ഉറച്ച സംവിധായക നിലപാട് കഥാപാത്രങ്ങളുടെ വാക്കിലും പ്രവർത്തിയിലുമുള്ള തുറന്ന /പരുക്കൻ / തീവ്ര ചിത്രീകരണത്തിലുണ്ട്. കടലിന്‍റെ ആർദ്രമനസ്സുള്ള, ആഴമുള്ള ഹുസൈൻ ഈ ഖണ്ഡത്തിൽ അനാവൃതമാകുന്നു.
Priyanandan

ജലസമര ബഹളങ്ങൾക്കു ശേഷം ആരും തിരിഞ്ഞു നോക്കാനില്ലാത്ത കുറവ കോളനിയിലേക്കാണ്  പിന്നീട് ജഹനാര പോകുന്നത്. വരണ്ടുണങ്ങിയ മണ്ണിൽ, യഥാർഥ മണ്ണി​ന്‍റെ അവകാശികൾ അതിജീവന സമരം തുടരുകയാണ്. അതി കഠിനമായ ചൂടിൽ തളർന്ന് വീഴുന്ന ജഹനാരയിലേക്ക് കുറവരുടെ ആദിമാതാവി​ന്‍റെ വെളിപാട്, അമ്മ പകർന്നു നൽകുന്നത്​ ചോര ചുകപ്പി​ന്‍റെ പ്രഹര വീര്യത്തോടെയാണ്. ആട്ടി തുപ്പലി​ന്‍റെ ഞെട്ടൽ തീർക്കുന്ന വേറിട്ട ഈ രാഷ്ടീയ മുദ്രാവാക്യം മലയാള സിനിമയിൽ മുമ്പ് മുഴക്കിയത് നിർമാല്യത്തിലെ വെളിച്ചപ്പാടാണ്.

ത​ന്‍റെ നിയോഗം തിരിച്ചറിയുന്ന ജഹനാരയിലാണ് ചിത്രത്തി​ന്‍റെ തുടർന്നുള്ള വളർച്ച. സിനിമ കാഴ്ചയുടെ അവസാനത്തിൽ തുടങ്ങുന്നു. ഏത് ജനകീയ സമരവും ആളും അർഥവും ഒഴിയുമ്പോൾ ഏറ്റെടുക്കുന്ന കരങ്ങളാണ് യഥാർത്ഥ പോരാളിയുടേത് എന്ന യാഥാർത്ഥ്യം സിനിമയിൽ ഒരിക്കലും കാണിക്കാത്ത ‘ഹുസൈൻ’ മൂർത്തമായി കാണിച്ചു തരുന്നു. വെള്ളം ഭൂമിയുടെ ചോരയാണെന്ന ബഷീറിയൻ വാചകത്തി​ന്‍റെ മുഴക്കം ഹുസൈ​ന്‍റെ ജീവിതത്തെ കൂടി നിർവചിക്കുന്നു. മുന്നോട്ടുള്ള സമരം, താനേറ്റെടുക്കേണ്ട സമരം ഏതെന്ന് കാണാമറയത്തിരുന്നു തന്നെ ഹുസൈൻ ജഹനാരയിലേക്ക് പ്രവഹിപ്പിക്കുന്നു. എല്ലാം ആദ്യം മുതൽ തുടങ്ങേണ്ടിയിരിക്കുന്നു അവൾക്ക്. കാട്ടുമണ്ണി​ന്‍റെ ഉർവരത കെട്ട മണ്ണിനുമേൽ വിതക്കുന്ന ജഹനാര, നാടകീയമെങ്കിലും കരുത്തുള്ള ബിംബമാകുന്നു.

സിനിമയിൽ ഒരിടത്ത് തോക്കി​ന്‍റെ പ്രത്യയശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. തികഞ്ഞ നിർവികാരതയിൽ ഗാന്ധിജി തൊട്ട് ഗൗരി ലങ്കേഷ് വരെയുള്ള മനുഷ്യരെ കൊല ചെയ്ത ആയുധം. 
ഹുസൈൻ എന്ന മനുഷ്യന് സംഭവിച്ചത് എന്താണ്?
ഈ നിരയിലേക്ക് അയാളും കണ്ണി ചേർക്കപ്പെട്ടോ...?
ഈ സന്ദിഗ്ധതയുടെ ഗാഥയാണ് പാതിരാക്കാലം.

സിനിമയുടെ പേരു മുതൽ നമ്മുടെ സാമൂഹിക കാലാവസ്ഥയുടെ നിശിത നിരീക്ഷണമാണ് പാതിരാക്കാലം മുന്നോട്ട് വെക്കുന്നത്. സിനിമാ തിയറ്റർ ഒളിപ്പുരകളോ, മയക്കുമരുന്നു ശാലകളോ ആയിമാറിക്കൊണ്ടിരുന്ന കാലത്ത് പി.എ ബക്കർ, ജോൺ അബ്രഹാം, ടി.വി. ചന്ദ്രൻ, രവീന്ദ്രൻ, ലെനിൻ രാജേന്ദ്രൻ, കെ.ആർ. മോഹനൻ തുടങ്ങിയ സംവിധായകർ 70കളുടെ അവസാനം മുന്നോട്ട് വെച്ച പൊളിറ്റിക്കൽ  സിനിമയുടെ രീതിയിൽ തന്നെയാണ് പ്രിയനന്ദനൻ ഈ ചിത്രത്തിൽ പിന്തുടരുന്നത്. അതേസമയം, ക്രാഫ്റ്റിൽ  കാലത്തിനൊത്ത് സഞ്ചരിക്കാനായോ എന്ന സന്ദേഹവുമുണ്ട്.


Priyanandan

ഉള്ളടക്കത്തിൽ ഈ കാലം നേരിടുന്ന അരാഷ്ട്രീയ /ദളിത് / സ്ത്രീ / പ്രകൃതി ചൂഷണങ്ങളെ സമഗ്രമായി കോർത്തിണക്കാനുള്ള ശ്രമം പ്രകടമായുണ്ട്. രചിത പാഠത്തി​ന്‍റെ ഈ പ്രചരണ/ പ്രതികരണ സ്വഭാവം നമ്മുടെ പരീക്ഷണ നാടകവേദിയിൽ പി.എം താജും, മധു മാസ്റ്ററും, എ. ശാന്തകുമാറും, എൻ. ശശിധരനും സതീഷ് കെ. സതീഷും ഒക്കെ ഉൾപെടുന്ന തലമുറ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. നാട് നന്നാകണമെന്ന ആത്മാർഥമായ ആഗ്രഹം അത് അപ്രായോഗികമോ, ഭ്രാന്തോ ആകട്ടെ, ആ നാടകങ്ങളുടെ സത്തയായിരുന്നു. അത്തരം ലക്ഷ്യത്തിലൂന്നിയ വിഷയ സ്വീകരണമാണ് പി.എൻ. ഗോപി കൃഷ്ണ​ന്‍റെ തിരക്കഥയുടേത്. പ്രചരണ സ്വഭാവമുണ്ടെങ്കിലും കവി കൂടിയായതു കൊണ്ട്, വാക്കിൽ / സംഭാഷണത്തിൽ ഇമേജുകളുണ്ട്. കഥാപാത്രങ്ങളുടെ പേരുകൾ പോലും വ്യാഖ്യാനങ്ങൾക്കിട നൽകുന്നു. ഷാജഹാ​ന്‍റെ കാരാഗൃഹവാസത്തിന് ദൃക്സാക്ഷിയായി 18 വർഷം  തടവിൽ കഴിഞ്ഞ ജഹനാര രാജകുമാരിയുടെ പേര് പ്രധാന കഥാപാത്രത്തിന് നൽകിയിരിക്കുന്നു. പ്രകൃതിയുടെ മകളായ ആദിവാസി സ്ത്രീക്ക് ‘വെളുമ്പി’ എന്നു പേർ. അവളുടെ മകൻ ചോമൻ. ശിവറാം കാരന്തി​ന്‍റെ ചോമ​ന്‍റെ തുടിയിലെ ചോമ​ന്‍റെ പിന്മുറ. ഫാസിസ്റ്റുകൾ വേട്ടയാടി പിറന്ന മണ്ണിൽ നിന്ന്  ആട്ടിപ്പായിച്ച എം.എഫ്. ഹുസൈ​ന്‍റെ പേരിലാണ് എങ്ങോ മറഞ്ഞു പോയ, ജഹനാര തേടിക്കൊണ്ടിരിക്കുന്ന പിതൃസ്വരൂപം. ഇങ്ങനെ  സാധാരണത്വത്തേക്കാൾ കാവ്യാത്മകമാണ് ഓരോ സന്ദർഭവും. ചരിത്ര / സാമൂഹ്യ സന്ദർഭങ്ങൾ ധ്വനിപ്പിക്കുന്നതിൽ പിശുക്കുമില്ല, പിശകുമില്ല.

ഏത് കഥാപാത്രം സംസാരിക്കുമ്പോഴും കഥാപാത്രങ്ങൾ സംസാരിക്കുന്നതിനേക്കാൾ എഴുത്തുകാരൻ സംസാരിക്കുന്ന പ്രതീതിയുണ്ട്. ചിത്രത്തിലെ ആദ്യ രംഗം മുതൽ റിയലിസത്തിൽ നിന്ന് ഒരകലം സംവിധായകൻ പ്രിയനന്ദനൻ പാലിക്കുന്നു. കേവല യാഥാർഥ്യ ചിത്രീകരണമല്ല. ഭാഷാ ദേശ സൂചനകൾ കൃത്യമായുണ്ടെങ്കിലും അതി​ന്‍റെ സൂക്ഷ്മ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. വനം/മലനാട് വയനാട് എന്ന് സൂചനയുണ്ടെങ്കിലും കൃത്യമായി മുത്തങ്ങ ഭൂസമരമെന്ന് പറയുന്നില്ല. കടൽത്തിര ‘തുറ’ എന്ന് സാമാന്യവത്​കരിക്കുന്നു. പ്ലാച്ചിമട എന്ന പേരുപയോഗിക്കാതെ  ജലസമരത്തെ കുറിക്കുന്നു. അതേ സമയം ശത്രുവിനെ കൃത്യമായി ചൂണ്ടിക്കാണിക്കുന്നു. പൊലീസ് / മത / കോർപറേറ്റുകൾക്ക്​ നേരെ തന്നെ വിരൽ ചൂണ്ടൽ.! 

രംഗങ്ങളിൽ ,സംഭാഷണത്തിൽ സ്വാഭാവികതയിൽ കവിഞ്ഞുള്ള ശൈലീകരണവും നാടകീയതയുണ്ട്. മൂന്നു എപ്പിസോഡിക്കൽ എന്നു പറയാവുന്ന ഘടനയാണ് ചിത്രത്തിന്. മൂന്നു ഭൂമികകളിൽ മൂന്നു തരം മനുഷ്യർ. പക്ഷേ, കടൽത്തീര പരമ്പരയിൽ ഒഴികെ കഥാപാത്രങ്ങളെ പരിമിതപ്പെടുത്തിയിട്ടുണ്ട്. സംവിധായക​ന്‍റെ /എഴുത്തുകാര​ന്‍റെ ആശയ വിനിമയ മാധ്യമം എന്ന നിലയിലാണ് മുഴുവൻ കഥാപാത്രങ്ങളുടേയും പ്രകടനം. ജീവിതത്തി​ന്‍റെ ജൈവികതാള/ പെരുമാറ്റങ്ങളെക്കാൾ ബോധപൂർവമായ അഭിനയ രീതി അതു കൊണ്ട് വ്യക്തവുമാണ്.
Priyanandan
സംവിധാനത്തിലും എഴുത്തിനെ അമിതമായി ആശ്രയിക്കുന്നതായി തോന്നി. ‘The screenplay is not the last stage of a literary journey. It is the first stage of a film’ എന്ന്​ ഷോൺ ക്ലോഡ് കാരിയർ സൂചിപ്പിച്ചിട്ടുണ്ട് . ഒരു സിനിമയിൽ ഉൾക്കൊള്ളിക്കാവുന്നതിലും വിഷയ വ്യാപ്തിയുണ്ട് രചിത പാഠത്തിൽ. കാലത്തോട് കലഹിക്കുമ്പോൾ കലാകാര​ന്‍റെ ചിന്തകളിലെ തിരപോലുയരുന്ന പ്രതികരണ ശേഷിയുടെ കവിയൽ ആയി കാണാമിത്. എങ്കിലും എല്ലാം ഒരുമിച്ചു പറയുമ്പോൾ ഊന്നലുകൾ നഷ്ടമാകും. പ്രത്യേകിച്ചും സ്ഥലകാലങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളും എപ്പിസോഡിക്കൽ സീക്വൻസുകളുമാവുമ്പോൾ. ഒന്നു കഴിയുമ്പോൾ ഒന്ന് എന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ കാണികൾ മുൻവിധിയിലെത്തും.

കാഴ്ചകളെ നിസ്സംഗമായി കാണുന്ന, അൽപം ഡിറ്റാച്ച്ഡ് ആയ നിൽപാണ്​ ഛായാഗ്രാഹകൻ അശ്വഘോഷൻ സ്വീകരിക്കുന്നത്. കലങ്ങിയ കാലത്ത് അവനവ​ന്‍റെ സുരക്ഷിതത്വം മാത്രം നോക്കുന്ന ഒരാളുടെ അകൽച്ച. ഇത്തരം അന്വേഷണ / യാത്രാ ചിത്രങ്ങളിൽ സാധാരണ കാണാറുള്ള ചലനാത്മകത മനപൂർവം മാറ്റി നിർത്തിയിരിക്കുന്നു. ഓരോ ഫ്രെയിമും വിന്യാസത്തിൽ സമതുലിതമാണ്. ഫ്രെയിമിൻറെ ഉള്ളിൽ കളളികൾ സൃഷ്ടിച്ച് മനുഷ്യരെ അകപ്പെടുത്തുന്ന ശൈലി അർഥപൂർണമായി ഛായാഗ്രാഹണത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. കൃത്രിമ വെളിച്ച പൊലിമകളില്ല. സ്വാഭാവിക ഉറവിടങ്ങൾ കണ്ടെത്തി രംഗത്തെ ഭാവാത്മകമാക്കുക  ഛായാഗ്രഹണ ജോലിയിൽ പ്രധാനമാണ്. വിശ്രുത ഛായാഗ്രാഹകൻ വിറ്റോറിയോ സ്റ്റെറാറോ മുന്നോട്ടു വെക്കുന്ന വെളിച്ചത്തി​ന്‍റെ തത്വശാസ്ത്രം പിന്തുടരാൻ അശ്വഘോഷിന് കഴിയട്ടെ. ഈ ചെറുപ്പക്കാരനിൽ പ്രതീക്ഷയുണ്ട്. സുനിൽ കുമാറി​ന്‍റെ സംഗീതം സന്ദർഭങ്ങൾക്ക് ഊന്നൽ നല്കുന്ന അടിവരയിടലാണ്. ധാരാളിത്തമില്ലാതെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. തത്സമയ ശബ്ദലേഖനവും തൃപ്തികരം. 

Priyanandan

നടീനടന്മാരുടെ തിരഞ്ഞെടുപ്പിലെ ചില പാളിച്ചകൾ, നാടകീയത മുറ്റി നില്ക്കുന്ന രംഗകൽപന, സംഭാഷണത്തി​ന്‍റെ ചതുരവടിവ് തുടങ്ങിയ സിനിമക്കകത്തുള്ള ഘടകങ്ങളുടെ മൂല്യനിർണയം ഇപ്പോൾ നടത്തുന്നത് ഉചിതമാവില്ല. തൃശൂരിലെ ഗിരിജ തീയറ്ററിൽ തിങ്ങിനിറഞ്ഞ കാണികൾക്കു മുന്നിൽ രണ്ടു പ്രദർശനങ്ങൾ മാത്രമെ കഴിഞ്ഞുള്ളൂ. വലിയൊരു വിഭാഗം ജനങ്ങൾ ചിത്രം കാണാൻ കാത്തിരിക്കുന്നുണ്ട്. മറവിക്കെതിരെ ഓർമ നടത്തുന്ന കലാപത്തിന് നേരമായിരിക്കുന്നു എന്ന് പാതിരാക്കാലം ഓരോ നിമിഷവും ഓർമിപ്പിക്കുന്നു. ജാഗ്രതയുള്ള മനസ് കൈമോശം വരാത്ത പ്രേക്ഷകരുടെ പിന്തുണ ഇനിയും ചിത്രത്തിന് ലഭിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmalayalam filmmalayalam newsmovies newspriyanandanPathirakalam Review
News Summary - Malayalam Film Pathirakalam Review -Movies News
Next Story